നെതന്യാഹു അഞ്ചാമതും പ്രധാനമന്ത്രി പദത്തിലേക്ക്

നെതന്യാഹു അഞ്ചാമതും പ്രധാനമന്ത്രി പദത്തിലേക്ക്

മുന്‍ സൈനിക മേധാവിയായിരുന്ന ബെന്നി ഗാന്റ്‌സിനെ നെതന്യാഹു പിന്നിലാക്കി; സഖ്യകക്ഷികളുടെ പിന്തുണ ഏകദേശം ഉറപ്പിച്ചു

ജറുസലേം: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് ബഞ്ചമിന്‍ നെതന്യാഹു തുടര്‍ച്ചയായ അഞ്ചാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്. 98 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വലതുപക്ഷ സഖ്യകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള സ്ഥിതിയിലേക്ക് നെതന്യാഹുവിന്റെ പാര്‍ട്ടി മുന്നേറിയിട്ടുണ്ട്. മുന്‍ സൈനിക മേധാവിയായിരുന്ന ബെന്നി ഗാന്റ്‌സിനെയാണ് ഇത്തവണ അദ്ദേഹം പിന്നിലാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച ആളെന്ന റെക്കോഡിനും നെതന്യാഹു ഉടമയാകും. 2009 മുതല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ബെഞ്ചമിന്‍ നെതന്യാഹു ആരംഭിച്ചു കഴിഞ്ഞു.

നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഗാന്റ്്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും 35 സീറ്റുകള്‍ വീതം വിജയിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലികുദ്, ഷാസ്, യുണൈറ്റഡ് ടൊറാഹ് ജുദായിസം, യൂണിയന്‍ ഓഫ് റൈറ്റ് വിംഗ്, യിസ്രയേല്‍ ബെയ്‌തെനു എന്നിവര്‍ സംയുക്തമായി 61 സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ലേബര്‍, ഹദാഷ്-ടാ ആള്‍ പാര്‍ട്ടികള്‍ ആറു സീറ്റ് വീതവും മെറെറ്റ്‌സ്, യുണൈറ്റഡ് അറബ് ലിസ്റ്റ്-ബലാദ് എന്നിവര്‍ നാലു സീറ്റ് വീതവും നേടി. അന്തിമ ഫലം നാളെയാണ് പ്രഖ്യാപിക്കുക. വോട്ടെണ്ണല്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളോട് ആരാണ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ആരായും. അതിനുശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകും കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടിയുള്ള നടപടികളെടുക്കുക. 28 ദിവസമാണ് ഇതിനായി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുക. ആവശ്യം വന്നാല്‍ സമയ പരിധി രണ്ട് ആഴ്ച കൂടി ദീര്‍ഘിപ്പിക്കും.

അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെതിരെ ഗാന്റ്‌സിന്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു വോട്ടെടുപ്പിനുശേഷം നടന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അടുത്ത ബന്ധം ഉയര്‍ത്തിക്കാട്ടിയ നെതനാ്യഹു വീണ്ടും അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ യഹൂദ അധിവാസ സ്ഥലം വികസിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

Categories: FK News, Slider