എന്‍എബിഎച്ച്: നിരവധി ആശുപത്രികള്‍ പുറത്താകും

എന്‍എബിഎച്ച്: നിരവധി ആശുപത്രികള്‍ പുറത്താകും

നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍എബിഎച്ച്) അംഗീകാരത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ചെറിയ ആശുപത്രികള്‍ക്കാകില്ലെന്ന് സ്വകാര്യ ആശുപത്രി മാനെജ്‌മെന്റുകള്‍. ഇതിനാല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം സാധാരണക്കാരില്‍ എത്തിക്കാനാകില്ലെനാണു വിമര്‍ശനം. കര്‍ണാടകയിലെ 100 മിഷനറി ആശുപത്രികളില്‍ 20 എണ്ണത്തെ മാത്രമേ ആയുഷ്മാന്‍ ഭാരത്-ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഇത്തരം സ്വകാര്യ ആശുപത്രികളിലേക്ക് ശുപാര്‍ശകള്‍ നല്‍കാനാകില്ല. ഇതോടെസോദ്ദേശ്യപരമായി തുടങ്ങിയ പദ്ധതിയുടെ സേവനം നിര്‍ദ്ദിഷ്ട ഗുണഭോക്താക്കള്‍ക്ക് നഷ്ടമാകും. സ്‌പെഷ്യാലിറ്റി കെയര്‍, എന്‍എബിഎച്ച് ടാഗുകള്‍ കരസ്ഥമാക്കുകയോ ഒരു വര്‍ഷത്തിനുള്ളില്‍ അത് നേടാമെന്ന ഉറപ്പ് നല്‍കുകയോ വേണമെന്നാണ് പദ്ധതി അനുശാസിക്കുന്നത്. എന്നാല്‍ ഇത് നിറവേറ്റാന്‍ ചെറിയ ആശുപത്രികള്‍ക്ക് ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ നിശ്ചിത എണ്ണം കിടക്കകളും വിദഗ്ധ ചികില്‍സാ വിഭാഗങ്ങളും ഉണ്ടെങ്കില്‍ മാത്രമേ എന്‍എബിഎച്ച് അംഗീകാരത്തിന് യോഗ്യത നേടാനാകൂ. ചാരിറ്റബിള്‍ ആശുപത്രികള്‍ക്ക് ഇത് ബുദ്ധിമുട്ടാണ്. നോണ്‍- കോര്‍പ്പറേറ്റ്, ചാരിറ്റബിള്‍ ആശുപത്രികളെ പിന്തുണയ്ക്കുന്ന നയമാകണം സര്‍ക്കാര്‍ പിന്തുടരേണ്ടതെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നു. അംഗീകാരം ലഭിക്കാത്ത ആശുപത്രികളില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് അടിയന്തരശുശ്രൂഷ നല്‍കുന്നതിനുള്ള സംവിധാനം പദ്ധതിയില്‍ ഇല്ല. പ്രാഥമിക ചികില്‍സയ്ക്കു ശേഷം രോഗി പൂര്‍ണമായും സുഖം പ്രാപിക്കുന്നതുവരെ സര്‍ക്കാര്‍ പാനലില്‍ ഉള്ള ആശുപത്രിയിലേക്കു മാറ്റുകയെന്നത് അപ്രായോഗികമാണ്. ഗുരുതരമായ പരുക്കുകള്‍ പറ്റി സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഇതു സാധ്യമാകില്ല. സംസ്ഥാനത്തെ 26,000 സ്വകാര്യക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ പദ്ധതിക്കു പുറത്താകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. സര്‍ക്കാര്‍ പട്ടികയില്‍ ഏതൊക്കെ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന കാര്യത്തിലും അധികൃതര്‍ക്ക് വ്യക്തതയില്ല.

Comments

comments

Categories: Health