എംജി ഇ-ഇസഡ്എസ് അനാവരണം ചെയ്തു; ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍

എംജി ഇ-ഇസഡ്എസ് അനാവരണം ചെയ്തു; ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍

സിംഗിള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാം. ഓവര്‍ ദ എയര്‍ (ഒടിഎ) സാങ്കേതികവിദ്യ, ഐ-സ്മാര്‍ട്ട് കണക്റ്റഡ് ടെക്‌നോളജി എന്നിവ ഉണ്ടായിരിക്കും

ന്യൂഡെല്‍ഹി : എംജി ഇ-ഇസഡ്എസ് ആഗോളതലത്തില്‍ അനാവരണം ചെയ്തു. എംജി മോട്ടോറിന്റെ ഓള്‍ ഇലക്ട്രിക് എസ്‌യുവിയാണ് ഇ-ഇസഡ്എസ്. വൈകാതെ അന്തര്‍ദേശീയതലത്തില്‍ പുറത്തിറക്കും. തുടര്‍ന്ന് ഈ വര്‍ഷം ഡിസംബറോടെ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിനുശേഷമായിരിക്കും യുകെ, ജര്‍മ്മനി, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിപണികളില്‍ എംജി ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി എത്തുന്നത്.

എംജി ഹെക്ടര്‍ എസ്‌യുവിക്കുശേഷം ഇന്ത്യയില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ എംജി (മോറിസ് ഗരാജസ്) വാഹനമായിരിക്കും എംജി ഇ-ഇസഡ്എസ്. ഇലക്ട്രിക് വാഹനങ്ങളില്‍ ഓവര്‍ ദ എയര്‍ (ഒടിഎ) സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്ന് എംജി മോട്ടോര്‍ അറിയിച്ചു. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ എംജി ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയില്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാം. എംജി ഹെക്ടറില്‍ എന്ന പോലെ ഇ-ഇസഡ്എസ് എസ്‌യുവിയിലും എംജി മോട്ടോറിന്റെ ഐ-സ്മാര്‍ട്ട് കണക്റ്റഡ് ടെക്‌നോളജി ഉണ്ടായിരിക്കും. ഭാവിയിലെ എല്ലാ എംജി വാഹനങ്ങളിലും കണക്റ്റിവിറ്റി പ്രധാന സവിശേഷതയായിരിക്കും.

പെട്രോള്‍ എന്‍ജിന്‍ പതിപ്പായ എംജി ഇസഡ്എസ് നിലവില്‍ ആഗോളതലത്തില്‍ വിറ്റുവരുന്നുണ്ട്. എംജി ഇ-ഇസഡ്എസ് ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്കിടയില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ഛാബ പറഞ്ഞു. 2019 അവസാനത്തോടെ ഇന്ത്യയില്‍ 120 സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. എംജി ഹെക്ടര്‍ എസ്‌യുവി ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ പുറത്തിറക്കും.

Comments

comments

Categories: Auto
Tags: MG EZ S