അമേരിക്കയില്‍ അഞ്ചാംപനിയുടെ തിരിച്ചുവരവ്

അമേരിക്കയില്‍ അഞ്ചാംപനിയുടെ തിരിച്ചുവരവ്

യുഎസില്‍ അഞ്ചാംപനി മടങ്ങിവരാനുള്ള കാരണവും പ്രതിരോധപ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നു

ജീവനു ഭീഷണിയായ അഞ്ചാംപനി അതിശക്തമായ നിലയില്‍ തിരിച്ചു വന്ന സാഹചര്യത്തില്‍ യുഎസ് വിറങ്ങലിച്ചിരിക്കുകയാണ്. ബ്രൂക്ക്‌ലിനില്‍ രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക്‌സിറ്റിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ യാഥാസ്ഥിതിക ജൂതസമൂഹത്തിന്റെ കേന്ദ്രമാണ് ബ്രൂക്ക്‌ലിന്‍. സെപ്റ്റംബറിനു ശേഷം നഗരത്തില്‍ 285 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അസാധാരണ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് നിര്‍ബന്ധിത രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നു മാത്രമല്ല, ജനങ്ങള്‍ പ്രതിരോധമരുന്ന് സ്വീകരിക്കാത്ത പക്ഷം ആയിരക്കണക്കിന് ഡോളര്‍ പിഴയൊടുക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ സെന്ററുകള്‍ ഈ വര്‍ഷം ഇതുവരെ 465 പേരില്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ മൂന്നില്‍ രണ്ടും ന്യൂയോര്‍ക്കിലാണ്. അത് കഴിഞ്ഞ വര്‍ഷം അമേരിക്കയിലാകെ റിപ്പോര്‍ട്ട് ചെയ്ത 372 കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്. ന്യൂയോര്‍ക്കിനു പുറമെ ഈ വര്‍ഷം വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ, മിഷിഗണ്‍, ന്യൂ ജേഴ്‌സി എന്നീ സംസ്ഥാനങ്ങളിലും അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ രോഗത്തില്‍ നിന്ന് അമേരിക്ക 2000ല്‍ പൂര്‍ണവിമുക്തമായതായി പ്രഖ്യാപിച്ചിരുന്നു. അതിനര്‍ത്ഥം രോഗം ഇപ്പോള്‍ പടര്‍ന്നത് പുറത്തു നിന്നു തന്നെയെന്നാണ്.

എന്നാല്‍ അടുത്തകാലത്തായി ഇത്തരം കേസുകള്‍ വര്‍ധിച്ചുവരികയാണ്. വാക്‌സിനെതിരായ പ്രചാരണങ്ങള്‍ ചില മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഫലമാണിത്. രോഗികളില്‍ ഭൂരിഭാഗവും കുട്ടികളാണ്, മരണസാധ്യതയും കൂടുതല്‍ അവരിലാണു കാണുന്നത്. ഏതാണ്ട് 19 വയസ് വരെയുള്ളവരിലാണ് രോഗബാധ കൂടുതല്‍ കണ്ടെത്തുന്നതെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ സെന്റര്‍ പറയുന്നു. കടുത്ത പനി, ചുമ, മൂക്കുചീറ്റലും തുമ്മലും, കണ്ണ് ചുവക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഈ ശ്വാസകോശ രോഗത്തില്‍ കാണപ്പെടുക. അമേരിക്കന്‍ രോഗപ്രതിരോധ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഏറ്റവും അപകടകരമായ പകര്‍ച്ചവ്യാധികളിലൊന്നാണിത്.

പ്രതിരോധ കുത്തിവെപ്പ് അല്ലാതെ മറ്റൊരു പ്രതിവിധിയും ഇതിനില്ല. രോഗബാധിതരില്‍ ഇരുപതില്‍ ഒരാള്‍ക്ക് ന്യൂമോണിയ ഉണ്ടാകും. ആയിരത്തിലൊരാള്‍ക്ക് മസ്തിഷ്‌ക്കവീക്കമോ ബധിരതയോ ബുദ്ധിവൈകല്യമോ ഉണ്ടാകും. യുഎസില്‍ അപൂര്‍വമായിട്ടാണെങ്കിലും രോഗബാധിതരാകുന്നവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് വൈറസുകള്‍ രോഗിയില്‍ നിന്നു മറ്റുള്ളവരിലേക്ക് പടരുന്നത്. രോഗം ബാധിച്ച് നാലു ദിവസം കഴിഞ്ഞാണ് ലക്ഷണങ്ങള്‍ കണ്ടെത്താനാകുക. രോഗം പരത്തുന്ന വൈറസിന് രണ്ട് മണിക്കൂറോളം അന്തരീക്ഷത്തില്‍ ജീവനോടെയിരിക്കാനാകും.

ലോകമെമ്പാടുമുള്ള 194 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2017- 2018 കാലയളവില്‍ ലോകമെമ്പാടും അഞ്ചാംപനി റിപ്പോര്‍ട്ടില്‍ 48.4 ശതമാനം വര്‍ധിച്ചു. രോഗം 2017 ല്‍ 110,000 പേര്‍ക്ക് ജീവഹാനി വരുത്തിയതായി ലോകാരോഗ്യ സംഘടന പറയുന്നു. വിദേശയാത്ര ചെയ്ത അമേരിക്കക്കാര്‍, അല്ലെങ്കില്‍ യുഎസ് സന്ദര്‍ശിക്കുന്ന വിദേശികള്‍ എന്നിവരിലൂടെയാകാം രോഗം ഇവിടേക്ക് എത്തിയതെന്നാണു നിഗമനം. സെപ്റ്റംബറില്‍ മഡഗാസ്‌കറില്‍ രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം 115,000 രോഗബാധിതരും 1,200-ലധികം മരണങ്ങളും ഉണ്ടായി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് തുടങ്ങിയ വിനോദസഞ്ചാര സ്ഥലങ്ങളിലും കഴിഞ്ഞവര്‍ഷം അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടിരുന്നു. 2018 ല്‍ യൂറോപ്പില്‍ ഏതാണ്ട് 83,000 ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ബ്രസീല്‍, ഫിലിപ്പീന്‍സ്, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളിലെ കണക്കുകളനുസരിച്ച് 2018-ല്‍ അഞ്ചാംപനി മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ട്. ഉക്രെയ്ന്‍, ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനയുണ്ടായിരിക്കുന്നത്. 2018 ല്‍ 35,120 പേര്‍ക്കാണ് ഉക്രെയ്‌നില്‍ രോഗം സ്ഥിരീകരിച്ചത്. 2018 ല്‍ ഫിലിപ്പീന്‍സില്‍ 15,599 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2017 ല്‍ ഇത് 2,407 ആയിരുന്നു. ഈ വര്‍ഷം 2,407 പേര്‍ക്കാണ് ഫിലിപ്പീന്‍സില്‍ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. 2019 ല്‍ ഇവിടെ 12,736 കേസുകളും 203 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 2018ല്‍ 10,262 പേര്‍ക്കാണ് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തത്. യെമെന്‍, വെനസ്വേല, സെര്‍ബിയ, മഡഗാസ്‌കര്‍, സുഡാന്‍, തായ്‌ലന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് തൊട്ടു പിന്നിലുള്ളത്.

Comments

comments

Categories: Health
Tags: Measles