ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് ഐഎംഎഫ്

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് ഐഎംഎഫ്

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നും ഐഎംഎഫ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൂന്ന് വര്‍ഷത്തെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും നടപ്പു സാമ്പത്തിക വര്‍ഷത്തെയും അടുത്ത സാമ്പത്തിക വര്‍ഷത്തെയും ഇന്ത്യയുടെ വളര്‍ച്ച അനുമാനങ്ങളാണ് ഐഎംഎഫ് വെട്ടിക്കുറച്ച്. അടുത്തിടെ സമ്പദ്‌വ്യവസ്ഥയില്‍ അനുഭവപ്പെട്ട മെല്ലെപോക്കും ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച മോശം വീക്ഷണവുമാണ് നേരത്തെ നിശ്ചയിച്ച വളര്‍ച്ചാ നിരക്കുകള്‍ കുറയ്ക്കാന്‍ കാരണമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടി.

2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യ 7.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ പുതിയ അനുമാനം. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനമായി ഉയരുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7.5 ശതമാനം വളര്‍ച്ച നേടുമെന്നും ഐഎംഎഫ് പറയുന്നു. ജനുവരിയില്‍ ഐഎംഎഫ് പുറത്തുവിട്ട വളര്‍ച്ച നിരക്കുകളെ അപേക്ഷിച്ച് 0.2 ശതമാനം പോയിന്റിന്റെ കുറവാണ് പുതിയ നിരക്കുകളിലുള്ളത്.

വളര്‍ച്ച കുറയാനുള്ള സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്ന് ഐഎംഎഫ് ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 7.2 ശതമാനവും അടുത്ത സാമ്പത്തിക 7.4 ശതമാനവും വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച ദേശീയ സ്ഥിതിവിവരകണക്കുകളിലെ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെയും വളര്‍ച്ചാ നിഗമനം ഐഎംഎഫ് താഴ്ത്തിയത്. 2018-2019ല്‍ ഇന്ത്യ ഏഴ് ശതമാനം വളരുമെന്നാണ് ഔദ്യേഗിക സ്ഥിതിവിവരകണക്കുകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയായിരിക്കും ഇത്. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും വളര്‍ച്ച വീണ്ടെടുക്കാനാകുമെന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം.

നിക്ഷേപം വീണ്ടെടുക്കുന്നതും ഉപഭോക്തൃ ആവശ്യകത ഉയരുന്നതും വിശാലമായ ധനനയ നിലപാടും വളര്‍ച്ചയെ പിന്തുണയ്ക്കും. ഘടനാപരമായ പരിഷ്‌കരണങ്ങള്‍ തുടരുന്നതും അടിസ്ഥാനസൗകര്യ മേഖലയിലെ തടസങ്ങള്‍ നീങ്ങുന്നതും ഇടക്കാലടിസ്ഥാനത്തില്‍ 7.75 ശതമാനം വളര്‍ച്ച നേടാന്‍ സഹായിക്കും. പണപ്പെരുപ്പം ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി തുടരും. നടപ്പു സാമ്പത്തിക വര്‍ഷം 3.9 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 4.2 ശതമാനവും പണപ്പെരുപ്പം രേഖപ്പെടുത്തും. കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.5 ശതമാനമായിരിക്കുമെന്നും ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

നിയമന വ്യവസ്ഥകളിലും പിരിച്ചുവിടല്‍ നടപടികളിലും വരുത്തുന്ന പരിഷ്‌കരണങ്ങള്‍ പ്രചോദനപരമായ തൊഴില്‍ സൃഷ്ടിക്ക് സഹായിക്കുമെന്നും ഇന്ത്യയുടെ വലിയ ജനസംഖ്യാപരമായ വിഹിതം ഉള്‍ച്ചേര്‍ക്കാന്‍ ഇത് സഹായിക്കുമെന്നും ഐഎംഎഫ് നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ഏകീകരണം പൊതുകടം കുറയ്ക്കും, ജിഎസ്ടി മെച്ചപ്പെടുത്തുക ഭൂപരിഷ്‌കരണം തുടരുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക വീക്ഷണം വെല്ലുവിളി നിറഞ്ഞതാണെന്ന് ഐഎംഎഫ് മേധാവി ഗീത ഗോപിനാഥ് പറഞ്ഞു. നടപ്പു വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ച 2018ലെ 3.6 ശതമാനത്തില്‍ നിന്നും 3.3 ശതമാനമായി ചുരുങ്ങും. ചൈന ഈ വര്‍ഷം 6.3 ശതമാനവും അടുത്ത വര്‍ഷം 6.1 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തുമെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.

റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണങ്ങള്‍

2018-2019ല്‍ ഇന്ത്യ 7.1% വളരും

2019-2020ല്‍ 7.3% വളര്‍ച്ച നേടും

2020-2021ല്‍ രാജ്യം 7.5% വളര്‍ച്ച നേടും

നടപ്പു സാമ്പത്തിക വര്‍ഷം 3.9 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 4.2 ശതമാനവും പണപ്പെരുപ്പം രേഖപ്പെടുത്തും

കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.5 ശതമാനമായിരിക്കും

Comments

comments

Categories: Business & Economy
Tags: IMF