തോക്ക് നിയന്ത്രണം കര്‍ശനമാക്കണം

തോക്ക് നിയന്ത്രണം കര്‍ശനമാക്കണം

യുഎസ് സ്‌കൂള്‍ക്യാംപസുകളിലെ വെടിവെപ്പുകള്‍ കുട്ടികളെ അരക്ഷിതരാക്കുന്നു. കര്‍ശന തോക്ക് നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വബോധം നല്‍കും

യുഎസ് സ്‌കൂളുകളില്‍ അടുത്ത കാലത്തുണ്ടായ വെടിവെപ്പുകളുടെ പശ്ചാത്തലത്തില്‍ തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യത്തിന് കൂടുതല്‍ പ്രസക്തി കൈവന്നിട്ടുണ്ട്. ഇത് ശരി വെക്കുന്ന വിവരങ്ങളാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ നിന്നു ലഭിച്ചത്. രാജ്യത്ത് കടുത്ത തോക്ക് നിയമങ്ങളുള്ള സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന കൗമാരപ്രായക്കാര്‍ക്കിടയില്‍ സ്‌കൂള്‍ സുരക്ഷിതമാണെന്ന ധാരണ ശക്തമാണെന്ന് സര്‍വേഫലം പറയുന്നു. 45 സംസ്ഥാനങ്ങളിലെ ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 926,639 വിദ്യാര്‍ത്ഥികളില്‍ നടത്തിയ യൂത്ത് റിസ്‌ക് ബിഹേവിയര്‍ സര്‍വേയില്‍ നിന്നും ലഭിച്ച വിവരമാണിത്. 1999 നും 2015നുമിടയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

സ്‌കൂളില്‍ ആയുധം ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലിനോ അക്രമത്തിനോ ഇരയായതായി സര്‍വേയില്‍ പങ്കെടുത്ത ഏഴു ശതമാനം വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുട്ടികളില്‍ 5.5% പേര്‍ തോക്ക് കൊണ്ടു നടക്കുന്നതായും 6.1% സുരക്ഷിതത്വം തോന്നാത്തതിനാല്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും സ്‌കൂള്‍ നഷ്ടപ്പെട്ടതായും സമ്മതിച്ചു. സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത് ജേണല്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ്. തോക്കുകള്‍ കരസ്ഥമാക്കാനുള്ള അനായാസത, തോക്ക് സുരക്ഷാ നിയമങ്ങളുടെ അഭാവം, തോക്ക് നിര്‍മ്മാതാക്കളുടെ പ്രതിബദ്ധതക്കുറവ് എന്നിവ അടിസ്ഥാനമാക്കിയാണ് ബോസ്റ്റണ്‍ കോളേജിലെ മാര്‍ക്കോ ഗിയാനിയും സംഘവും സര്‍വേ നടത്തിയത്. ശക്തമായ തോക്ക് നിയന്ത്രണനിയമത്തിന് ആയുധമുപയോഗിച്ചുകൊണ്ടുള്ള ഭീഷണിയും അക്രമവും കുറയ്ക്കുന്നതില്‍ 0.8 ശതമാനം കുറവു വരുത്താനായി. ആയുധം കൂടെക്കൊണ്ടു വരുന്നതിനുള്ള സാധ്യത 1.9 ശതമാനവും പേടി മൂലമുള്ള ക്ലാസ് നഷ്ടം 1.1 ശതമാനവും കുറയ്ക്കാനായെന്ന് സര്‍വേ പറയുന്നു.

ഇക്കാലയളവില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ തോക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും പതിനേഴെണ്ണത്തില്‍ ദുര്‍ബലമാകുകയും ചെയ്തു. തോക്ക് നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സ്‌കൂളുകളില്‍ ആയുധഭീഷണിയും അക്രമപ്രവര്‍ത്തനങ്ങളും ഇല്ലാതാക്കാന്‍ ഇതാണു പോംവഴിയെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആളുകളെ സംബന്ധിച്ചിടത്തോളം സ്‌കൂള്‍ സുരക്ഷയുടെ കാര്യമെടുക്കുമ്പോള്‍ തോക്ക് നിയന്ത്രണം കര്‍ശനമാക്കുകയാണ് വേണ്ടതെന്ന ചിന്തയാണ് ആദ്യം മനസില്‍ വരുന്നതെന്ന് ഗിയാനി ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാര്‍ തോക്കും കൊണ്ടു നടക്കേണ്ട കാര്യമില്ല. ഇത്തരക്കാരുടെ ഇടയിലേക്കാണോ നമ്മുടെ കുട്ടികളെ വിടേണ്ടതെന്നും ഗവേഷകര്‍ ചോദിക്കുന്നു.

എന്നാല്‍, തോക്ക് നിയമം വരുന്നതോ വരാത്തതോ സ്‌കൂള്‍അന്തരീക്ഷത്തിലും വിദ്യാര്‍ത്ഥികളുടെ ചിന്തകളിലും എന്തെങ്കിലും സ്വാധീനം ചെലുത്തിയതായി പഠനത്തില്‍ തെളിഞ്ഞിട്ടില്ല. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ, സാമ്പത്തിക സ്വഭാവത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലും സര്‍വേയില്‍ നടത്തിയിട്ടില്ലായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ കൃത്യമായിരിക്കണമെന്നില്ലെന്ന് സംഘാടകരും അംഗീകരിക്കുന്നു. രണ്ടു പതിറ്റാണ്ടു കാലത്തെ തോക്ക് നിയന്ത്രണ നിയമങ്ങള്‍ ദുര്‍ബലമകുന്നതായാണു കാണാന്‍ കഴിഞ്ഞതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വേ വിവരങ്ങള്‍ ശേഖരിച്ച കാലഘട്ടത്തില്‍ 17 സംസ്ഥാനങ്ങള്‍ നിയമത്തില്‍ വെള്ളം ചേര്‍ത്തതായി കാണുന്നു. ഇത്തരം നടപടികള്‍ കൗമാരക്കാര്‍ക്ക് തോക്കുകള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ വീണ്ടും എളുപ്പമാക്കുകയും സ്‌കൂള്‍ അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സ്‌കൂളുകളില്‍ ശാന്തിയും സമാധാനവും സൃഷ്ടിക്കാന്‍ കര്‍ശനമായ തോക്കുനിയന്ത്രണം നിയമം മൂലം കൊണ്ടുവരണമെന്നും അവര്‍ ശുപാര്‍ശ ചെയ്യുന്നു.

ഏതായാലും സര്‍വേ ഫലം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആയുധ നിയന്ത്രണനയത്തിന് കൂടുതല്‍ പിന്തുണ ലഭിക്കാനിടയാക്കിയേക്കും. രാഷ്ട്രീയനിലപാടുകള്‍ ദീര്‍ഘകാലത്തേക്കു മാറ്റിവെക്കേണ്ടി വന്നതു പോലെ തോക്ക് നിരോധനത്തിലും ട്രംപിന് വലിയ കാലതാമസം നേരിട്ടിട്ടുണ്ട്. 1990കളിലും 2000ത്തിന്റെ ആദ്യ പാദത്തിലും തോക്ക് നിരോധനത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരമേറ്റെടുത്തപ്പോള്‍ ഇക്കാര്യത്തില്‍ ഒരു പിന്നോട്ടു പോക്ക് അദ്ദേഹം നടത്തിയിരുന്നു. രാജ്യത്തെ തോക്ക് വ്യാപാരികളുടെയും റൈഫിള്‍ ക്ലബ്ബുകളുടെയും സമ്മര്‍ദ്ദഫലമായിട്ടായിരുന്നു അത്. തോക്ക് കൈവശം വെക്കാനുള്ള 55 മില്യണ്‍ അമേരിക്കന്‍ പൗരന്മാരുടെ അവകാശ സംരക്ഷണത്തിനു താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രസിഡന്റ് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ യുഎസ് സ്‌കൂളുകളില്‍ തോക്കുധാരികള്‍ ഒട്ടേറെ ജീവനുകള്‍ അപഹരിച്ചതോടെ നിലപാട് തിരുത്താന്‍ വലിയ തോതില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട് അദ്ദേഹം. പുതിയ സര്‍വേ ഇക്കാര്യത്തില്‍ എന്തു മാത്രം പുരോഗതിയുണ്ടാക്കുമെന്ന് കാത്തിരുന്നു കാണാം.

Comments

comments

Categories: FK News
Tags: Gun controls