ഇന്ത്യയിലെ സ്വതന്ത്ര ബിസിനസ് ഫോഡ് അവസാനിപ്പിച്ചേക്കും

ഇന്ത്യയിലെ സ്വതന്ത്ര ബിസിനസ് ഫോഡ് അവസാനിപ്പിച്ചേക്കും

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി പുതിയ സംയുക്ത സംരംഭം ആരംഭിക്കും

ന്യൂഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ സ്വതന്ത്ര ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി പുതിയ കരാര്‍ ഒപ്പിടാനാണ് ആലോചിക്കുന്നത്. മഹീന്ദ്രയുമായി ചേര്‍ന്ന് ഫോഡ് ഇന്ത്യയില്‍ പുതിയ സംയുക്ത സംരംഭം ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംയുക്ത സംരംഭത്തില്‍ ഫോഡ് 49 ശതമാനം ഓഹരിയും മഹീന്ദ്ര 51 ശതമാനം ഓഹരിയും സ്വന്തമാക്കും. ഫോഡ് ഇന്ത്യ തങ്ങളുടെ ആസ്തികളും ജീവനക്കാരെയും പുതിയ സംയുക്ത സംരംഭത്തിന് കൈമാറും.

എന്നാല്‍ ഊഹാപോഹങ്ങളോട് പ്രതികരിക്കില്ലെന്ന് ഫോഡ് ഇന്ത്യ ഇതുസംബന്ധിച്ച് വ്യക്തമാക്കി. മഹീന്ദ്രയുമായുള്ള സഖ്യത്തിന്റെ ഭാഗമായി, ഇരു കമ്പനികളുടെയും സംഘങ്ങള്‍ സഹകരണത്തിന്റെ പുതിയ പാതകള്‍ കണ്ടെത്തുന്നതിന് ഒരുമിച്ച് ശ്രമിക്കുകയാണെന്ന് പ്രസ്താവിച്ചു. 2017 ല്‍ ഫോഡും മഹീന്ദ്രയും തന്ത്രപ്രധാന സഖ്യം രൂപീകരിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത മഹീന്ദ്രയും സ്ഥിരീകരിച്ചില്ല.

2017 ല്‍ രൂപീകരിച്ച സഖ്യമനുസരിച്ച് ഇരു കമ്പനികളും പ്ലാറ്റ്‌ഫോമുകള്‍ പങ്കുവെയ്ക്കുകയും പുതിയ മോഡലുകള്‍ ഒരുമിച്ച് നിര്‍മ്മിക്കുകയും ചെയ്യും. ഫോഡ്-മഹീന്ദ്ര സഖ്യത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് മഹീന്ദ്ര ഇലക്ട്രിക് സാങ്കേതികവിദ്യാ സഹായം നല്‍കും. ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍, ബാറ്ററി പാക്കുകള്‍, സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി എന്നിവ മഹീന്ദ്ര ഇലക്ട്രിക് നല്‍കുമ്പോള്‍ ഫോഡ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ മഹീന്ദ്രയുമായി പങ്കുവെയ്ക്കും.

Comments

comments

Categories: Auto
Tags: Ford