എത്തിസലാതിനെ കൂട്ട് പിടിച്ച് ഒപ്പോയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ പരീക്ഷണം

എത്തിസലാതിനെ കൂട്ട് പിടിച്ച് ഒപ്പോയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ പരീക്ഷണം

ജിസിസി മേഖലയില്‍ ആദ്യമായാണ് 5ജി നെറ്റ്‌വര്‍ക്കില്‍ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പരീക്ഷണം നടക്കുന്നത്

ദുബായ് 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ ക്ഷമത പരീക്ഷിക്കുന്നതിനായി യുഎഇ ആസ്ഥാനമായ എത്തിസലാത് നെറ്റ്‌വര്‍ക്കിനെ കൂട്ടുപിടിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഒപ്പോ. 5ജി സേവനം ലഭ്യമായ ഫോണുകള്‍ പുറത്തിറക്കി 2019ഓടെ പശ്ചിമേഷ്യന്‍ വിപണിയിലെ വില്‍പ്പനയും വരുമാനവും ഇരട്ടിയാക്കുക എന്നതാണ്  ലക്ഷ്യം.

5ജി സാങ്കേതിക വിദ്യയ്ക്ക് തങ്ങള്‍ രൂപം നല്‍കിക്കഴിഞ്ഞുവെന്നും പരീക്ഷണം വിജയകരമായെങ്കില്‍ വൈകാതെ തന്നെ പശ്ചിമേഷ്യയില്‍ ഒപ്പോയുടെ 5ജി ഉപകരണങ്ങള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും പശ്ചിമേഷ്യയിലെ ഒപ്പോ പ്രസിഡന്റ് ആന്‍ഡി ഷി വ്യക്തമാക്കി. അഞ്ചാം തലമുറ(5ജി) സേവനരംഗത്ത് യുഎഇ ഏറെ മുന്നിലാണെന്നും എത്തിസലാത്തുമായി ചേര്‍ന്ന് ഏറ്റവും വേഗത്തില്‍ യുഎഇയില്‍ 5ജി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയില്‍ 1,000 5ജി ടവറുകളാണ് എത്തിസലാത് നിര്‍മിക്കുന്നത്. 5ജി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ചൈനയിലെ തന്നെ വാവേ ആണ് ഒപ്പോയുടെ മുഖ്യ എതിരാളി. യുഎഇയിലും സൗദിയിലും ഈ വര്‍ഷം തന്നെ 5ജി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന ടെലികോം കമ്പനികളായ എത്തിസലാത്, ഡു, സൗദി ടെലികോം കമ്പനി എന്നിവയുമായി വാവേ കൂട്ട് കൂടിക്കഴിഞ്ഞു.

Comments

comments

Categories: Arabia
Tags: Etisalat, Oppo 5G