പരുത്തി കയറ്റുമതിയില്‍ 31% ഇടിവുണ്ടാകുമെന്ന് സിഎഐ

പരുത്തി കയറ്റുമതിയില്‍ 31% ഇടിവുണ്ടാകുമെന്ന് സിഎഐ

ജലദൗര്‍ലഭ്യം കാരണം മിക്ക സംസ്ഥാനങ്ങളിലെയും പരുത്തി വിളവ് കുറയുമെന്നും സിഎഐ

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പരുത്തി കയറ്റുമതിയില്‍ 31 ശതമാനം വാര്‍ഷിക ഇടിവ് നിരീക്ഷിച്ചേക്കുമെന്ന് കോട്ടണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐ). 47 ലക്ഷം കെട്ട് പരുത്തി കയറ്റുമതി ഇക്കാലയളവില്‍ രേഖപ്പെടുത്തുമെന്നാണ് സിഎഐയുടെ നിരീക്ഷണം. മുന്‍ സാമ്പത്തിക വര്‍ഷം 69 ലക്ഷം കെട്ട് പരുത്തി കയറ്റുമതി രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ലക്ഷം കെട്ടിന്റെ ഇടിവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തുമെന്നാണ് സിഎഐ പറയുന്നത്.

2018-2019ല്‍ 170 കിലോ ഗ്രാം വീതം ഭാരം വരുന്ന 321 ലക്ഷം കെട്ട് പരുത്തി ഉല്‍പ്പാദനമാണ് സിഎഐ കണക്കാക്കിയിട്ടുള്ളത്. നേരത്തെ 328 ലക്ഷം കെട്ട് പരുത്തി ഉല്‍പ്പാദനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഗുജറാത്തില്‍ നിന്നുള്ള പരുത്തി ഉല്‍പ്പാദനത്തില്‍ ഒരു ലക്ഷം കെട്ടിന്റെയും മഹാരാഷ്ട്രയിലെ ഉല്‍പ്പാദനത്തില്‍ 80,000 കെട്ടിന്റെയും തെലങ്കാനയിലെ ഉല്‍പ്പാദനത്തില്‍ നാല് ലക്ഷം കെട്ടിന്റെയും ആന്ധ്രാപ്രദേശില്‍ ഒരു ലക്ഷം കെട്ടിന്റെയും കര്‍ണാടകയില്‍ 75,000 കെട്ടിന്റെയും ഇടിവാണ് സിഎഐ പ്രതീക്ഷിക്കുന്നത്.

അതേസമയം തമിഴ്‌നാട്ടിലെ പരുത്തി ഉല്‍പ്പാദനത്തില്‍ 50,000 കെട്ടിന്റെ വര്‍ധനയും ഒറീസ്സയിലെ ഉല്‍പ്പാദനത്തില്‍ 5,000 കെട്ടിന്റെയും വര്‍ധനയുണ്ടാകുമെന്നും സിഎഐ പറയുന്നു. ചില സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട ജല ക്ഷാമമാണ് പരുത്തി വിളവ് കുറയാനുള്ള കാരണമായി സിഎഐ പറയുന്നത്. ജല ദൗര്‍ലഭ്യം കാരണം മൂന്നാമത്തെയോ നാലാമത്തെയോ വിളവെടുപ്പിന് കാത്തുനില്‍ക്കാതെ 70-80 ശതമാനത്തോളം പരുത്തിച്ചെടി കര്‍ഷകര്‍ നശിപ്പിക്കുന്നതും വിളവ് കുറയാന്‍ കാരണമായി.

2018 ഒക്‌റ്റോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്തം 170 കിലോ ഭാരം വരുന്ന 290.00 ലക്ഷം പരുത്തി കെട്ട് വിതരണം ചെയ്തിട്ടുണ്ടാകുമെന്നാണ് സിഎഐയുടെ നിഗമനം. 6.8 ലക്ഷം കെട്ട് പരുത്തിയാണ് ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തത്. 39 ലക്ഷം കെട്ട് പരുത്തി ഇക്കാലയളവില്‍ കയറ്റുമതി ചെയ്തു. മാര്‍ച്ചിലെ കണക്ക് പ്രകാരം 93 ലക്ഷം പരുത്തി സ്റ്റോക് കിടപ്പുണ്ടാകുമെന്നും സിഎഐ വ്യക്തമാക്കി. 158 ലക്ഷം കെട്ട് പരുത്തി ഉപഭോഗമാണ് 2018 ഒക്‌റ്റോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കണക്കാക്കിയിട്ടുള്ളതെന്നും സിഎഐ പറയുന്നു.

Comments

comments

Categories: FK News