ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്‌മോ ഇന്ത്യയില്‍

ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്‌മോ ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 63.90 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്‌മോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു 6 സീരീസ് ജിടി നിരയിലെ പുതിയ ബേസ് വേരിയന്റാണ് 620ഡി. 63.90 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു 620ഡി ഗ്രാന്‍ ടൂറിസ്‌മോ വേരിയന്റ് ഇതാദ്യമായാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ലൈനപ്പിലെ പുതിയ അംഗമാണ് 620ഡി. ലക്ഷ്വറി ലൈന്‍ ഡിസൈന്‍ സ്‌കീമില്‍ ലഭിക്കും. അഞ്ച് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫസിലിറ്റിയിലാണ് 620ഡി ജിടി തദ്ദേശീയമായി അസംബിള്‍ ചെയ്യുന്നത്. ബുക്കിംഗ് ആരംഭിച്ചു.

രണ്ട് ഭാഗങ്ങളായുള്ള പനോരമിക് ഗ്ലാസ് റൂഫ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പിന്‍ സീറ്റുകള്‍, പിന്‍വശത്ത് ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാവുന്ന സണ്‍ബ്ലൈന്‍ഡുകള്‍ എന്നിവ സവിശേഷതകളാണ്. പിന്‍ സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി രണ്ട് മുന്‍ സീറ്റുകളിലെയും ബാക്ക്‌റെസ്റ്റിന് പിറകില്‍ ഓരോ 10.2 ഇഞ്ച് കളര്‍ സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. ബ്ലൂറേ പ്ലെയര്‍, മൊബീല്‍ ഫോണുകള്‍ക്കായി എച്ച്ഡിഎംഐ കണക്ഷന്‍ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍. തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ കാബിന്‍ വിശേഷങ്ങളാണ്. ഫ്രെയിം ഇല്ലാത്ത വിന്‍ഡോകള്‍, കൂപ്പെ റൂഫ്‌ലൈന്‍, ഓട്ടോമാറ്റിക് ടെയ്ല്‍ഗേറ്റ് എന്നിവയും ഫീച്ചറുകള്‍ തന്നെ.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ഇരട്ട ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ബിഎംഡബ്ല്യു 620ഡി ജിടി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 188 ബിഎച്ച്പി കരുത്തും 1,750-2,500 ആര്‍പിഎമ്മില്‍ 400 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ക്രൂസ് കണ്‍ട്രോള്‍, വിവിധ ഡ്രൈവിംഗ് മോഡുകള്‍ (സ്‌പോര്‍ട്, കംഫര്‍ട്ട്, കംഫര്‍ട്ട് പ്ലസ്, ഇക്കോ പ്രോ, അഡാപ്റ്റീവ്) എന്നിവ നല്‍കിയിരിക്കുന്നു. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 7.9 സെക്കന്‍ഡ് മതി.

Comments

comments

Categories: Auto
Tags: BMW 620 D