വീണ്ടുമൊരു നെതന്യാഹു യുഗത്തിനായി കാത്തിരിക്കുന്ന അറബിനാടുകള്‍

വീണ്ടുമൊരു നെതന്യാഹു യുഗത്തിനായി കാത്തിരിക്കുന്ന അറബിനാടുകള്‍

ഇറാനോടുള്ള പൊതു വിദ്വേഷവും ട്രംപിനോടുള്ള പ്രതിപത്തിയുമാണ് ഇസ്രയേലിനെയും അറബ് രാഷ്ട്രങ്ങളെയും തമ്മില്‍ അടുപ്പിക്കുന്നത്

ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ഫലം സാകൂതം വീക്ഷിക്കുകയാണ് പശ്ചിമേഷ്യ. പിണക്കങ്ങള്‍ മറന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുവിന്റെ ഭരണവുമായി ചങ്ങാത്തം കൂടാനാരംഭിച്ച ഗള്‍ഫ് രാജ്യങ്ങള്‍ക്കറിയേണ്ടത് നെതന്യാഹു വീണ്ടും അധികാരത്തിലെത്തമോ എന്നതാണ്. അന്തിമ റിപ്പോര്‍ട്ടുകള്‍ നെതന്യാഹുവിന് അനുകൂലമാണെന്നിരിക്കെ വീണ്ടുമൊരു നെതന്യാഹു യുഗം ഇസ്രയേലില്‍ ഉദിച്ചാല്‍ ഐഎസ്‌ഐഎസിന്റെ തകര്‍ച്ചയ്ക്കും വളരുന്ന അമേരിക്ക-ഇറാന്‍ പ്രശ്‌നങ്ങള്‍ക്കുമിടയില്‍ ഒരു പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്ന പശ്ചിമേഷ്യന്‍ മേഖല ആ ഫലം സ്വാഗതം ചെയ്യാന്‍ തന്നെയാണ് സാധ്യത. കാരണം അന്യേന്യം മത്സരിക്കുന്ന നിരവധി ശക്തികേന്ദ്രങ്ങളുള്ള സങ്കീര്‍ണ്ണമായൊരു മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇസ്രയേലിന്റെ ഭാവി ഭരണാധികാരിക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. നെതന്യാഹുവിന് അതിന് കഴിയുമെന്ന വിശ്വാസം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൈവന്നിരിക്കുന്നു

ഇസ്രയേല്‍ – പശ്ചിമേഷ്യന്‍ ബന്ധത്തിന്റെ ചരിത്രം

1948ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നത് മുതല്‍ അവരോട് ശത്രുത കാണിക്കുന്ന ഒരു മേഖലയായിട്ടാണ് പശ്ചിമേഷ്യ വിലയിരുത്തപ്പെടുന്നത്. ഇസ്രയേല്‍ രൂപീകരണത്തെ തുടര്‍ന്നുണ്ടായ 700,000ത്തോളം വരുന്ന പലസ്തീന്‍ ജനതയുടെ നാടുകടത്തല്‍ അഥവാ പാലായനം (നക്ബ) മഹാവിപത്തായാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കാലങ്ങളായി കരുതിപ്പോന്നത്. പലസ്തീന്‍ വിഷയത്തിലെ അറബ് ഐക്യവും സിയോണിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള എതിര്‍പ്പും കാലന്തരത്തില്‍ മങ്ങി. 1973ലാണ് ഏറ്റവും അവസാനത്തെ അറബ്-ഇസ്രയേല്‍ യുദ്ധം നടന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഇസ്രയേലിനോടുള്ള മനോഭാവത്തില്‍ ഇന്ന് ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു.

നെതന്യാഹുവിന്റെ ഗള്‍ഫ് സന്ദര്‍ശനം

ബെന്യമിന്‍ നെതന്യാഹ്യുവെന്ന നേതാവിന്റെ ഭരണത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനങ്ങള്‍ കൈവന്നത്. ഫെബ്രുവരിയില്‍ നെതന്യാഹു വാര്‍സോയിലേക്ക് പറന്നത് ഒരു അസാധാരണ കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ അനുഗ്രഹാശിസ്സുകളോടെ നെതന്യാഹു സൗദി അറേബ്യയുടെയും യുഎഇയുടെയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ആ കൂടിക്കാഴ്ചയുടെ വിഡിയോദൃശ്യങ്ങള്‍ നെതന്യാഹുവിന്റെ ഓഫീസ് തന്നെ പരസ്യപ്പെടുത്തി. ഗള്‍ഫ് മേഖലയിലെ സമ്പന്നരാജ്യങ്ങള്‍ ഇസ്രയേലിനോട് ഇഷ്ടം കൂടാനെത്തി എന്നത് നെതന്യാഹുവിന്റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു. പലസ്തീനുകാരുടെ അസാന്നിധ്യത്തില്‍ നടന്ന ആ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട ഇറാന്‍ ആയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഒമാന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയിദുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇറാനോടുള്ള പൊതുശത്രുതയും അമേരിക്കയോടുള്ള വിധേയത്വവും

നയതന്ത്ര തലത്തില്‍ യാതൊരുവിധ ബന്ധങ്ങളും ഇല്ലാതിരുന്നിട്ട് കൂടിയും കാലങ്ങള്‍ നീണ്ട വിദ്വേഷം അവസാനിപ്പിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ഇസ്രയേലും തീരുമാനിച്ചതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്. ഇറാനോടും അമേരിക്കയോടും ഇരുകൂട്ടരും വെച്ച്പുലര്‍ത്തുന്ന സമാന ചിന്താഗതിയാണ് അതിന് പിന്നിലെ പ്രധാനകാരണം. ഇറാനോടുള്ള വിദ്വേഷവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള പ്രതിപത്തിയും ഗള്‍ഫ് രാഷ്ട്രങ്ങളെയും ഇസ്രയേലിനെയും തമ്മില്‍ അടുപ്പിക്കുകയായിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയോടുള്ള പൊതു വിദ്വേഷവും ഇരുവിഭാഗങ്ങളും തമ്മിലുള്ള അടുപ്പത്തില്‍ നിര്‍ണായകമായി. അറബ് വസന്തത്തിന്റെ തുടക്കത്തില്‍ യുഎഇയുടെയും സൗദിയുടെയും അനിഷ്ടം പിടിച്ചുപറ്റിയ ഒബാമ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹൊസ്‌നി മുബാറകിനെ കയ്യൊഴിഞ്ഞ് കൊണ്ട് ഇസ്രയേലിനെ ഞെട്ടിച്ചു. സിറിയയിലെ വിമത നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച ഒബാമ അസദ് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. 2015ല്‍ അമേരിക്ക ഇറാനുമായി ആണവകരാറില്‍ ഒപ്പിട്ടപ്പോള്‍ ഇസ്രയേലും മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളും അതിനെ ശക്തമായി എതിര്‍ത്തു. സിറിയയിലെ വിമത സഖ്യത്തിനും ലെബനനിലെ ഹിസ്ബുള്ളയ്ക്കും ഇറാന്‍ നല്‍കിയ പിന്തുണ ഇസ്രയേലിനെയും സൗദിയേയും യുഎഇയെയും ഒരുപോലെ ചൊടിപ്പിച്ചു.

പലസ്തീന്‍ വിഷയം വിട്ടുള്ള നെതന്യാഹു തന്ത്രം

പലസ്തീന്‍ വിഷയം മാറ്റിനിര്‍ത്തി ഗള്‍ഫ് രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുക എന്ന തന്ത്രമാണ് നെതന്യാഹു സ്വീകരിച്ചത്. ഇസ്രയേല്‍ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒന്ന് എന്നാണ് അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തെ നെതന്യാഹു സൂചിപ്പിച്ചത്. ബാഹ്യതലത്തില്‍ പ്രകടമല്ലെങ്കിലും ആന്തരികമായി പല വഴികളിലും പല തലത്തിലുമുള്ള ബന്ധം അറബ് രാഷ്ട്രങ്ങളുമായി ഉണ്ടെന്നും ഇത് ഏതൊരു കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാളും വലുതാണെന്നുമാണ് നെതന്യാഹു ഭരണകൂടം അവകാശപ്പെട്ടത്. ജൂതരാഷ്ട്രമായ ഇസ്രയേലുമായി ഔദ്യോഗികതലത്തില്‍ ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും ജിസിസി(ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍)യിലെ ആറ് അംഗങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധങ്ങള്‍ പോകപ്പോകെ വളര്‍ന്നുകൊണ്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആയിരുന്നു ഇതിന് പിന്നിലെ ചാലകശക്തി. റിയാദിലേക്ക് നടത്തിയ ആദ്യ വിദേശ സന്ദര്‍ശനത്തിന് ശേഷം ട്രംപ് അവിടെ നിന്നും നേരെ പറന്നത് ടെല്‍ അവീവിലേക്കാണ്. നെതന്യാഹുവും സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും(എംബിഎസ്) തമ്മില്‍ പൊതു കൂടിക്കാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങളും പിന്നീട് ഉണ്ടായി.

ഇറാനെ പ്രതിരോധിക്കുക എന്നതായിരുന്നു സൗദിക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും മുഖ്യം. സിറിയയിലും ലെബനനിലും യെമനിലും ഹൂത്തി വിമതരെയാണ് സൗദി പിന്താങ്ങുന്നത്. ഇറാന്റെ പരമോന്നത നേതാവെന്ന് പറയപ്പെടുന്ന അയത്തുള്ള അലി ഖമേനിയെ പുതിയ ഹിറ്റ്‌ലര്‍ എന്നാണ് എംബിഎസ് ഒരിക്കല്‍ വിശേഷിപ്പിച്ചത്. ഇറാനുമായുള്ള ഒബാമയുടെ ആണവ ബന്ധത്തെ നെതന്യാഹുവാകട്ടെ 1938ലെ മൂണിച്ച് കരാറിനോടാണ് താരതമ്യപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇറാനുമായുള്ള ആണവകരാര്‍ ട്രംപ് ഉപേക്ഷിച്ച ശേഷം ഇറാനെതിരായ അന്താരാഷ്ട്ര സംഖ്യത്തില്‍ അംഗമാകാന്‍ ഇസ്രയേല്‍ തയ്യാറാണെന്ന് നെതന്യാഹു അറിയിച്ചു. അറബ് രാഷ്ട്രങ്ങളില്‍ ആധിപത്യം സ്ഥാപിച്ച ശത്രുവായി കണ്ടിരുന്ന ഇസ്രയേലിനെ അങ്ങനെ പൊതു താല്‍പര്യങ്ങളുള്ള സുഹൃത്തായി അറബ് രാഷ്ട്രങ്ങള്‍ അംഗീകരിച്ച് തുടങ്ങി.

പുതിയ ഇസ്രയേല്‍ നേതൃത്വം

ഇസ്രയേലില്‍ പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ പശ്ചിമേഷ്യയില്‍ അഭിമുഖീകരിക്കാനിരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്. സിറിയയിലെ യുദ്ധാനന്തര അവസ്ഥാ വിശേഷങ്ങളും അവിടേക്കുള്ള ഇറാന്റെ കടന്നുകയറ്റുവുമാണ് അതില്‍ പ്രധാനം. സിറിയയിലെ ഇറാന്‍ അധിനിവേശത്തെ ഇസ്രയേല്‍ എതിര്‍ത്തിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ള വിഷയത്തില്‍ പുതിയ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും ഇസ്രയേല്‍-പശ്ചിമേഷ്യന്‍ ബന്ധത്തില്‍ നിര്‍ണായകമാകും. ഗള്‍ഫ് രാഷ്ട്രങ്ങളുമായും ഒമാനുമായും ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നെതന്യാഹു സര്‍ക്കാര്‍ നടത്തിയിരുന്നത്. ജോര്‍ദാനില്‍ കഴിഞ്ഞിടെ നടന്ന കോണ്‍ഫറന്‍സില്‍ ഇസ്രയേലിനോട് വളരെ സൗഹാര്‍ദ്ദപരമായ നിലപാടാണ് ഒമാന്‍ സ്വീകരിച്ചിരുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളുമായി തന്റെ സര്‍ക്കാരിന് സ്ഥാപിക്കാന്‍ കഴിഞ്ഞ ബന്ധങ്ങള്‍ തെരഞ്ഞെടുപ്പില്‍ നെതന്യാഹു പ്രചാരണ ആയുധമാക്കുകയും ചെയ്തു.

ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ ഉള്‍പ്പടെ പശ്ചിമേഷ്യയിലെ തെക്കന്‍ മേഖലകളിലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനകളോട് വലിയ അടുപ്പമാണ് ഇസ്രയേലിന് ഇന്നുള്ളത്. അതേസമയം ജെറുസലേം, പലസ്തീന്‍ വിഷയങ്ങളെ തുടര്‍ന്ന് ജോര്‍ദാനുമായുള്ള ഇസ്രയേല്‍ ബന്ധം അത്രയ്ക്ക് സുഖകരമല്ല. പക്ഷേ ഇറാനും, ഇറാഖിലും ലെബനനിലും സിറിയയിലുമുള്ള അവരുടെ സഖ്യകക്ഷികളുമായിരിക്കും ഇസ്രയേലിലെ പുതിയ നേതൃത്വത്തിന് ഏറ്റവും കൂടുതല്‍ തലവേദനയാകുക. വെനസ്വെല, ഖത്തര്‍, ബൊളീവിയ എന്നീ രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുന്ന തുര്‍ക്കിയും ഇസ്രയേലിന് വെല്ലുവിളിയാണ്.

ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ശേഷിയുള്ള നേതാവാണ് നെതന്യാഹു. വര്‍ഷങ്ങള്‍ നീണ്ട തന്റെ ഭരണ കാലത്തിനിടയ്ക്ക് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഈ പ്രശ്‌ന പരിഹാര ശ്രമങ്ങളിലൂടെ പശ്ചിമേഷ്യ അടക്കമുള്ള മേഖലകളില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുവാനും നെതന്യാഹുവിന് സാധിച്ചു. ഇസ്രയേല്‍-റഷ്യ ബന്ധങ്ങളിലും നെതുന്യാഹുവിന്റെ പങ്ക് വളരെ വലുതാണ്. മേഖലയിലെ ചൂട് പിടിച്ച വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് ഇസ്രയേല്‍ തെരഞ്ഞെടുപ്പെങ്കിലും പശ്ചിമേഷ്യയെ സംബന്ധിച്ചെടുത്തോളം അത് വളരെ പ്രധാനമാണ്.

Comments

comments

Categories: Arabia