വേണം നമുക്ക് അനേകം അസിം പ്രേംജിമാര്‍…

വേണം നമുക്ക് അനേകം അസിം പ്രേംജിമാര്‍…

ശതകോടീശ്വരന്മാര്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേതെങ്കിലും അതനുസരിച്ച് ദാനശീലം പോരെന്നതാണ് വാസ്തവം. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമ്പത്തിലെ സിംഹഭാഗവും ചെലവഴിക്കുന്ന അസിം പ്രേംജി മഹായശസ്‌കന്മാരുടെ നിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരെ മൊത്തത്തിലെടുക്കുമ്പോള്‍ അവസ്ഥ അത്ര കേമമല്ല

  • അസിം പ്രേംജി നല്‍കുന്ന തുക ഇന്ത്യന്‍ കമ്പനികളുടെ അഞ്ചുവര്‍ഷ-സിഎസ്ആര്‍ നീക്കിയിരുപ്പിന്റെ മൂന്നിരട്ടി വരും
  • കഴിഞ്ഞ 5 വര്‍ഷത്തെ ആഭ്യന്തര സിഎസ്ആര്‍ നീക്കിയിരുപ്പ് 49,000 കോടി രൂപയാണ്
  • പ്രേംജി മാത്രം സമൂഹത്തിന് നീക്കിവെച്ച തുക 1.45 ലക്ഷം കോടി രൂപ വരും
  • ഇന്ത്യന്‍ സര്‍ക്കാര്‍ 2017-18 സാമ്പത്തികവര്‍ഷത്തില്‍ സാമൂഹ്യ മേഖലയിലെ പദ്ധതികള്‍ക്കായി നീക്കിവെച്ച തുകയുടെ അടുത്ത് വരുമിത്
  • അഞ്ച് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ഇന്ത്യക്ക് പ്രതിവര്‍ഷം വേണ്ടത് 26 ലക്ഷം കോടി രൂപ

ദാനശീലത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ച മഹത്തായ പൈതൃകം അവകാശപ്പെടുന്ന നാടാണ് ഭാരതം. 100 കൈകള്‍കൊണ്ട് സമാഹരിച്ച് ആയിരം കൈകളിലേക്ക് ചൊരിയുകയെന്ന തത്വം ഉപദേശിച്ച ഋഷിവര്യന്മാരുടെ പിന്തുടര്‍ച്ച പേറുന്ന നമ്മുടെ നാട്ടില്‍ ഇന്ന് ശതകോടീശ്വരന്മാര്‍ക്ക് പഞ്ഞമില്ല.

2017ല്‍ മാത്രം 17 ശതകോടീശ്വരന്മാരാണ് രാജ്യത്ത് പുതുതായി ഉയര്‍ന്നുവന്നതെന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ വര്‍ഷം തന്നെ ഈ സമ്പന്ന വിഭാഗത്തിന്റെ മൊത്തം സമ്പത്തിലുണ്ടായത് 20,91,300 കോടി രൂപയുടെ വര്‍ധനയാണ്. 2017-18 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റിന്റെ തുകയോളം വരുമിത്. 2018 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ പ്രതിദിനം ഇന്ത്യയില്‍ 70 കോടിപതികള്‍ പുതുതായി ഉയര്‍ന്നുവരുമെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതയാത് സമ്പന്നരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്, അതങ്ങനെ തന്നെ തുടരുകയും ചെയ്യും.

ഇനി ഹുറണ്‍ ഇന്ത്യയുടെ സമ്പന്ന പട്ടിക ഒന്ന് നോക്കാം. 1,000 കോടി രൂപയ്ക്ക് മേല്‍ സമ്പത്തുള്ളവരെയാണ് ഹുറണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്താറുള്ളത്. 2018ല്‍ 831 ഇന്ത്യക്കാരാണ് ഹുറണ്‍ സമ്പന്നപട്ടികയില്‍ ഇടം നേടിയത്. 2017നെ അപേക്ഷിച്ചുണ്ടായത് 35 ശതമാനം വര്‍ധന. 2016നെ അപേക്ഷിച്ച് 100 ശതമാനം വര്‍ധനയും. 2018ലെ സമ്പന്നപട്ടികയിലുള്ളവരുടെ ശരാശരി സമ്പത്ത് 5,900 കോടി രൂപയാണ്.

സമ്പന്നരാണെങ്കിലും…

ദാനശീലത്തിന്റെ കാര്യമെടുക്കുമ്പോഴാണ് പ്രശ്‌നം. കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പണം ചെലവഴിക്കുന്നതില്‍ അത്ര കേമന്മാരല്ല നമ്മുടെ അതിസമ്പന്നരെന്നാണ് കണക്കുകള്‍ പറയുന്നത്. ഹുറണ്‍ ഇന്ത്യയുടെ 2018ലെ ഫിലാന്‍ത്രൊപി പട്ടിക ഇത് അടിവരയിടുന്നു. 12 മാസത്തിനിടെ 10 കോടി രൂപയോ അതിലധികമോ സമൂഹത്തിന് തിരിച്ച് നല്‍കിയവരെയാണ് ഹുറണ്‍ കാരുണ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി തന്നെയാണ് ദാനശീലരുടെ ഹുറണ്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. 3,71,000 കോടി രൂപയുടെ സമ്പത്തുള്ള അംബാനി ഒരു വര്‍ഷത്തിനിടെ 437 കോടി രൂപയാണ് സമൂഹത്തിന് തിരിച്ച് നല്‍കിയത്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം ഈ തുക ചെലവഴിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്റെ മൊത്തം സമ്പത്തിന്റെ .1 ശതമാനം മാത്രമാണ് ഈ ചെലവഴിച്ച തുക. ആദ്യമായാണ് അദ്ദേഹം ഈ പട്ടികയിലെത്തുന്നത്.

10 കോടിരൂപയിലധികം നല്‍കുന്ന ഇന്ത്യക്കാരുടെ എണ്ണം 2016ല്‍ 27 ആയിരുന്നത് 2018ല്‍ 39 ആയി ഉയര്‍ന്നെങ്കിലും നല്‍കുന്ന തുകയുടെ അളവ് കുറഞ്ഞു. ശരാശരി 86 കോടി രൂപയായിരുന്നു അന്ന് നല്‍കിയതെങ്കില്‍ ഇന്നത് 40 കോടി രൂപയിലേക്ക് കുറഞ്ഞു. 17 കോടി രൂപയിലധികം സമൂഹത്തിന് തിരിച്ചുനല്‍കുന്ന ശതകോടീശ്വന്മാരുടെ എണ്ണം ചൈനയില്‍ 100 കവിയുമെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ദാനം നല്‍കുന്ന ശരാശരി തുക ഇന്ത്യയില്‍ 40 കോടി രൂപ ആണെങ്കില്‍ ചൈനയില്‍ അത് 230 കോടി രൂപയാണ്.

അസിം പ്രേംജിയുടെ മഹത്വം

അസിം പ്രേംജി…ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംരംഭകരില്‍ പ്രമുഖനും വിപ്രോയുടെ സാരഥിയും. എന്നാല്‍ ഈ പേരില്ലെങ്കില്‍ സമകാലീന ഇന്ത്യയുടെ ദാനശീലകഥ തന്നെ നിരര്‍ത്ഥകമാകുമെന്നതാണ് വാസ്തവം. അസിം പ്രേംജിയെന്ന മഹായശസ്‌ക്കന്റെ തേരിലേറിയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) കഥ മുന്നേറിയത്.

2013ല്‍ പ്രേംജി നല്‍കിയത് 8,000 കോടി രൂപയാണ്. 2014ല്‍ സമൂഹത്തിന് തിരിച്ചു നല്‍കിയത് 12,316 കോടി രൂപയും 2015ല്‍ 27,514 കോടി രൂപയും. തീര്‍ന്നില്ല, ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മറ്റൊരു പ്രഖ്യാപനം കൂടിയെത്തി. 53,000 കോടി രൂപ വരുന്ന തന്റെ വിപ്രോ ഓഹരികളുടെ തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുകയാണെന്നായിരുന്നു അത്. നിക്ഷേപ മാന്ത്രികന്‍ വാറന്‍ ബഫറ്റിന്റെയും ബില്‍ ഗേറ്റ്‌സിന്റെയും നിരയിലേക്ക് ഇതോടെ ഇന്ത്യയുടെ സ്വന്തം അസിം പ്രേംജിയും എത്തി. അസിം പ്രേംജി ഫൗണ്ടേഷന്‍ കാരൂണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച തുക 1.45 ലക്ഷം കോടി (21 ബില്യണ്‍ ഡോളര്‍) രൂപയായി ഉയരുന്നതിനും പുതിയ പ്രഖ്യാപനം വഴിവെച്ചു.

എന്താണ് ഈ തുകയുടെ പ്രസക്തി

ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ജീവകാരുണ്യ എന്‍ഡോവ്‌മെന്റ് തുകയായിട്ടാണ് പ്രേംജിയുടെ സംഭാവന വിലയിരുത്തപ്പെടുന്നത്, ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തേതും. ദാനശീലത്തില്‍ അത്ര കേമന്മാരല്ല ഇന്ത്യയിലെ അതിസമ്പന്ന സംരംഭകരെന്ന് നേരത്തെ പറഞ്ഞല്ലോ. ഇതുകൂടി കേട്ടോളൂ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ സ്വകാര്യ മേഖല സാമൂഹ്യ പദ്ധതികള്‍ക്കായി സമാഹരിച്ച തുകയുടെ ഇരട്ടി വരും അസിം പ്രേംജി നീക്കിവെച്ച സംഭാവന.

ബില്‍ഗേറ്റ്‌സ്, ജോര്‍ജ് സോറോസ്, വാറന്‍ ബഫറ്റ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവര്‍ തങ്ങളുടെ സമ്പത്തിന്റെ നല്ലൊരു ശതമാനം സമൂഹത്തിന് തന്നെ തിരിച്ചുനല്‍കുമെന്നത് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ബില്‍ ഗേറ്റ്‌സിന്റെ പ്രധാന ദൗത്യം തന്നെ ഇപ്പോള്‍ സാമൂഹിക ഇടപെടലാണ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 51.6 ബില്യണ്‍ ഡോളറാണ് ദാനശീലപ്രവൃത്തികള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിലെ സ്റ്റിച്ച്ടിംഗ് ഐഎന്‍ജികെഎ ഫൗണ്ടേഷനാകട്ടെ 36 ബില്യണ്‍ ഡോളറും. ലണ്ടനിലെ വെല്‍ക്കം ട്രസ്റ്റിന്റെ സംഭാവന 27.1 ബില്യണ്‍ ഡോളര്‍ വരും. യുഎസിലെ ഹൊവാര്‍ഡ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേത് 23.8 ബില്യണ്‍ ഡോളറും. ഇക്കൂട്ടത്തിലേക്കാണ് 21 ബില്യണ്‍ ഡോളര്‍ നല്‍കി അസിം പ്രേംജിയും എത്തുന്നത്.

സാമൂഹ്യ മേഖലയ്ക്കായുള്ള ഇന്ത്യയിലെ സ്വകാര്യ ഫണ്ടിംഗ് കൂടുതലും വരുന്നത് വ്യക്തിഗതമായ സംഭാവനകളില്‍ നിന്നാണ്. എന്നാല്‍ ഇതില്‍ നിന്ന് പ്രേംജിയെ മാറ്റി നിര്‍ത്തിയാല്‍, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വകാര്യ സംരംഭകര്‍ നല്‍കിയ തുകയില്‍ നാല് ശതമാനം കുറവാണ് രേഖപ്പെടുത്തുകയെന്ന് ബയിന്‍ ആന്‍ഡ് കമ്പനിയുടെ ഫിലാന്‍ത്രൊപി റിപ്പോര്‍ട്ട് 2019ല്‍ പറയുന്നു.

അസിം പ്രേംജി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന തുക കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ ആഭ്യന്തര കമ്പനികള്‍ ചെലവഴിച്ച സിഎസ്ആര്‍ തുകയുടെ മൂന്നിരട്ടിയോളം വരും. മാത്രമല്ല ഇന്ത്യന്‍ സര്‍ക്കാര്‍ 2017-18 സാമ്പത്തികവര്‍ഷത്തില്‍ സാമൂഹ്യ മേഖലയിലെ പദ്ധതികള്‍ക്കായി നീക്കിവെച്ച തുകയുടെ അടുത്ത് വരുമിതെന്നതും ഓര്‍ക്കുക.

ഇതുപോരാ നമുക്ക്

അതിവേഗത്തില്‍ വളരുന്ന ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെങ്കിലും നമ്മുടെ സാമൂഹ്യ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ഈ തുകയൊന്നും മതിയാകില്ല എന്നതാണ് വാസ്തവം. 2030 ആകുമ്പോഴേക്കും ഐക്യരാഷ്ട്രസഭയുടെ 30 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ഇന്ത്യക്ക് എത്തിപ്പിടിക്കേണ്ടതുണ്ട്. എല്ലാവരുടെയും വിശപ്പകറ്റുക, മികച്ച ആരോഗ്യരംഗം പടുത്തുയര്‍ത്തുക, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, ലിംഗസമത്വം, ശുദ്ധ ജല ലഭ്യത-ഈ അഞ്ച് ലക്ഷ്യങ്ങളെങ്കിലും എത്തിപ്പിടിക്കാന്‍ പ്രതിവര്‍ഷം ഇന്ത്യക്ക് വേണ്ടത് 26 ലക്ഷം കോടി രൂപയാണെന്നാണ് ബയിന്‍ ആന്‍ഡ് കമ്പനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 16 ലക്ഷം കോടി രൂപയുടെ കുറവെങ്കിലും ഇന്ത്യ നേരിടുന്നുണ്ടെന്നാണ് അനൗദ്യോഗിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിസമ്പന്നരുടെ ദാനശീലസംസ്‌കാരം ശക്തമാക്കുകയെന്നതാണ് ഇതിനുള്ള പ്രധാന വഴികളിലൊന്ന്.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന വര്‍ധനവുണ്ടാകുമ്പോള്‍ അതനുസരിച്ച് അവരുടെ ദാനശീലവും മെച്ചപ്പെടണമെന്നുള്ള വാദത്തിന്റെ പ്രസക്തി ഇവിടെയാണ്. സമൂഹത്തിന്റെ മൂലധനം കൂടി ഉപയോഗിച്ചാണ് ഈ സംരംഭകര്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ അവരുടെ ധാര്‍മിക ബാധ്യത കൂടിയാണത്. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് യഥാര്‍ത്ഥ സംരംഭകത്വം. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് നല്‍കാവുന്നതിനേക്കാള്‍ വളരെ കുറച്ച് തുക മാത്രമാണ് പല ശതകോടീശ്വരന്മാരും സമൂഹത്തിന് തിരിച്ചുനല്‍കുന്നത്. അവര്‍ മാറിച്ചിന്തിക്കാന്‍ തയാറായേ മതിയാകൂ. അസിം പ്രേംജിയുടെ പ്രവൃത്തികള്‍ അവര്‍ക്ക് പ്രചോദനമേകട്ടെ.

ഇന്ത്യയുടെ ദാനശീലചിത്രം (2013 മുതല്‍ 2018 വരെ)

10 കോടിക്ക് മേല്‍ നല്‍കിയ ഇന്ത്യക്കാരുടെ എണ്ണവും അവര്‍ നല്‍കിയ മൊത്തം തുകയും

2013: 31; 15,250 കോടി രൂപ

2014: 50; 15,000 കോടി രൂപ

2015: 36; 32,400 കോടി രൂപ

2016: 27; 2,334 കോടി രൂപ

2018: 39; 1,560 കോടി രൂപ

വിവരങ്ങള്‍ക്ക് കടപ്പാട്

ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട് (2018)

ബയിന്‍ ആന്‍ഡ് കമ്പനി ഇന്ത്യ ഫിലന്‍ത്രൊപി റിപ്പോര്‍ട്ട് 2019

ഹുറണ്‍ ഇന്ത്യ റിച്ച്‌ലിസ്റ്റ്

Categories: FK Special, Slider