കുതിരപ്പുറത്തേറി പരീക്ഷയെഴുതാന്‍ പോയതിന്റെ കാരണം വിശദീകരിച്ച് പെണ്‍കുട്ടി

കുതിരപ്പുറത്തേറി പരീക്ഷയെഴുതാന്‍ പോയതിന്റെ കാരണം വിശദീകരിച്ച് പെണ്‍കുട്ടി

തൃശൂര്‍: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു പെണ്‍കുട്ടി കുതിരപ്പുറത്തേറി പരീക്ഷ എഴുതാന്‍ പോകുന്ന ദൃശ്യം. തൃശൂര്‍ ജില്ലയിലെ കൃഷ്ണ എന്ന പെണ്‍കുട്ടിയായിരുന്നു പത്താം ക്ലാസിലെ അവസാന പരീക്ഷയെഴുതാന്‍ കുതിരപ്പുറത്തേറി പോയത്. ഇതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്നു കുതിരപ്പുറത്തേറി പരീക്ഷയെഴുതാന്‍ പോയതിന്റെ കാരണം വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണു കൃഷ്ണ. താന്‍ സ്ഥിരമായി കുതിര സവാരി നടത്താറില്ലെന്നും, വിശേഷ ദിവസങ്ങളിലോ, അതുമല്ലെങ്കില്‍ ബോറടിക്കുന്ന വേളയിലോ മാത്രമാണു കുതിര സവാരി നടത്തുന്നതെന്നും കൃഷ്ണ പറഞ്ഞു. പത്താം ക്ലാസിലെ അവസാന പരീക്ഷ എന്നെ സംബന്ധിച്ചു വിശേഷ ദിവസമായിരുന്നു. അതുകൊണ്ടാണ് അന്നു കുതിരപ്പുറത്തേറി പരീക്ഷയ്ക്കു പോയതെന്നും കൃഷ്ണ പറഞ്ഞു. ഏഴാം ക്ലാസില്‍ വച്ചാണു കുതിര സവാരി പരിശീലിച്ചു തുടങ്ങിയതെന്നും, വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിനു ശേഷമാണു കുതിരപ്പുറത്തേറി ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ തുടങ്ങിയതെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ ഒരു സുഹൃത്ത് കുതിര സവാരി എളുപ്പം പഠിച്ചെടുക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്നും പെണ്‍കുട്ടികള്‍ക്ക് അസാധ്യമാണെന്നും പറഞ്ഞു. ജാന്‍സി റാണിയെ പോലുള്ള സ്ത്രീകള്‍ക്കു മാത്രമായിരിക്കും അതിനു സാധിക്കുകയെന്നും സുഹൃത്ത് പറഞ്ഞു. ഇതൊരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നെന്നു കൃഷ്ണ പറഞ്ഞു.

Comments

comments

Categories: FK News
Tags: Riding horse