2018-2019ലെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനം

2018-2019ലെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനം

ചെലവിടല്‍ ചുരുക്കിയും ചെറു നിക്ഷേപ ഫണ്ടുകളില്‍ നിന്നുള്ള ഉയര്‍ന്ന വായ്പകള്‍ കുറച്ചുമാണ് ധനക്കമ്മി ബജറ്റിലെ പ്രഖ്യാപിത ലക്ഷ്യത്തില്‍ പിടിച്ചുനിര്‍ത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

ന്യൂഡെല്‍ഹി: ധനക്കമ്മിയുടെ കാര്യത്തില്‍ വാക്ക് പാലിച്ച് കേന്ദ്ര സര്‍ക്കാര്‍. 2018-2019 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുമെന്ന ബജറ്റ് ലക്ഷ്യം സര്‍ക്കാര്‍ നിറവേറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചെലവിടല്‍ ചുരുക്കിയും ചെറു നിക്ഷേപ ഫണ്ടുകളില്‍ നിന്നുള്ള ഉയര്‍ന്ന വായ്പകള്‍ കുറച്ചുമാണ് ധനക്കമ്മി ബജറ്റ് ലക്ഷ്യത്തില്‍ പിടിച്ചുനിര്‍ത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനം ബജറ്റിലെ പ്രഖ്യാപിത ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു ലക്ഷം കോടി രൂപയിലധികം കുറവാണ് നികുതി വരുമാനത്തില്‍ ബജറ്റില്‍ കണക്കാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായിട്ടുള്ളത്. 12 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിരുന്നത്. ഇതില്‍ 50,000 കോടി രൂപ കുറഞ്ഞ് 11.5 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് നേടാനായത്.

പരോക്ഷ നികുതി വരുമാനത്തില്‍ ബജറ്റിലെ പ്രഖ്യാപിത ലക്ഷ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 65,000 കോടി രൂപയുടെ ഇടിവുണ്ടായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നികുതി വരുമാനത്തിലുണ്ടായ ഇടിവും ജിഎസ്ടി ലക്ഷ്യ പ്രാപ്തിയിലെത്തതും ധനക്കമ്മിയില്‍ പ്രതിഫലിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതിനു വിപരീതമായി ധനക്കമ്മി 3.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനായത് പൊതുതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2019-2020) ഇടക്കാല ബജറ്റവതരണത്തിലാണ് പ്രത്യക്ഷ നികുതി വരുമാനം സംബന്ധിച്ച ലക്ഷ്യം നേരത്തെ കണക്കാക്കിയ 11.5 ലക്ഷം കോടി രൂപയില്‍ നിന്നും 12 ലക്ഷം കോടി രൂപയായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതിയില്‍ നിന്നും ഉയര്‍ന്ന വരുമാനം നേടാനാകുമെന്ന പ്രതീക്ഷയെ തുടര്‍ന്നായിരുന്നു ഇത്. പ്രകതീക്ഷിത ജിഎസ്ടി വരുമാനത്തിലും സര്‍ക്കാര്‍ ഇത്തരത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി വരുമാനം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇടക്കാല ബജറ്റിലെ പുതുക്കിയ കണക്ക് പ്രകാരം 2018-2019ല്‍ 6.44 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ലക്ഷ്യവും പരാജയപ്പെടാനാണ് സാധ്യത. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൗണ്‍സില്‍ കുറച്ചിരുന്നു. ഇത് വരുമാനത്തില്‍ പ്രതിഫലിച്ചേക്കുമെന്നാണ് നിഗമനം.

അതേസമയം, മന്ത്രാലയങ്ങളുടെ ചെലവിടലിലും വായ്പകളിലും ഏതൊക്കെ വിധത്തില്‍ കുറവ് വരുത്തിയാണ് ധനക്കമ്മി ലക്ഷ്യം സാധ്യമാക്കിയതെന്ന വിശദവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഭക്ഷ്യം സബ്‌സിഡ്യുടെ കാര്യത്തിലും വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ചെറു നിക്ഷേപ ഫണ്ടുകളില്‍ നിന്നും 30,000-40,000 കോടി രൂപ വരെ വായ്പയെടുത്താണ് ഭക്ഷ്യ സബ്‌സിഡി ബില്‍ സര്‍ക്കാര്‍ ലക്ഷ്യത്തിലെത്തിച്ചത്. 2018-2019 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 1.69 ലക്ഷം കോടി രൂപയാണ് ഭക്ഷ്യ സബ്‌സിഡിക്കായി വകയിരുത്തിയിരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ ഇത് 1.71 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.

ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പിഎം കിസാന്‍ പദ്ധതി ആനുകൂല്യങ്ങളും സര്‍ക്കാര്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. 20,000 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിക്കായി അനുവദിച്ചത്. എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ പകുതിയിലധികവും സര്‍ക്കാരിന് ചെലവഴിക്കാനായിട്ടില്ല. ഇതിനുപുറമെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വഴി നേടാന്‍ ലക്ഷ്യമിട്ട തുകയില്‍ 5,000 കോടി രൂപ അധികം നേടാന്‍ കഴിഞ്ഞതും ലാഭവിഹിതം, ഓഹരി തിരികെ വാങ്ങല്‍ തുടങ്ങിയ നികുതിയിതര മാര്‍ഗങ്ങളിലൂടെയുള്ള വരുമാനവും ധനക്കമ്മി നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

നികുതി ലക്ഷ്യങ്ങളും പരാജയവും

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനം ബജറ്റിലെ പ്രഖ്യാപിത ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു ലക്ഷം കോടി രൂപയിലധികം കുറവാണ് ബജറ്റില്‍ കണക്കാക്കിയ തനികുതി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായിട്ടുള്ളത്. 12 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിരുന്നത്. ഇതില്‍ 50,000 കോടി രൂപ കുറഞ്ഞ് 11.5 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് നേടാനായത്. പരോക്ഷ നികുതി വരുമാനത്തില്‍ 65,000 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തി.

Comments

comments

Categories: Business & Economy