സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം വിജയിച്ചാല്‍ മതിയോ?

സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം വിജയിച്ചാല്‍ മതിയോ?

സ്റ്റാര്‍ട്ടപ്പുകളുടെയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയുമൊക്കെ കാലത്ത് പരമ്പരാഗത വ്യാപാരികളുടെ സാധ്യതകള്‍ എന്താവും? പരിവര്‍ത്തനത്തെ തിരിച്ചറിയുകയും മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അവയ്ക്കനുസൃതമായി ബിസിനസിനെ നവീകരിക്കുകയും ചെയ്യുന്ന വ്യാപാരികള്‍ക്ക് പിടിച്ചു നില്‍ക്കാനാവുമെന്നാണ് പൊതുവെയുള്ള അനുഭവം. കാലാകാലങ്ങളായി ലഭിച്ച മുന്നറിയിപ്പ് സന്ദേശങ്ങളെ തമസ്‌കരിച്ച വമ്പന്‍മാരായ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ്, കൊഡാക്, എച്ച്എംടി ഒക്കെ എവിടെയോ പോയി മറഞ്ഞതിന്റെ നേര്‍സാക്ഷ്യം നമ്മുടെ മുന്നിലുണ്ട്. പുതിയ കാലത്തിന്റെ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമാവുക എന്നതാണ് പരമ്പരാഗത വ്യാപാരികളെ സംബന്ധിച്ച് ഉത്തമം

വ്യാപാരികളുടെ ഒരു ചെറിയ ബ്രേക്ഫാസ്റ്റ് മീറ്റില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സംസാരിക്കാന്‍ വിളിച്ചിരുന്നു. നിഷാന്ത് എന്ന് പറയുന്ന ഒരു ഡോക്ടര്‍ കുറെ കാലങ്ങളായി ഹോസ്പിറ്റല്‍ സംരംഭം നടത്തുന്നു. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ ഹോസ്പിറ്റല്‍ സംരംഭത്തെ ഒന്ന് മാറ്റിയെടുക്കണം എന്ന് അദ്ദേഹത്തിന് വലിയ താല്‍പ്പര്യം. മീറ്റിംഗ് കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ഇരുന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം വ്യവസായികളും ഇതേ ആവശ്യം തന്നെ മുന്നോട്ടു വെച്ചു. ‘ഞങ്ങള്‍ തലമുറകളായി ബിസിനസ് നടത്തുന്നവരാണ്. പക്ഷെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഞങ്ങളുടെ ബിസിനസ് രീതിയെ തന്നെ പിടിച്ചു കുലുക്കികൊണ്ടിരിക്കുന്നു. ഇതിനെ തരണം ചെയ്യാന്‍ ഉള്ള വഴി ഞങ്ങള്‍ക്ക് എത്രയും പെട്ടെന്നു കണ്ടെത്താന്‍ സഹായിച്ചാല്‍ നന്നായിരുന്നു’ എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അപ്പോഴാണ് ഞാനും ഓര്‍ത്തത്, ശരിയാണല്ലോ… എല്ലാരും സ്റ്റാര്‍ട്ടപ്പ് സ്റ്റാര്‍ട്ടപ്പ് എന്ന് പറഞ്ഞാല്‍ ഇവിടെത്തന്നെയുള്ള പരമ്പരാഗതമായി വ്യാപാരം ചെയ്യുന്നവര്‍ക്കും രക്ഷപ്പെടേണ്ടേ? വളരെ ന്യായമായ ചോദ്യം, അല്ലേ?

എത്രയോ വര്‍ഷങ്ങളായി കൊടികെട്ടി പറന്ന കമ്പനികളാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്, എച്ച്എംടി, കൊഡാക് എന്നിവ. പെട്ടെന്നൊരു സുപ്രഭാതത്തില്‍ കാണാതായതാണോ അവയൊക്കെ? അല്ല! വേണ്ടുവോളം സ്വാഭാവിക മുന്നറിയിപ്പുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നു എന്നതാണ് സത്യം. അതൊന്നും കാര്യമാക്കാതെ പോയകാല പ്രതാപത്തിന്റെ കുളിരില്‍ ചടഞ്ഞിരുന്നതിന്റെ ദുരന്ത ഫലം. അത് മറ്റുള്ളവര്‍ക്ക് സംഭവിക്കരുത് എന്നുള്ളത് കൊണ്ട് തന്നെ നമുക്ക് ഇത്തവണ പരമ്പരാഗത വ്യാപാരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.

നിങ്ങള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനമായ കാര്യം, ബിസിനസ് കാഴ്ചപ്പാട് പൂര്‍ണമായും ‘റീബൂട്ട്’ ചെയ്യുക എന്നതാണ്. എന്റെ ഉപ്പാപ്പക്കൊരാനേണ്ടാര്‍ന്നു എന്ന രീതിയിലുള്ള പഴംപുരാണം ഇവിടെ നടപ്പില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറിയ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇടയില്‍ നിങ്ങളുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം എവിടെ നില്‍ക്കുന്നു എന്ന് ഒരവലോകനം നടത്തുക. കഴിയുമെങ്കില്‍ നിങ്ങളുടെ കുറെ കാലമായുള്ള ഉപഭോക്താക്കളുടെ പുതിയ തലമുറയുമായി ഒരു അഭിമുഖം ഇക്കാര്യത്തില്‍ വളരെ ഗുണം ചെയ്യും. അവിടെയും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അവരെ കഴിയുന്നതും സംസാരിക്കാന്‍ അനുവദിച്ചുകൊണ്ട് തികഞ്ഞ ശ്രോതാവാകുക എന്നതാണ്.

അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദന ചെലവിന്റെ താരതമ്യ പഠനമാണ്. അതില്‍ അവഗാഹം കുറവാണെങ്കില്‍ ഒരു നല്ല കോസ്റ്റ് എക്കൗണ്ടന്റിന്റെ സഹായം തേടാവുന്നതാണ്. നവയുഗ ഉല്‍പ്പന്നങ്ങള്‍ വിപണി പിടിച്ചെടുക്കുന്നതിന്റെ ഏറ്റവും വലിയ കാരണം വിലയിലെ അന്തരം തന്നെയാണ്. ഉദാഹരണത്തിന് തേങ്ങയുടെ ഒരു ഹെക്ടറിലെ ഉല്‍പ്പാദനം കേരളത്തിനേക്കാള്‍ വളരെ അധികം കൂടുതലാണ് തമിഴ്‌നാട്ടില്‍. അവരുടെ ശാസ്ത്രീയമായ സമീപനം തന്നെ കാരണം.

ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാതെ ഈ വിപണിയില്‍ പിടിച്ചു നില്‍ക്കുക അസാധ്യം തന്നെ. ഉല്‍പ്പാദന ചെലവ് മാത്രമല്ല, നിര്‍വഹണ ചെലവുകളും കഴിയാവുന്നത്ര കുറച്ചാല്‍ മാതമേ ലക്ഷ്യം നേടാന്‍ കഴിയു. വലിയ ഒരു നഷ്ടം സാധാരണ പറ്റുന്നത് ഉല്‍പ്പാദനത്തിനിടക്ക് അശ്രദ്ധകൊണ്ട് ഉല്‍പ്പന്നത്തില്‍ വരുന്ന കേടുപാടുകളും പാഴ്‌ചെലവുകളുമാണ്. ഓട്ടോമൊബീല്‍ ആയാലും സംസാരിക്കാനുപയോഗിക്കുന്ന മൊബീല്‍ ആയാലും ഇടത്തരം മുതല്‍ വലിയ കമ്പനികള്‍ വരെ 6 സിഗ്മ (6 ) എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അതായത് പത്തു ലക്ഷം ഉല്‍പ്പാദിപ്പിച്ചാല്‍ അതില്‍ ന്യൂനതകളുള്ളവ 3, 4 എണ്ണത്തില്‍ കൂടരുത് എന്ന് സാരം.

ഇതിനിടയ്ക്ക് എനിക്ക് ഓര്‍മ്മ വരുന്നത് കുട്ടിക്കാലത്ത് പാലക്കാട്ട് കണ്ടിട്ടുള്ള സ്വര്‍ണത്തിന്റെ മുടിചൂടാ മന്നന്മാരെപ്പറ്റിയാണ്. പുതിയതായി വന്ന ആധുനിക ജൂവലറികള്‍ക്ക് മുന്നില്‍ അവരില്‍ പലരും പിടിച്ചു നില്‍ക്കാന്‍ പോലും പറ്റാതെ നാമാവശേഷമായി. അവരില്‍ എത്രപേര്‍ ഇതിന്റെ കാരണം അന്വേഷിച്ചു പോയി എന്ന് ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമെന്നാണ് ഉത്തരം. ആ പോയവരില്‍, പറ്റിയ തെറ്റുകള്‍ മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍ നടത്തി മുന്നേറിയവര്‍ ഇന്നും നല്ല രീതിയില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നു. അല്ലാത്തവര്‍ വെറുതെ ഒരു പേരിനു വേണ്ടി കടയും തുറന്നിരിക്കുന്നു. അവര്‍ ആരും തന്നെ ആ വ്യാപാരം കൊണ്ട് എന്ത് ലക്ഷ്യം വെക്കുന്നു എന്നും ലക്ഷ്യത്തിലേക്ക് എത്താന്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നും വ്യക്തമായി അന്നും ഇന്നും പ്രതിപാദിച്ചതായി കാണുന്നില്ല. ഇതിനെ കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍സ് (KPI ) എന്ന് പറയും. ഇവ നിര്‍വഹിച്ചാല്‍ മാത്രമേ മുന്നോട്ട് നീങ്ങാന്‍ കഴിയുകയുള്ളു. മാത്രമല്ല, ഓരോ KPI യും അളക്കാന്‍ പറ്റാവുന്നതുമായിരിക്കണം.

പഴയകാല വ്യാപാരികളുടെ ഒരു വലിയ പ്രശ്‌നം, കഴിവിനേക്കാള്‍ തുച്ഛമായ ശമ്പളത്തിന് പ്രാധാന്യം നല്‍കിയിരുന്നു എന്നതാണ്. നല്ല കഴിവുള്ള ആളുകള്‍ക്ക് നല്ല ശമ്പളം നല്‍കി കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനും അതിനു തക്ക ഫലം കൊണ്ടുവരുന്നതിനും വിപണി മൂല്യം കൂട്ടുന്നതിനും പകരം ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ വന്നു ചേരുന്ന ഒന്നിനും കൊള്ളാത്ത ആളുകളെ വെച്ച് മുന്നോട്ട് പോവുകയാണ് പലരും ചെയ്തിരുന്നത്. ഏറ്റവും ആദ്യം മാറേണ്ടത് ഈ മനോഭാവമാണ്. നല്ല ശമ്പളം നല്‍കുക, ശമ്പളത്തിന്റെ അഞ്ചിരട്ടിയെങ്കിലും വ്യാപാരം എത്തിക്കാന്‍ നിര്‍ദ്ദേശിക്കുക. നിങ്ങളും ഹാപ്പി, ജീവനക്കാരനും ഹാപ്പി. ഒരു പ്രധാനകാര്യം, ശുപാര്‍ശയുമായി വരുന്ന ആളുകളെ ഒരിക്കലും ജോലിക്ക് എടുക്കാതിരിക്കുക.

ഓണ്‍ലൈന്‍/നവമാധ്യമങ്ങളില്‍ സജീവമാകുക. ഇനിയും പഴയപോലെ ബിറ്റ് നോട്ടീസും പേപ്പര്‍ പ്രചാരണത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വലിയ ഒരു വിപണിയാവും നഷ്ടമാകുക. പുതിയ കണക്കുകള്‍ പ്രകാരം 39% ആളുകള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 2025 ആകുമ്പോഴേക്കും അത് 55% പ്രതീക്ഷിക്കുന്നു. ഇത്രയും വലിയ ഒരു സ്രോതസ്സിനെ കുശാഗ്രബുദ്ധിയുള്ള ആരും കുറച്ചു കാണുമെന്ന് തോന്നുന്നില്ല. ചുരുക്കത്തില്‍ പരമ്പരാഗത വ്യാപാരികള്‍ ഡിജിറ്റലാകണം. നല്ല ജീവനക്കാരെ ഏത് വിധേനയും കണ്ടെത്തി, തികഞ്ഞ പ്രൊഫഷണലിസം കൊണ്ട് വന്നാല്‍ മാത്രമേ ഇനി പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400

Categories: FK Special, Slider