കരകയറാനാകാതെ സൗദിയിലെ സിമന്റ് നിര്‍മാണ കമ്പനികള്‍

കരകയറാനാകാതെ സൗദിയിലെ സിമന്റ് നിര്‍മാണ കമ്പനികള്‍

വരുമാനത്തില്‍ 90 ശതമാനം വരെ ഇടിവ്

റിയാദ്: സൗദി അറേബ്യയിലെ സിമന്റ് നിര്‍മാണ കമ്പനികള്‍ക്ക് മറ്റൊരു ദുരിത വര്‍ഷവും കൂടി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പ്രധാന നിര്‍മാണ പദ്ധതികള്‍ മന്ദഗതിയിലായതാണ് അറബ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദിയിലെ സിമന്റ് കമ്പനികളുടെ ലാഭത്തിന് വിലങ്ങുതടിയായത്.

2018ല്‍ സൗദി അറേബ്യയിലെ ലിസ്റ്റ് ചെയ്ത 15 സിമന്റ് നിര്‍മാണ കമ്പനികളുടെ ആകെ വരുമാനം 185.7 മില്യണ്‍ ഡോളര്‍ ആയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന വരുമാനത്തേക്കാള്‍ 90 ശതമാനം കുറവാണ് ഇത് എന്ന് പറയുമ്പോഴാണ് സിമന്റ് കമ്പനികള്‍ നേരിടുന്ന ദുരിതത്തിന്റെ വ്യാപ്തി അറിയുക. 2014ല്‍ 1.6 ബില്യണ്‍ ഡോളറായിരുന്നു ഇവരുടെ ലാഭം. ഈ വര്‍ഷവും സിമന്റ് നിര്‍മാണ മേഖലയ്ക്ക് വലിയ പ്രതീക്ഷകള്‍ക്ക് വകയില്ലെന്ന് തന്നെയാണ് വിലയിരുത്തലുകള്‍.

ആവശ്യം കുറഞ്ഞതും മത്സരം വര്‍ധിച്ചതുമാണ് സിമന്റ് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. സൗദി അറേബ്യയുടെ മധ്യ, പടിഞ്ഞാറന്‍ മേഖലകളിലുള്ളവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഊര്‍ജ സബസ്ഡി നിരക്കുകള്‍ കുറച്ചതോടെ ഇവരുടെ ഗതാഗതച്ചിലവുകളും വര്‍ധിച്ചു. 2016ന് ശേഷം സിമന്റിനുള്ള ആവശ്യം വളരെ കുറയുകയും മേഖലയില്‍ കടുത്ത മത്സരം ഉണ്ടാകുകയും സിമന്റിന് വില കുറയുകയും ചെയ്തതാണ് സൗദി അറേബ്യയിലെ സിമന്റ് നിര്‍മാതാക്കളെ ദുരിതത്തിലാഴ്ത്തിയതെന്ന് ട്യൂണിസിലെ ആല്‍ഫമേനയില്‍ അനലിസ്റ്റ് ആയ ഫാത്മ ഛര്‍ഫി പറയുന്നു. ബജറ്റ് കമ്മി മൂലം സര്‍ക്കാര്‍ നിര്‍മാണ മേഖലയിലെ ചിലവുകള്‍ വെട്ടിച്ചുരുക്കിയതും സിമന്റ് നിര്‍മാതാക്കള്‍ക്ക് ആഘാതമായി.

ദമാമിലെ സൗദി സിമന്റ് കോ. എന്ന കമ്പനിയിലാണ് ലിസ്റ്റ് ചെയ്ത കമ്പനികളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വരുമാനം റിപ്പോര്‍ട്ട് ചെയ്തത്, 107 മില്യണ്‍ ഡോളര്‍. 2017ല്‍ 121 മില്യണ്‍ ഡോളറായിരുന്നു ഇതേ കമ്പനിയുടെ വരുമാനം. അതേസമയം സൗദിയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള തബൂക് സിമന്റ് കോ എന്ന കമ്പനിയില്‍ കഴിഞ്ഞ വര്‍ഷം 26 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ റിപ്പോര്‍ട്ട് ചെയ്ത നഷ്ടത്തിന്റെ നാലിരട്ടി വരുമിത്.

അടുത്ത വര്‍ഷത്തോട് കൂടിയേ സൗദിയിലെ സിമന്റ് നിര്‍മാണ മേഖല ദുരിതത്തില്‍ നിന്നും കരകയറാന്‍ ആരംഭിക്കുകയുള്ളുവെന്ന് മസ്‌കറ്റിലെ ഇഎഫ്ജി ഹേംസിലെ ഇക്വിറ്റി റിസര്‍ച്ച് വൈസ് പ്രസിഡന്റ് ആയ സമീര്‍ കട്ടിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. 2019 അവസാനത്തോടെയോ 2020 ആദ്യമോ വമ്പന്‍ പദ്ധതികള്‍ സിമന്റിനുള്ള ആവശ്യം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia