ഉറക്കക്കുറവ് പാരമ്പര്യഘടകം

ഉറക്കക്കുറവ് പാരമ്പര്യഘടകം

ക്രമരഹിതമായ ഉറക്കത്തിനും ഉറക്കവുമായ ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ക്കും ജനിതക ശാസ്ത്രവുമായി ബന്ധമുണ്ടെന്ന് പഠനം. ഉറക്കപ്രശ്‌നങ്ങള്‍ക്ക് മനുഷ്യരിലെ ജനിതകഘടനയുമായി ഗൗരവമായ ബന്ധമുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തിയിട്ടുണ്ട്. മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലും എക്‌സീറ്റര്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തില്‍ ജനിതക കോഡും ഉറക്കത്തിന്റെ തോതും തമ്മില്‍ 47 തരത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞു. ജനിതക മേഖലകളില്‍ നിന്നു ഗവേഷകര്‍ കണ്ടെത്തിയ പിഡിഇ 11എ എന്ന് വിളിക്കപ്പെടുന്ന ഒരു ജീന്‍ ആണ് ഇതിന്റെ ഉത്തരവാദി. ഈ ജീനിന്റെ അസാധാരണമായ രൂപഭേദം എത്ര നേരം ഒരാള്‍ ഉറങ്ങുന്നുവെന്നു മാത്രമല്ല, സുഖകരമായ ഉറക്കത്തെയും ബാധിക്കുന്നതായി ഗവേഷകസംഘം കണ്ടെത്തി. ഉറക്കത്തെ സ്വാധീനിക്കുന്ന ജനിതക വകഭേദങ്ങളെ ഈ പഠനത്തിലൂടെ തിരിച്ചറിയാനായെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സാമുവല്‍ ജോണ്‍സ് വ്യക്തമാക്കി. മനുഷ്യരുടെ ഉറക്കത്തിന്റെ തന്മാത്രാരൂപത്തിലേക്ക് ഇത് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉറക്കത്തിന്റെ അളവിലും സമയത്തിലും വരുന്ന മാറ്റങ്ങള്‍ പ്രമേഹം, പൊണ്ണത്തടി, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ രോഗങ്ങളിലേക്കു നയിക്കുമെന്ന് ഗവേഷണസംഘത്തിലെ ആന്‍ഡ്രു വുഡ് കൂട്ടിച്ചേര്‍ത്തു. യുകെ ബയോബാങ്കിലുള്ള 85,670 പേരുടെയും മറ്റ് മൂന്നു പഠനങ്ങളില്‍ പങ്കാളികളായ 5,819 പേരുടെയും വിശദാംശങ്ങള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. ഉറക്കവുമായി ബന്ധപ്പെട്ട ജനിതകഘടകങ്ങള്‍ക്ക് സന്തോഷവും സ്വാസ്ഥ്യവും നിയന്ത്രിക്കാനാകുന്ന തലച്ചോറിലെ സെറോടോണിന്റെ ഉത്പാദനവുമായി ബന്ധമുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. സുഖനിദ്ര ലഭിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകം കൂടിയാണ് സെറോട്ടോണിന്‍. രാത്രിസമയത്ത് കാലുകളില്‍ കഠിന വേദനയുണ്ടാക്കുന്ന റെസ്റ്റ്‌ലെസ് ലെഗ് സിന്‍ഡ്രോമിന് ഉറക്കവുമായി ബന്ധപ്പെട്ട ജനിതക വ്യതിയാനങ്ങളുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. സുഖനിദ്ര ലഭിക്കാത്തതിനാലാണ് ഈ അവസ്ഥയുണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍.

Comments

comments

Categories: Health