ചൈനീസ് കെണിയില്‍ ചാടിയ ഫിലിപ്പീന്‍സ് ‘അനുഭവിച്ചു’തുടങ്ങി

ചൈനീസ് കെണിയില്‍ ചാടിയ ഫിലിപ്പീന്‍സ് ‘അനുഭവിച്ചു’തുടങ്ങി

ദക്ഷിണ ചൈനാ കടലില്‍ ചൈന നടത്തുന്ന അധിനിവേശത്തിനെതിരെ ഇപ്പോള്‍ ഫിലിപ്പീന്‍സ് പ്രതികരിക്കുകയാണ്. എന്നാല്‍ നേരത്തെ ചൈനീസ് പ്രസിഡന്റും അഭിനവ മാവോയുമായ ഷി ജിന്‍പിംഗിന്റെ വാക്ക് കേട്ടത്തിന്റെ ഫലമാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നത്. വിദേശനയത്തിലെ പാളിച്ച ദ്വീപ് രാഷ്ട്രത്തെ വലിയ കുരുക്കിലാണകപ്പെടുത്തിയിരിക്കുന്നത്

  • ചൈനീസ് നയത്തിലെ പാളിച്ചയാണ് ഫിലിപ്പീന്‍സിനെ ഇപ്പോള്‍ കുരുക്കിലാക്കിയിരിക്കുന്നത്
  • ഷി ജിന്‍പിംഗിന്റെ വാക്ക് വിശ്വസിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന് ഇപ്പോള്‍ യുഎസ് മതി
  • ദക്ഷിണ ചൈനാക്കടലിനെ വരുതിയിലാക്കാനുള്ള ചുവന്ന വ്യാളിയുടെ തന്ത്രങ്ങള്‍ തുടരുന്നു
  • താങ്ങാവുന്നതിലധികം വായ്പ നല്‍കി ചെറുരാജ്യത്തെ തങ്ങളുടെ ആശ്രിതരാജ്യമാക്കി മാറ്റുക
  • ശ്രീലങ്കയെ കടക്കെണി നയതന്ത്രത്തിലൂടെ വലിയ കുഴിയില്‍ ചാടിച്ച തന്ത്രം തന്നെയാണ് ചൈന പയറ്റുന്നത്

പ്രസിഡന്റ് റൊഡ്രിഗോ ഡ്യുറ്റര്‍ട്ടെയുടെ നയങ്ങളിലെ സ്ഥിരതയില്ലായ്മയ്ക്കും ചൈനീസ് സ്‌നേഹത്തിനുമുള്ള വിലയാണ് ഫിലിപ്പീന്‍സ് ഇപ്പോള്‍ നല്‍കുന്നത്. കൃത്യമായ ധാരണകളില്ലാത്ത ചൈനീസ് നയമാണ് ഫിലിപ്പീന്‍സിനെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്. ദക്ഷിണ ചൈന കടലില്‍ ചൈനയുടെ രാഷ്ട്രീയ, സൈനിക താല്‍പ്പര്യം മനസിലാക്കുന്നതില്‍ വന്ന പരാജയം ഇന്ന് ഫിലിപ്പീന്‍സിന്റെ പരമാധികാരത്തെ തന്നെ ബെയ്ജിംഗ് ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു.

ഫിലിപ്പീന്‍സിന്റെ നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ ദ്വീപുകള്‍ക്ക് സമീപം ഇരുനൂറോളം ചൈനീസ് കപ്പലുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിനെതിരെ അതിശക്തമായാണ് ഫിലിപ്പീന്‍സ് പ്രതികരിച്ചിരിക്കുന്നത്. ട്രംപ് പിന്തുണയ്ക്കാനുണ്ടെന്ന ധൈര്യത്തിലാണ് പുതിയ പ്രതികരണമെന്നത് തീര്‍ച്ച.

ഫിലിപ്പീന്‍സിന്റെ അധികാര പരിധിയിലുള്ള പഗാസ ദ്വീപിന് സമീപമാണ് ചൈനീസ് കപ്പലുകള്‍ തമ്പടിച്ചിരിക്കുന്നത്. ദ്വീപില്‍ ചൈന കാലുകുത്തിയാല്‍ ചാവേറാക്രമണം വരെ നടത്താന്‍ മടിക്കില്ലെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ദ്വീപിനു സമീപം ചൈനയുടെ കോസ്റ്റ്ഗാര്‍ഡിന്റെയും മറ്റുകപ്പലുകളുടെയും സാന്നിധ്യം വര്‍ധിച്ചതിനെത്തുടര്‍ന്നായിരുന്നു റോഡ്രിഗോയുടെ പ്രതികരണം. ചൈനീസ് കപ്പലുകളുടെ സാന്നിധ്യം നിയമവിരുദ്ധമാണ്. ഫിലിപ്പീന്‍സിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണ് ചൈനയുടെ നീക്കം-ഫിലിപ്പീന്‍സ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ചൈനീസ് അധിനിവേശം

ദക്ഷിണ ചൈനാ കടലിലെ മുഴുവന്‍ മേഖലകളെയും തങ്ങളുടേതായിട്ടാണ് ചൈന കാണുന്നത്. ഇവിടുത്തെ എല്ലാ ദ്വീപുകളും, സ്വാഭവികമായതും കൃത്രിമമായി നിര്‍മിച്ചവയും ഉള്‍പ്പടെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്.

ദക്ഷിണ ചൈനാ കടല്‍

ശാന്തസമുദ്രത്തിന്റെ ഭാഗമായുള്ളതാണ് ദക്ഷിണ ചൈനാക്കടല്‍. സിംഗപ്പൂരും മലാക്ക കടലിടുക്കും മുതല്‍ തായ്‌വാന്‍ കടലിടുക്ക് വരെ 3,500,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നു ഇത്. തിരക്കേറിയ കപ്പല്‍ ഗതാഗതത്തിന് അനുയോജ്യമായതാണ് ഈ സമുദ്രം. അടിത്തട്ടില്‍ ഉള്ള വന്‍പെട്രോളിയം നിക്ഷേപമാണ് പല ശക്തികളെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.

ചൈനയ്ക്ക് തെക്ക് ഭാഗത്തും ഫിലിപ്പീന്‍സിനു പടിഞ്ഞാറ് ഭാഗത്തും മലയാ ഉപദ്വീപിന് കിഴക്കും ബോര്‍ണിയോക്ക് വടക്കുമായാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്. നൂറിലധികം ചെറുദ്വീപുകളുള്ള ദക്ഷിണ ചൈനാക്കടലില്‍ ആക്രമണോല്‍സുക നയമാണ് ചൈന സ്വീകരിച്ച് പോരുന്നത്.

ദക്ഷിണ ചൈനാ കടലില്‍ വന്‍സൈനിക വിന്യാസത്തിനുള്ള ഒരുക്കങ്ങള്‍ ചൈന നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. 2016ല്‍ ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ നിന്നും ചൈനയ്ക്ക് എതിരായ വിധി വന്നതിന് തൊട്ടുപിന്നാലെയും മേഖലയെ കൂടുതല്‍ സൈനികവല്‍ക്കരിക്കാനാണ് ചൈന ശ്രമിച്ചത്.

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് മാനിക്കണമെന്ന് ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബെയ്ജിംഗിനോട് ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടായിരുന്നു ചൈന സ്വീകരിച്ചത്. ദക്ഷിണ ചൈനാ കടലിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 2016 ജൂലൈ 12നായിരുന്നു ഹേഗിലുള്ള അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിച്ചത്. ദക്ഷിണ ചൈനാക്കടലിന് മേലുള്ള ബെയ്ജിംഗിന്റെ അവകാശവാദങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു വിധി. 2013ലായിരുന്നു ഫിലിപ്പീന്‍സ് ചൈനയ്‌ക്കെതിരേ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കോടതി വിധിയെ മാനിക്കില്ലെന്ന് പ്രതികരിച്ച ചൈന പിന്നീട് ഫിലിപ്പീന്‍സിനെ കൈയിലെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. മേഖലയില്‍ ചൈന അനധികൃതമായി നിര്‍മിച്ച കൃത്രിമ ദ്വീപില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന്റെയും ഇവയ്ക്കായി ഷെഡ്ഡുകള്‍ നിര്‍മിച്ചതിന്റെയും ഉപഗ്രഹ ചിത്രങ്ങള്‍ 2016ല്‍ പുറത്തുവന്നത് ബെയ്ജിംഗിന്റെ ഗൂഢോദ്ദേശ്യത്തിന് തെളിവായി അന്താരാഷ്ട്ര സമൂഹം വിലയിരുത്തുകയും ചെയ്തിരുന്നു.

ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ഏത് യുദ്ധവിമാനങ്ങള്‍ക്കും ഇറങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് ദ്വീപിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഏഷ്യ മാരിടൈം ട്രാന്‍സ്പാരന്‍സി ഇനിഷ്യേറ്റിവ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചൈനയുടെ എച്ച്16 ബോംബര്‍ വിമാനങ്ങള്‍, എച്ച്6യു റീഫ്യുവലിംഗ് ടാങ്കര്‍, വൈ8 ചരക്ക് വിമാനം തുടങ്ങിയവയ്ക്കായുള്ള വലിയ ഷെഡ്ഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യ്ക്തമാക്കിയിരുന്നു.

ഹേഗിലെ കോടതി വിധിക്ക് ചവറ്റുകൊട്ടയിലെ പേപ്പറിന്റെ മൂല്യമേ നല്‍കൂ എന്നുവരെ ചൈന പറഞ്ഞെങ്കിലും അന്ന് ഫിലിപ്പീന്‍സ് നിലപാട് അത്ര ശക്തമായിരുന്നില്ല. ചൈനയ്‌ക്കെതിരേ വിധി വന്നെങ്കിലും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ചൈനയുമായി ഊഷ്മള ബന്ധം ആഗ്രഹിക്കുന്നതായാണ് പറഞ്ഞത്.

നയമില്ലാത്ത ഫിലിപ്പീന്‍സ്

ചൈനയുടെ അധിനിവേശം തടയുന്നതില്‍ ഫിലിപ്പീന്‍സിന് കൃത്യമായ നയമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. റോഡ്രിഗോയുടെ ഭരണത്തിന് കീഴില്‍ അത് ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു. ചൈനീസ് പണം കണ്ട് കണ്ണ് തള്ളിയതാണോ അതോ യുദ്ധ ഭീതിയാണോ റോഡ്രിഗോയുടെ നിലപാടില്ലായ്മയ്ക്ക് കാരണമെന്നത് അദ്ദേഹത്തിനേ അറിയൂ. രാജ്യത്തെ വലിയ അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനത്തിന് ചൈന വാഗ്ദാനം ചെയ്തത് വന്‍ തുകയായിരുന്നു.

2018 ഏപ്രിലില്‍ വിവിദ ദ്വീപുകളില്‍ ഫിലിപ്പീന്‍സ് പതാക ഉയര്‍ത്താനുള്ള പദ്ധതിയില്‍ നിന്ന് റോഡ്രിഗോ ഡ്യുറ്റര്‍ട്ടെ പിന്നാക്കം പോയത് വലിയ വാര്‍ത്തയായിരുന്നു. ദ്വീപില്‍ പതാക ഉയര്‍ത്തുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ ചൈനയുടെ സൗഹൃദ ഉപദേശം കേട്ട് പ്രധാനമന്ത്രി പിന്നീട് പിന്‍വലിയുകയായിരുന്നു.

2016ല്‍ അന്താരാഷ്ട്ര കോടതിയുടെ വിധി വന്നപ്പോഴും തീര്‍ത്തും യുക്തിപരമല്ലാത്ത നിലപാടാണ് ഫിലിപ്പീന്‍സ് കൈക്കൊണ്ടത്. യുഎസുമായി ചേര്‍ന്ന് വിധി ശക്തമായി നടപ്പാക്കാന്‍ ശ്രമിക്കാതെ ബെയ്ജിംഗുമായി ചങ്ങാത്തം കൂടാനാണ് റോഡ്രിഗോ ശ്രമിച്ചത്. ഇതിന്റെയെല്ലാം ഫലമാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്നത്.

റോഡ്രിഗോയുടെ ബില്‍ഡ്, ബില്‍ഡ്, ബില്‍ഡ് എന്ന വികസന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ആവോളം പണം നല്‍കാമെന്നതായിരുന്നു ചൈനയുടെ വാഗ്ദാനം. മേഖലയില്‍ സമാധാനം കൊണ്ടുവരുമെന്നും. എന്നാല്‍ ‘തിറ്റു’ എന്നും അറിയപ്പെടുന്ന പഗാസ ദ്വീപിന് മേല്‍ നിയന്ത്രണം കൈയാളാനാണ് ചൈന ശ്രമിച്ചത്. ദക്ഷണി ചൈനാ കടലില്‍ ചൈന ആക്രമണം നടത്തിയാല്‍ പ്രതിരോധിക്കാന്‍ ഫിലിപ്പീന്‍സിനൊപ്പം തങ്ങളുണ്ടാകുമെന്ന് യുഎസ് ഇപ്പോള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചൈനയുടെ കപ്പല്‍ വിന്യാസത്തിനെതിരെ വേണമെങ്കില്‍ തങ്ങള്‍ ചാവേറുകളെ അയക്കുമെന്ന പ്രസിഡന്റ് ഡ്യൂറ്റര്‍ട്ടെയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ അമേരിക്കന്‍ പിന്തുണ കൂടിയുണ്ട്. അതേസമയം അമേരിക്കയുടെ പിന്തുണകൊണ്ട് മാത്രം ചൈനയുടെ ആക്രമണം തടയാന്‍ സാധിക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്. ചൈന ഉടന്‍ പിന്‍വാങ്ങിയില്ലെങ്കില്‍ സൈനിക നീക്കമെന്നാണ് ഫിലിപ്പീന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫിലിപ്പീന്‍സ് മറ്റൊരു ശ്രലങ്ക

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വല്ലാതെ വഷളായിരിക്കുകയാണ്. എന്നാല്‍ റോഡ്രിഗോയുടെ പിടിപ്പുകേടുകൊണ്ട് രാജ്യത്തേക്കെത്തിയ ചൈനീസ് മൂലധനം കടുത്ത അസ്വസ്ഥകള്‍ ഇതിനോടൊപ്പം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വലിയ തോതിലുള്ള ചൈനീസ് തൊഴിലാളികളുടെ ഒഴുക്കും അതിവേഗത്തില്‍ ഉയരുന്ന പ്രോപ്പര്‍ട്ടി വിലയും എല്ലാം ഫിലിപ്പീന്‍സിനെ മറ്റൊരു ശ്രീലങ്കയാക്കുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ശ്രീലങ്കയ്ക്ക് താങ്ങാവുന്നതിലധികം പണം പലിശയ്ക്ക് നല്‍കി ചൈനയുടെ കടക്കെണി നയതന്ത്രത്തില്‍ ഇന്ത്യയുടെ അയല്‍ രാജ്യത്തെ പെടുത്തുകയായിരുന്നു ഷി ജിന്‍പിംഗ്. വായ്പകള്‍ പലതും തിരിച്ചടയ്ക്കാന്‍ പറ്റാതെ ശ്രീലങ്ക ചൈനീസ് കുരുക്കിലാകപ്പെടുന്നതിലേക്കാണ് നിക്ഷേപം വഴിവെച്ചത്. 2018ല്‍ ഫിലിപ്പീന്‍സിലേക്ക് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം എത്തിയിരിക്കുന്നതും ചൈനയില്‍ നിന്നാണ്. 2016ല്‍ മാത്രം 24 ബില്ല്യണ്‍ ഡോളറിന്റെ സഹായമാണ് ചൈനയില്‍ നിന്നും ഫിലിപ്പീന്‍സ് പറ്റിയത്. ചൈനയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ശ്രീലങ്കയ്ക്ക് സാധിക്കാതിരുന്നപ്പോള്‍ രാജ്യത്തെ രണ്ട് തന്ത്രപ്രധാനമായ തുറമുഖങ്ങളുടെ നിയന്ത്രണം കമ്യൂണിസ്റ്റ് രാജ്യത്തിനെഴുതിതിക്കൊടുക്കേണ്ടി വന്നു അവര്‍ക്ക്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലും സമാനമായാണ് ചൈന ഇടപെടല്‍ നടത്തുന്നത്. അടിസ്ഥാനസൗകര്യ അധിനിവേശത്തിലൂടെ മറ്റ് രാജ്യങ്ങളില്‍ നിയന്ത്രണം കൈയാളി ലോകനേതാവാകാനുള്ള തങ്ങളുടെ ആഗ്രഹത്തിലേക്ക് പടിപടിയായി കാലെടുത്തുവെക്കാനുള്ള ശ്രമത്തിലാണ് ചൈന. എന്നാല്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ ആഗോള നീക്കത്തിനെതിരെ ജാഗ്രത പാലിക്കുന്നുണ്ട്. ഷി ജിന്‍പിംഗിന്റെ സ്വപ്‌നമായ ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഉദ്ദേശ്യം തന്നെ നവകൊളോണിയല്‍വല്‍ക്കരണമാണെന്ന വാദങ്ങള്‍ക്കാണ് ഇന്ന് ലോകത്ത് ശക്തി കൂടുതല്‍.

ചൈനയുടെ കടക്കെണി നയതന്ത്രത്തില്‍ പെട്ടുപോയ ചില രാജ്യങ്ങള്‍

ശ്രീലങ്ക
ജിബൂട്ടി
കിര്‍ഗിസ്ഥാന്‍
ലാവോസ്
മാലദ്വീപ്
മംഗോളിയ
പാക്കിസ്ഥാന്‍
മോണ്ടെനെഗ്രോ
കെനിയ
* മാലദ്വീപില്‍ ഭരണം മാറിയതോടെ ചൈനീസ് പദ്ധതികളോട് സര്‍ക്കാര്‍ മുഖം തിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: Top Stories