ജുബൈല്‍ ദ്വീപില്‍ ഗ്രാമങ്ങള്‍ ഒരുങ്ങുന്നു

ജുബൈല്‍ ദ്വീപില്‍ ഗ്രാമങ്ങള്‍ ഒരുങ്ങുന്നു

മാനംമുട്ടുന്ന കെട്ടിടങ്ങളല്ല, യുഎഇയ്ക്ക് പരിചയമില്ലാത്ത ഗ്രാമദൃശ്യങ്ങളാണ് ഇവിടെ ഉയരുക

അബുദാബി: അംബരചുംബികളായ കെട്ടിടങ്ങളുടെയും വമ്പന്‍ മാളുകളുടെയും നഗരമായാണ് യുഎഇയെ ലോകം അറിയുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് കാട് സംസ്‌കാരത്തിന് ബദലായി ചില പദ്ധതികള്‍ ഈ രാജ്യത്ത് ഉയര്‍ന്ന് വരുന്നു. 5 ബില്യണ്‍ ദിര്‍ഹം ചിലവില്‍ ജുബൈല്‍ ദ്വീപില്‍ ആസൂത്രണം ചെയ്യുന്ന പദ്ധതി അത്തരത്തിലൊന്നാണ്.

അബുദാബിയിലെ സാദിയത്ത് ദ്വീപിനും യാസ് ദ്വീപിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ജുബൈല്‍ ദ്വീപിനെ നാല് വര്‍ഷം കൊണ്ട് 5,000-6,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തില്‍ വാസയോഗ്യമാക്കി മാറ്റുക എന്നതാണ് ജുബൈല്‍ ദ്വീപ് നിക്ഷേപ കമ്പനി (ജെഐഐസി) വിഭാവനം ചെയ്യുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. പക്ഷേ ആകാശം മുട്ടുന്ന ഫഌറ്റുകളല്ല, ആറ് ഗ്രാമങ്ങളാണ് ഈ പദ്ധതിയിലൂടെ പിറവി കൊള്ളാനിരിക്കുന്നത്.

കുറഞ്ഞ വാടകയിലുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ ഇന്ന് അനവധിയുള്ള അബുദാബി നഗരത്തില്‍ വ്യത്യസ്തമായ താമസ സൗകര്യം എന്നതായിരുന്നു നിര്‍മാതാക്കളുടെ ലക്ഷ്യം. അങ്ങനെയാണ് അബുദാബിക്ക് മാത്രമല്ല, രാജ്യത്തിനൊട്ടാകെയും പുതിയ അനുഭവമേകാന്‍ ജുബൈല്‍ ദ്വീപ് പദ്ധതിയെന്ന ആശയം ജനിച്ചത്. ദ്വീപിലെ കെട്ടിടങ്ങളുടെ നീളത്തിന് കര്‍ശനമായ നിയന്ത്രണം ഉണ്ടായിരിക്കും.15 മീറ്ററില്‍ അധികം നീളമുള്ള ഒരു കെട്ടിടവും ഇവിടെ ഉണ്ടായിരിക്കില്ല. മാത്രമല്ല പ്രകൃതിദൃശ്യങ്ങള്‍ക്കിടയിലൂടെയുള്ള നടപ്പാതയും സൈക്കിള്‍ പാതയുമെല്ലാം ഈ പദ്ധതിയുടെ പ്രത്യേകതകളാണ്.

യുഎഇയുടെ നിലവിലെ മാനംമുട്ടുന്ന കെട്ടിടങ്ങളുടെ പ്രതിച്ഛായയ്ക്ക് തികച്ചും വിരുദ്ധമായിരിക്കും ഈ പദ്ധതിയെന്ന് ജുബൈല്‍ ദ്വീപ് നിക്ഷേപ കമ്പനി (ജെഐഐസി) സിഒഒ റിച്ചാര്‍ഡ് റസ്സല്‍ സാക്ഷ്യപ്പെടുത്തുന്നു. യുഎഇയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ മേഖല കൂടിയായിരിക്കും പദ്ധതി പൂര്‍ത്തിയായാല്‍ ജുബൈല്‍ ദ്വീപ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

പാര്‍പ്പിടങ്ങള്‍ക്കുള്ള പ്ലോട്ടുകള്‍ 2021 തുടക്കത്തില്‍ ലഭ്യമായിത്തുടങ്ങും. നിര്‍ദ്ദിഷ്ട നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചും നീളത്തിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ടും സ്വന്തം ഇഷ്ടപ്രകാരമുള്ള വീടുകള്‍ നിര്‍മിക്കാനും അതല്ല, നിര്‍മാണ കമ്പനികള്‍ക്ക് പണം നല്‍കി ഇഷ്ടപ്രകാരമുള്ള ഡിസൈനിലുള്ള വീട് പണിയിപ്പിക്കാനും താമസക്കാര്‍ക്ക് അവസരമുണ്ടാകും. പദ്ധതി പ്രദേശത്തെ പാര്‍പ്പിടങ്ങള്‍ ഒഴികെയുള്ള കെട്ടിടങ്ങള്‍ ജെഐഐസി നിര്‍മിക്കും.1,500 മുതല്‍ 5,000 ചതുരശ്ര മീറ്റര്‍ വരെ വലുപ്പത്തിലുള്ള പ്ലോട്ടുകളാണ് ഇവിടെ ഉണ്ടായിരിക്കുക. 800 വീടുകള്‍, രണ്ട് സ്‌കൂളുകള്‍, ബീച്ച് ക്ലബ്ബ്,കായിക കേന്ദ്രം, ആറ് പള്ളികള്‍, നഗര കേന്ദ്രം, അപാര്‍ട്‌മെന്റുകള്‍, ഹോട്ടല്‍, ഓഫീസ് ഇടങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ ഉയരുക. ഏറ്റവും നീളമുള്ള കെട്ടിടത്തിന് പരമാവധി 10 നിലകളേ ഉണ്ടായിരിക്കുകയുള്ളു. കടകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെങ്കിലും മാള്‍ ശൈലിയുള്ള ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

പ്രവാസികള്‍ക്കും പ്രദേശവാസികള്‍ക്കും ഇവിടെ വസ്തുവകകള്‍ വാങ്ങാം. പദ്ധതിക്കായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. 4,000 ഹെക്ടറിലുള്ള ദ്വീപിന്റെ 10 ശതമാനം മേഖലയിലായിരിക്കും നിര്‍മാണ പ്രവൃത്തികള്‍ നടക്കുക.

Comments

comments

Categories: Arabia