ഇന്ത്യന്‍ ടിവി വിപണിയില്‍ പുതിയ തന്ത്രങ്ങളുമായി സാംസംഗ്

ഇന്ത്യന്‍ ടിവി വിപണിയില്‍ പുതിയ തന്ത്രങ്ങളുമായി സാംസംഗ്

യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ തങ്ങളുടെ വിപണി വിഹിതം കൂടുതല്‍ ശക്തമാക്കാനാണ് സാംസംഗ് ഒരുങ്ങുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലിവിഷന്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള മത്സരത്തെ ചെറുക്കാന്‍ സാംസംഗ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ തങ്ങളുടെ വിപണി വിഹിതം കൂടുതല്‍ ശക്തമാക്കാനാണ് സാംസംഗ് ഒരുങ്ങുന്നത്.

ഇന്ത്യന്‍ ടെലിവിഷന്‍ വിപണിയില്‍ ചെനീസ് ബ്രാന്‍ുകളില്‍ നിന്നും കടുത്ത സമ്മര്‍ദം നേരിടുന്നതായാണ് സാംസംഗ് പറയുന്നത്. ഇത് ചെറുക്കുന്നതിന് ഈ വര്‍ഷം സാംസംഗ് തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ നവീകരിക്കുന്നതായും ബ്രിക് ആന്‍ഡ് മോര്‍ട്ടര്‍ സ്‌റ്റോറുകളിലേക്കായി പുതിയ ഉല്‍പ്പന്ന ശ്രേണി അവതരിപ്പിച്ചതായും സാംസംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പല്ലന്‍ പറഞ്ഞു. പേഴ്‌സണല്‍ കംപ്യൂട്ടര്‍, മ്യൂസിക്, ക്ലൗഡ്, ലൈവ് കാസ്റ്റ്, സ്മാര്‍ട്ട്‌ഫോണുമായുള്ള ടു-വേ ഷെയറിംഗ് സൗകര്യം തുടങ്ങിയ ഫീച്ചറുകളോടെയുള്ള പുതിയ ടെലിവിഷനുകളാണ് സാംസംഗ് പുറത്തിറക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 13 വര്‍ഷക്കാലയമായി ഇന്ത്യന്‍ ഫഌറ്റ് പാനല്‍ ടെലിവിഷന്‍ ബിസിനസില്‍ സാംസംഗ് ആണ് നേതൃസ്ഥാനത്തുള്ളത്. യുവ ഉപഭോക്താക്കളിലൂടെ ഈ ആദിപത്യം കൂടുതല്‍ വിശാലമാക്കാനാണ് സാംസംഗ് നോക്കുന്നത്. എല്ലാ വിലയിലുമുള്ള ഉല്‍പ്പന്നങ്ങള്‍ സാംസംഗ് അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കമ്പനി നിക്ഷേപം തുടരുമെന്നും കമ്പനിയുടെ വിപിണി വിഹിതം വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും രാജു പല്ലന്‍ പറഞ്ഞു.

പുതുതായി അവതരിപ്പിച്ചിട്ടുള്ള ഫീച്ചറുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചവയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇവ കയറ്റി അയക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായാണ് സാംസംഗ് അടുത്തിടെ ടെലിവിഷന്‍ സീരീസ് അവതരിപ്പിച്ചത്. ഷഓമി, തോംസണ്‍, ടിസിഎല്‍ എന്നീ ഓണ്‍ലൈന്‍ ഫോക്കസ്ഡ് ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ സീരീസിന് സാംസംഗ് വില കുറച്ചിട്ടുണ്ട്. വിപണിയില്‍ സാംസംഗും എല്‍ജിയും സോണിയുമാണ് ഈ ബ്രാന്‍ഡുകളില്‍ നിന്നും കടുത്ത മത്സരം അഭിമുഖീകരിക്കുന്ന കമ്പനികള്‍.

ഇന്ത്യന്‍ ടെലിവിഷന്‍ വിപണിയില്‍ 30 ശതമാനം വിപണി വിഹിതമാണ് സാംസംഗിനുള്ളത്. അള്‍ട്ര എച്ച്ഡി സ്മാര്‍ട്ട് ടിവി വിഭാഗത്തില്‍ 35 ശതമാനം വിഹിതമുണ്ടെന്നും കമ്പനി പറയുന്നു. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി വിഭാഗത്തിലെ മികച്ച ബ്രാന്‍ഡ് ഷഓമിയാണെന്നാണ് കഴിഞ്ഞ മാസം കമ്പനിയുടെ ഇന്ത്യ എംഡി മനു ജയ്ന്‍ പറഞ്ഞത്. 33.5 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 16.7 ശതമാനമാണ് എല്‍ജിയുടെ വിഹിതം. 14.8 ശതമാനം വിഹിതം സോണി നേടിയതായും 13.3 ശതമാനം വിഹിതവുമായി സാംസംഗ് നാലാം സ്ഥാനത്താണെന്നും മനു ജയ്ന്‍ പറഞ്ഞിരുന്നു. ഐഡിസിയുടെ കണക്കുകളെ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഈ കണക്കുകളെ രാജും പല്ലന്‍ തള്ളി.

Comments

comments

Categories: Tech
Tags: samsung tv