ഇന്ത്യ 7.5% ജിഡിപി വളര്‍ച്ച നേടും: ലോക ബാങ്ക്

ഇന്ത്യ 7.5% ജിഡിപി വളര്‍ച്ച നേടും: ലോക ബാങ്ക്

നിക്ഷേപ ഒഴുക്ക് ശക്തമായി തുടരുന്നതും കയറ്റുമതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനവും ഉപഭോക്തൃ ആവശ്യകത വീണ്ടെടുക്കാനായതും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് ലോക ബാങ്കിന്റെ നിരീക്ഷണം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം (2019-2020) ഇന്ത്യ 7.5 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോക ബാങ്ക്. വിപണിയിലേക്കുള്ള നിക്ഷേപ ഒഴുക്ക് ശക്തമായി തുടരുന്നതും കയറ്റുമതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനവും ഉപഭോക്തൃ ആവശ്യകത വീണ്ടെടുക്കാനായതും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് ലോക ബാങ്കിന്റെ നിരീക്ഷണം.

2018-2019ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് ലോക ബാങ്ക് പ്രതീക്ഷിക്കുന്നത്. ദക്ഷിണേഷ്യയുടെ സാമ്പത്തിക വീക്ഷണം സംബന്ധിച്ച് ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെയും വസന്തകാല സമ്മേളനത്തിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്നലെ ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് പാദത്തിലെ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് ഇന്ത്യയുടെ വിശാലമായ ജിഡിപി വളര്‍ച്ചയിലേക്കാണെന്ന് ലോക ബാങ്ക് പറയുന്നു. വ്യാവസായിക ഉല്‍പ്പാദനത്തില്‍ 7.9 ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതേസമയം, കാര്‍ഷിക മേഖലയില്‍ നാല് ശതമാനം വളര്‍ച്ച അനുഭവപ്പെട്ടതായും ലോക ബാങ്ക് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2018-2019ലെ ജിഡിപി വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്ന് ലോക ബാങ്ക് കണക്കാക്കിയിട്ടുള്ളത്.

ആഭ്യന്തര ഉപഭോഗമാണ് വളര്‍ച്ചയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകം. എന്നാല്‍, മൊത്തം സ്ഥിര മൂലധനവും കയറ്റുമതിയും സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും എല്ലാ മേഖലകളിലും മാര്‍ച്ച് പാദത്തിലെ വളര്‍ച്ചയില്‍ സന്തുലിതാവസ്ഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലോക ബാങ്ക് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭൂരിഭാഗം മാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ തലത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2018 ജൂലൈ മുതല്‍ ഭക്ഷ്യ സാധനങ്ങളുടെ വിലയില്‍ ഇടിവ് നിരീക്ഷിച്ചിരുന്നു. ഇതിനുപുറമെ എണ്ണ വില ഇടിഞ്ഞതും രൂപ കരുത്താര്‍ജിച്ചതും പണപ്പെരുപ്പം കുത്തനെ ഇടിയാന്‍ സഹായിച്ചു. ഫെബ്രുവരിയില്‍ 2.6 ശതമാനമായിരുന്നു ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശരാശരി റീട്ടെയ്ല്‍ പണപ്പെരുപ്പം 3.5 ശതമാനമാണ്. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം കറന്റ് എക്കൗണ്ട് കമ്മിയില്‍ വര്‍ധന നിരീക്ഷിച്ചിരുന്നു.

ബാഹ്യ ഘടകങ്ങള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയുടെ ബാഹ്യ സ്ഥിതി വളരെ മോശമായിരുന്നു. യുഎസിന്റെ ധനനയവും ചില വികസ്വര വിപണികളില്‍ നിന്നുള്ള സമ്മര്‍ദനവും ഇന്ത്യന്‍ വിപണിയില്‍ നിന്നും നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നതിന് കാരണമായി. ഇതിന്റെ ഫലമായി ജുവരി-ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായതായും ലോക ബാങ്ക് ചൂണ്ടിക്കാട്ടി.

നടപ്പു സാമ്പത്തിക വര്‍ഷം സാമ്പത്തികമായ വളര്‍ച്ച വീണ്ടെടുക്കുന്നതിനൊപ്പം ഭക്ഷ്യ സാധനങ്ങളുടെ വിലയിലും വര്‍ധന നിരീക്ഷിക്കാനായേക്കും. പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനായേക്കും. കറന്റ് എക്കൗണ്ട് കമ്മിയും ധനക്കമ്മിയും ചുരുങ്ങും. ഇന്ത്യയുടെ കയറ്റുമതി രംഗത്തുണ്ടായ പുരോഗതിയും എണ്ണ വില കുറഞ്ഞതും കറന്റ് എക്കൗണ്ട് കമ്മി നിയന്ത്രിക്കാന്‍ സഹായിക്കും. ജിഡിപിയുടെ 1.9 ശതമാനമായി കറന്റ് എക്കൗണ്ട് കമ്മി ചുരുങ്ങുമെന്നാണ് കരുതുന്നതെന്നും ലോക ബാങ്ക് പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷത്തെ സംയോജിത (കേന്ദ്ര-സംസ്ഥാന കമ്മി) ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6.2 ശതമാനമായും അടുത്ത സാമ്പത്തിക വര്‍ഷം 6.0 ശതമാനമായും ചുരുങ്ങും. കേന്ദ്ര ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ധനക്കമ്മി ക്രമീകരിക്കുന്നതിലെ ബാക്കി ഭാരം സംസ്ഥാനങ്ങള്‍ക്കുമേലാണെന്നും ലോക ബാങ്ക് പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: GDP