ഉന്നത വിദ്യാഭ്യാസരംഗം; ഗുണനിലവാരം അനിവാര്യം

ഉന്നത വിദ്യാഭ്യാസരംഗം; ഗുണനിലവാരം അനിവാര്യം

രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം വികസിക്കുന്നുണ്ടെങ്കിലും ഗുണനിലവാരം ഇപ്പോഴും ആശങ്കയായി തുടരുകയാണ്

കഴിഞ്ഞ ദിവസം വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഇന്നൊവേഷന്‍ റാങ്കിംഗുമായി ബന്ധപ്പെട്ട ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിദ്യാഭ്യാസത്തെകുറിച്ച് പറഞ്ഞത് നാം സജീവമായ ചര്‍ച്ചയ്‌ക്കെടുക്കേണ്ട വിഷയമാണ്. രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ അതിന് സവിശേഷശ്രദ്ധ നല്‍കുകയും വേണം. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗം വികസിക്കുന്നുണ്ടെങ്കിലും ഗുണനിലവാരം ഒരു പ്രധാന ആശങ്കയായി തുടരുകയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

കാലങ്ങളായി നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം. മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും എണ്ണവും വികസിക്കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായുള്ള മുന്നേറ്റം പലപ്പോഴും ഗുണനിലവാരത്തില്‍ പ്രകടമാകുന്നില്ല എന്നത് വസ്തുതയാണ്. വളരെ വലുതും സങ്കീര്‍ണമായതുമാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വിദ്യാഭ്യാസ സംവിധാനമാണ് രാജ്യത്തേത്. 903 സര്‍വകലാശാലകളും 39,050 അഫിലിയേറ്റഡ് കോളെജുകളും 10,011 സ്വതന്ത്ര സ്ഥാപനങ്ങളുമടങ്ങിയ സംവിധാനത്തില്‍ പഠിക്കുന്നത് 34 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ്. 1.3 ദശലക്ഷം അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

നേരത്തെ പറഞ്ഞ പോലെ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കുന്നുണ്ട്. എന്റോള്‍മെന്റ് കൂടുന്നുമുണ്ട്. ഇനി വേണ്ടത് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ്. വ്യക്തിഗത ആഗ്രഹങ്ങളുടെ സഫലീകരണം മാത്രമല്ല വിദ്യാഭ്യാസംകൊണ്ട് സാധ്യമാകേണ്ടത്, രാഷ്ട്രത്തിന്റെ വികസനപദ്ധതിക്കും മുന്‍ഗണനകള്‍ക്കും അനുസൃതമായി ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ സംഭാവനകള്‍ ഉയരേണ്ടതുണ്ട്. അടിസ്ഥാനസൗകര്യം, അധ്യാപകര്‍, വിദ്യാര്‍ത്ഥികളുടെ സംഭാവന, പാഠ്യപദ്ധതി, പഠനരീതി, ഗവേഷണം തുടങ്ങി ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുടെ ഗുണനിലവാരത്തിലെല്ലാം തന്നെ ഉയര്‍ച്ചയുണ്ടാകണം. മാനവവിഭവശേഷി വികസന മന്ത്രാലയം നടപ്പാക്കി വരുന്ന റാങ്കിംഗ് സംവിധാനം ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് സ്ഥാപനങ്ങളെ പ്രേരിപ്പിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ റാങ്കിംഗിന് അനുസരിച്ച് കലാലയങ്ങളെ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂടെ തീരുമാനിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന ബോധ്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുണ്ടാകും.

ആഗോളതലത്തിലെ ശക്തമായ മല്‍സരം നേരിടാന്‍ പാകത്തില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരേണ്ടതുണ്ട്. സ്ഥാപനങ്ങള്‍ മികവ് പുലര്‍ത്തിയാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ തേടിയെത്തും. ആഗോളതലത്തില്‍ ഒരു വിദ്യാഭ്യാസ ഹബ്ബ് ആയി മാറാനുള്ള സാധ്യതകളാണ് നമുക്കുള്ളത്. പ്രാചീന ഭാരതത്തിന്റെ അഭിമാനചിഹ്നങ്ങളായിരുന്നു നളന്ദ, തക്ഷശില പോലുള്ള സര്‍വകലാശാലകള്‍. ഇന്ത്യയെ ആഗോള തലത്തില്‍ വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കേന്ദ്രമായി ബ്രാന്‍ഡ് ചെയ്യുന്നതില്‍ അത് മുഖ്യപങ്കുവഹിച്ചു. പോയ കാലത്തെ പ്രൗഢി വീണ്ടെടുക്കാന്‍ കൂടിയുള്ള അവസരമാണിത്. തനതായ ഇന്ത്യന്‍ മാതൃക വിദ്യാഭ്യാസരംഗത്ത് വികസിപ്പിച്ച് ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. അതിനായി സര്‍വകലാശാലകളിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിടലിലും സര്‍ക്കാര്‍ വ്യാപകമായ വര്‍ധന വരുത്തേണ്ടതുണ്ട്.

അറിവില്‍ അഭിരമിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. ഇന്നത്തെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. അതിന് മാറ്റമുണ്ടായേ തീരൂ.

Categories: Editorial, Slider