ആടുകളെ ഉപയോഗിച്ചു കാട്ടുതീ ഒഴിവാക്കാന്‍ പദ്ധതി

ആടുകളെ ഉപയോഗിച്ചു കാട്ടുതീ ഒഴിവാക്കാന്‍ പദ്ധതി

കാലിഫോര്‍ണിയ: വളര്‍ന്നു വരുന്നൊരു പ്രശ്‌നമായിട്ടാണു കാട്ടുതീയെ കാലിഫോര്‍ണിയയിലുള്ള പ്രദേശവാസികള്‍ കണക്കാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കാലിഫോര്‍ണിയയില്‍ 15 മുതല്‍ 20 വരെ വലിയ കാട്ടുതീ നാശം വിതച്ചിട്ടുണ്ട്. വരും നാളുകളില്‍ കാലിഫോര്‍ണിയയിലെ കാലാവസ്ഥ കൂടുതല്‍ വരണ്ടതും ചൂടേറിയതുമാകാന്‍ സാധ്യതയുള്ളതിനാല്‍ കാട്ടുതീ ഉണ്ടായേക്കുമെന്നും പ്രവചിക്കുന്നുണ്ട്. 1980-നു ശേഷം അമേരിക്കയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ വനപ്രദേശം പകുതിയും കാട്ടു തീയില്‍പ്പെട്ടു നശിച്ചിരുന്നു. കാട്ടു തീ ഉണ്ടാകാനുള്ള കാരണം കാലാവസ്ഥ വ്യതിയാനമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തെക്ക്പടിഞ്ഞാറന്‍ കാലിഫോര്‍ണിയയിലെ അഗ്നിക്കിരയായ പ്രദേശം 2050-ാടെ ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ കാട്ടുതീക്കെതിരേ പോരാടാന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗോട്ട് ഫണ്ട് മീ എന്ന ക്രൗഡ് ഫണ്ടിംഗ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. കാട്ടുതീക്ക് കാരണമാകുന്ന ഉണങ്ങിയ പുല്ലുകളുള്ള പ്രദേശത്തേയ്ക്കു ആടുകളെ മേയാന്‍ വിട്ട് പുല്ല് തീറ്റിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉണങ്ങിയ പുല്ല് കാട്ടുതീ പടരാന്‍ പ്രധാനകാരണമാണ്. എന്നാല്‍ ആടുകളുടെ ഭക്ഷണമായ പുല്ല് തിന്നു തീര്‍ത്താല്‍ കാട്ടുതീ പടരുന്നത് ഒഴിവാക്കാനാകും. ഇന്നു കാലിഫോര്‍ണിയയിലും യുഎസിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കാട്ടുതീക്കെതിരേയുള്ള പോരാട്ടത്തില്‍ ആടുകളെ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. റെന്റ് എ ഗോട്ട്, ഗോട്ട്‌സ് ഓണ്‍ ദ ഗോ തുടങ്ങിയ പേരുകളില്‍ ആടുകളെ വാടകയ്ക്കു നല്‍കുന്ന കമ്പനികളും കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Top Stories
Tags: Goat, Wildfire