ഏറ്റവുമധികം വിദേശപണം ഒഴുകിയത് ഇന്ത്യയിലേക്ക്

ഏറ്റവുമധികം വിദേശപണം ഒഴുകിയത് ഇന്ത്യയിലേക്ക്
  • പ്രവാസികളുടെ സംഭാവനയിലൂടെ ഇന്ത്യക്ക് ലഭിച്ചത് 79 ബില്യണ്‍ ഡോളര്‍
  • കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിദേശ പണം എത്തി
  • 67 ബില്യണ്‍ ഡോളറുമായി ചൈന രണ്ടാമത്; പാക്കിസ്ഥാനുള്ള സഹായത്തില്‍ 7% മാത്രം വര്‍ധന

വാഷിംഗ്ടണ്‍: വിദേശത്ത് നിന്നുള്ള ധന സ്വീകരണത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 2018 ല്‍ വിദേശ ഇന്ത്യക്കാര്‍ ജന്മനാട്ടിലേക്കയച്ചത് ഏകദേശം 79 ബില്യണ്‍ ഡോളറാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. വിദേശ ഇന്ത്യക്കാരുടെ അയച്ച പണത്തില്‍ 14 ശതമാനം വര്‍ധനയുണ്ട്. 2016 ല്‍ 62.7 ബില്യണ്‍ യുഎസ് ഡോളറും, 2017 ല്‍ 65.3 ബില്യണ്‍ യുഎസ് ഡോളറുമാണ് 35 ലക്ഷെേത്താ വരുന്ന പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചിരുന്നത്. തുടര്‍ച്ചയായ വര്‍ധനയാണ് വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കാണാനാവുന്നത്. ഇത്തവണ, കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് കൂടുതല്‍ പണം അയച്ചതും ആകെ ഇടപാടുകളിലെ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് സൂചന.

ഇന്ത്യക്ക് പിന്നില്‍ ചൈന (67 ബില്യണ്‍ ഡോളര്‍), മെക്‌സിക്കോ (36 ബില്യണ്‍ ഡോളര്‍), ഫിലിപ്പീന്‍സ് (34 ബില്യണ്‍ ഡോളര്‍) ഈജിപ്റ്റ് (29 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണുള്ളതെന്ന് ലോക ബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബ്രീഫിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പറയുന്നു. അതേസമയം ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ കടുത്ത മാന്ദ്യത്തെയാണ് നേരിടുന്നത്. വിദേശത്തുള്ള പാക്കിസ്ഥാന്‍ പൗരന്‍മാരുടെ സംഭാവനയില്‍ ഏഴ് ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. പാക്കിസ്ഥാന്റെ പ്രധാന സ്രോതസായ സൗദി അറേബ്യയില്‍ നിന്നുള്ള പണത്തിന്റെ വരവില്‍ ഇടിവുണ്ടായതാണ് ഈ മാന്ദ്യത്തിന്റെ മുഖ്യ കാരണം. അതേസമയം ബംഗ്ലാദേശില്‍ നിന്നുള്ള പ്രവാസികള്‍ രാജ്യത്തെ കൈയയച്ച് സഹായിച്ചു. 2018 ല്‍ 15 ശതമാനം വളര്‍ച്ചയാണ് ബംഗ്ലാദേശിന്റെ വിദേശ വരുമാനത്തില്‍ ഉണ്ടായത്.

ഇടത്തരം വരുമാനമുള്ള, വികസ്വര രാജ്യങ്ങളിലേക്കുള്ള പണമൊഴുക്കില്‍ റെക്കോഡ് മുന്നേറ്റമാണ് കാണുന്നതെന്ന് ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 ല്‍ 529 ബില്യണ്‍ ഡോളറാണ് ഈ രാജ്യങ്ങള്‍ നേടിയത്. 2017 ലെ 483 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 9.6 ശതമാനം വളര്‍ച്ച. അതേസമയം വികസതി രാഷ്ട്രങ്ങളടം ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് 2018 ല്‍ ഒഴുകിയ വിദേശ പണം 689 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2017 ല്‍ ആഗോള വിദേശ വരുമാനം 633 ബില്യണ്‍ ഡോളറായിരുന്നു. 2018 ല്‍ 131 ബില്യണ്‍ ഡോളര്‍ പ്രവാസി വരുമാനം നേടിയ ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യ ഇക്കാര്യത്തില്‍ 12 ശതമാനം വളര്‍ച്ചാണ് രേഖപ്പെടുത്തിയത്. 2017 ലെ 6 ശതമാനം വളര്‍ച്ചയെ മേഖല ഇരട്ടിയാക്കി. യുഎസിലെ ശക്തമായ സാമ്പത്തിക പശ്ചാത്തലങ്ങള്‍, എണ്ണ വിലയിലെ വര്‍ധനവ്, ജിസിസി (ഗള്‍ഫ് സഹകരണ സമിതി ) രാജ്യങ്ങളില്‍ നിന്നുള്ള പണമയക്കല്‍ ഉയര്‍ന്നത് മുതലായവയാണ് ഈ മുന്നേറ്റത്തിന് കാരണമായതെന്ന് ലോക ബാങ്ക് പറയുന്നു.

അതേസമയം 200 ഡോളര്‍ അയക്കുന്നതിനുള്ള ആഗോള ശരാശരി ചെലവ് ഉയര്‍ന്ന തലത്തിലാണെന്നും 2019 ന്റെ ആദ്യ പാദത്തില്‍ ഇത് ഏകദേശം 7 ശതമാനം ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുസ്ഥിര വികസന ലക്ഷ്യത്തിന് കീഴില്‍ 2030 ല്‍ പണമയക്കല്‍ ചെലവ് മൂന്ന് ശതമാനമാനമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലും പസഫിക്ക് മേഖലയിലെ ദ്വീപുകളിലും ഈ ചെലവ് 10 ശതമാനവും അതിന് മുകളിലുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വിദേശ പൗരന്‍മാരുടെ സ്‌നേഹം

രാജ്യം ലഭിച്ച പണം (ബില്യണ്‍ $)

ഇന്ത്യ 79

ചൈന 67

മെക്‌സിക്കോ 36

ഫിലിപ്പീന്‍സ് 34

ഈജിപ്റ്റ് 29

Categories: Business & Economy, Slider