ദുബായ് വിപണിയിലേക്ക് ഓടിക്കയറാനില്ല, ലക്ഷ്യം നിലവിലെ മാര്‍ക്കറ്റുകളിലെ വളര്‍ച്ചയെന്ന് ഒല

ദുബായ് വിപണിയിലേക്ക് ഓടിക്കയറാനില്ല, ലക്ഷ്യം നിലവിലെ മാര്‍ക്കറ്റുകളിലെ വളര്‍ച്ചയെന്ന് ഒല

യുബര്‍-കരീം ലയനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ വിപണിയില്‍ രംഗപ്രവേശം ചെയ്യാനുള്ള മികച്ച അവസരമാണ് ഒലയ്ക്ക് മുമ്പിലുള്ളത്

ദുബായ്: ആപ്പ് അധിഷ്ഠിത ടാക്‌സി സേവന രംഗത്തെ ഇന്ത്യന്‍ സംരംഭമായ ഒല ഉടനടി ദുബായ് വിപണിയിലേക്കില്ല. ഇന്ത്യയ്ക്ക് പുറമേ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് വിപണികളില്‍ വേരുറപ്പിക്കുന്നതിനാണ് നിലവില്‍ കമ്പനി ശ്രദ്ധ നല്‍കുന്നതെന്നും ദുബായ് അടക്കമുള്ള മറ്റ് അന്താരാഷ്ട്ര വിപണികളെ തത്കാലം പരിഗണിക്കുന്നില്ലെന്നും ഒല വക്താവ് വ്യക്തമാക്കി.

വിവിധ അന്താരാഷ്ട്ര വിപണികളെ കുറിച്ച് മനസിലാക്കുന്നതിനായി കമ്പനിയില്‍ നിന്നുള്ള സംഘം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ഇതിന്റെ ഭാഗമായി ചിലപ്പോള്‍ യുഎഇയിലും എത്തിയിരിക്കാമെന്നും ഒല എക്‌സിക്യുട്ടീവ് വ്യക്തമാക്കി. ദുബായ് വിപണിയില്‍ ചുവടുവെപ്പ് നടത്താന്‍ ഒല ഒരുങ്ങുന്നുവെന്ന് ഇന്ത്യയിലെ ഒരു മാധ്യമം വാര്‍ത്ത നല്‍കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്പനി പ്രതിനിധിയുടെ പ്രതികരണം. യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് നടത്തിയ സന്ദര്‍ശനം ആ വിപണികളില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ പശ്ചിമേഷ്യയിലെ പ്രമുഖ റൈഡിംഗ് ആപ്പ് ആയ കരീമിനെ അന്താരാഷ്ട്ര ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനിയായ യുബര്‍ 3.1 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു. യുബര്‍-കരീം ലയനത്തോടെ എതിരാളികളില്ലാതായി മാറിയ ദുബായ് വിപണിയിലേക്ക് ഇതോടെ ഒല എത്തുമെന്ന രീതിയിലുള്ള പ്രവചനം വിപണി ഗവേഷകര്‍ നടത്തി. ദുബായിലെ ഇന്ത്യന്‍ പ്രവാസികളുടെ വന്‍ സാന്നിധ്യം ഈ സംശയത്തിന് ആക്കം കൂട്ടി. ഇന്ത്യന്‍ കമ്പനിയായ ഒലയ്ക്ക് ദുബായ് വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള ഏറ്റവും മികച്ച അവസരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

‘പുറമേ നിന്ന് നോക്കുകയാണെങ്കില്‍ യുഎഇയോ മറ്റ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോ ഒലയ്ക്ക് വലിയ അവസരങ്ങളുള്ള വിപണികളായി തോന്നാം. എന്നാല്‍ ആന്തരികമായി അന്താരാഷ്ട്ര വിപണികളിലുള്ള വളര്‍ച്ച സംബന്ധിച്ച് കമ്പനിക്ക് വ്യക്തമായ പദ്ധതികളുണ്ട് ‘. എക്‌സിക്യുട്ടീവ് അറിയിച്ചു.

ഗള്‍ഫ് വിപണിയിലേക്കുള്ള രംഗപ്രവേശത്തിന് മുന്നോടിയായാണ് യുഎഇയിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഒല സംഘം സന്ദര്‍ശനം നടത്തിയതെന്ന് അഭ്യൂഹം പരന്നിരുന്നു.ദ്രുതഗതിയിലുള്ളതും ചടുലവുമായ വളര്‍ച്ചയുടെ പാതയിലാണ് ഒല. എന്നാല്‍ നിലവിലെ വിപണികളില്‍ കൂടുതല്‍ ആഴത്തിലുള്ള പ്രവര്‍ത്തനം കാഴ്ച വെക്കുക എന്ന ഉദ്ദേശ്യമാണ് കമ്പനിക്ക് ഇപ്പോഴുള്ളത്. ഇപ്പോള്‍ സാന്നിധ്യമുള്ള വിപണികളില്‍ ഒന്നാമതെത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എക്‌സിക്യുട്ടീവ് പറഞ്ഞു.

2018 തുടക്കത്തിലാണ് ഒല ഓസട്രേലിയന്‍ വിപണിയില്‍ ചുവടുവെപ്പ് നടത്തിയത്. തുടര്‍ന്ന് യുകെ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നെതര്‍ലന്റാണ് ഒല ലക്ഷ്യംവെക്കുന്ന അടുത്ത വിപണിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നെതര്‍ലന്റ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ പ്രവര്‍ത്തനങ്ങളിലൂടെ യൂറോപ്പിന്റെ മധ്യ, വടക്ക്, കിഴക്കന്‍ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലാം എന്നാണ് ഒലയുടെ കണക്ക് കൂട്ടല്‍.ഒലയുടെ മുഖ്യ എതിരാളിയായ യുബറും ആംസ്റ്റര്‍ഡാം കേന്ദ്രമാക്കിയാണ് യൂറോപ്യന്‍ യൂണിയനില്‍ ഉടനീളം ടാക്‌സി സേവനം കാഴ്്ച വെക്കുന്നത്.

ബംഗലൂരു സ്വദേശിയായ ഭവിഷ് അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന ഒലയ്ക്ക് പല അന്താരാഷ്ട്ര വിപണികളിലും ആഗോള എതിരാളിയായ യുബറിനെതിരായ മത്സരം കാഴ്ചവെക്കുന്നതിന് വേണ്ട നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണികളില്‍ ഒല ലക്ഷ്യമിടുന്ന വളര്‍ച്ച കൈവരിക്കണമെങ്കില്‍ വലിയ നിക്ഷേപങ്ങള്‍ കമ്പനിയിലേക്ക് ഒഴുകണം. ജപ്പാനിലെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ സോഫ്റ്റ്ബാങ്ക്(26.1 %) ടൈഗര്‍ ഗ്ലോബല്‍്(15.94%), ടെന്‍സന്റ്(10.39%), മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ്(8.57 %), ഡിഎസ്ടി ഗ്ലോബല്‍(6.72 %) എന്നിവരാണ് നിലവില്‍ ഒലയിലെ പ്രധാന നിക്ഷേപകര്‍.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്പ്കാര്‍ട്ടിന്റെ സഹ സ്ഥാപകനായിരുന്ന സച്ചിന്‍ ബന്‍സാല്‍ അടുത്തിടെ ഒലയില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് 2 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഒലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹമുണ്ടെന്നും ബന്‍സാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയില്‍ ആഗോള തലത്തില്‍ ഒലയ്ക്കുണ്ടാകാന്‍ പോകുന്ന വളര്‍ച്ച മുമ്പില്‍ കണ്ടുകൊണ്ടാണ് ബന്‍സാല്‍ ഒലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നത്.

Comments

comments

Categories: Arabia