പുതു കാലത്തെ കോര്‍പറേറ്റ് അഴിമതികള്‍

പുതു കാലത്തെ കോര്‍പറേറ്റ് അഴിമതികള്‍

കോര്‍പറേറ്റ് മൂലധനത്തിന്റെ വളരാനും വികസിക്കാനുമുള്ള വ്യഗ്രത അഴിമതികളിലേക്കും നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നു. സമീപകാലത്ത് അമേരിക്കയില്‍ നടന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ അഴിമതി ഉദാഹരണമാണ്. ഫേസ്ബുക്കിലും, ഗോള്‍ഡ്മാന്‍ സാക്‌സിലും, ബോയിംഗ് കമ്പനികളിലും നടന്നത് ലോകത്തെ തന്നെ അമ്പരിപ്പിക്കുന്ന അഴിമതികളാണ്.

അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ രണ്ട് കാര്യങ്ങളാണ് ഇന്നു വേറിട്ടു നില്‍ക്കുന്നത്. വളരെയധികം വിജയിച്ചുനില്‍ക്കുന്നു അമേരിക്കന്‍ കമ്പനികള്‍ എന്നതാണ് ഒന്ന്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ലോകത്തിലെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളില്‍ 57 എണ്ണവും അമേരിക്കയില്‍ നിന്നുള്ളവയാണ്. രണ്ടാമത്തെ കാര്യം പല വലിയ കമ്പനികളിലും വിവാദങ്ങള്‍ അല്ലെങ്കില്‍ അഴിമതി തളംകെട്ടി നില്‍ക്കുന്നു എന്നതാണ്. ഉദാഹരണങ്ങളാണ് ഫേസ്ബുക്ക്, ബോയിംഗ്, ഗോള്‍ഡ്മാന്‍ സാക്‌സ്, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ കമ്പനികള്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍.

ബോയിംഗ് 737 മാക്‌സ് വിമാനങ്ങളില്‍ അപകടകരമായ സോഫ്റ്റ്‌വെയറുകള്‍ വിറ്റഴിച്ചെന്ന ആരോപണമാണ് അമേരിക്കന്‍ കമ്പനിയായ ബോയിംഗ് കമ്പനിക്കു നേരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസം അപകടത്തില്‍പ്പെടുകയും 157 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു ബോയിംഗ് 737 മാക്‌സ് വിമാനം. എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്ന ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇൗ അപകടം നടക്കുന്നതിന് ആറ് മാസം മുന്‍പു അതായത്, 2018 ഒക്ടോബറില്‍ ലയന്‍ എയറിന്റെ ബോയിംഗ് 737 വിമാനം ജക്കാര്‍ത്തയില്‍ തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ 189 പേര്‍ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു ദക്ഷിണകൊറിയ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ബോയിംഗ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വ്യോമ നിരീക്ഷണ ഏജന്‍സികള്‍ ഈ അപകടത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്. മലേഷ്യന്‍ സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിനുവേണ്ടി 6.5 ബില്ല്യണ്‍ ഡോളറിന്റെ കടപ്പത്രം പുറത്തിറക്കിയതുമായി ബന്ധപ്പെട്ടു മലേഷ്യയില്‍, ഗോള്‍ഡ്മാന്‍ സാക്‌സിനെതിരെ ക്രിമിനല്‍ കുറ്റത്തിനു കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. അമേരിക്കയിലെ മുന്‍നിര ബാങ്കുകളിലൊന്നായ വെല്‍സ് ഫാര്‍ഗോ (Wells Fargo) 3.5 ദശലക്ഷം അനധികൃത ബാങ്ക് എക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നെന്ന് ഈയടുത്ത കാലത്തു കുറ്റസമ്മതം നടത്തുകയുണ്ടായി. ഓഹരിയുടമകളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ശ്രമം നടത്തുകയാണെന്നും ബാങ്ക് അധികൃതര്‍ പറയുകയുണ്ടായി. മറ്റൊരു അമേരിക്കന്‍ കമ്പനിയായ ഫേസ്ബുക്ക് അഴിമതിയുടെ കുടുക്കില്‍ വീണിരിക്കുകയാണ്. പല രാജ്യങ്ങളിലും ഫേസ്ബുക്കിന്റെ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതി സൂക്ഷ്മപരിശോധനയ്ക്കു വിധേയമായിരിക്കുകയാണ്.

അഴിമതി നടന്ന കമ്പനികളുടെ മൊത്തം മൂല്യം 1.54 ട്രില്യന്‍ ഡോളര്‍

മനുഷ്യസഹജമായ തെറ്റ്, അശ്രദ്ധ, ദൗര്‍ഭാഗ്യം, അപരാധിത്വം അഥവാ ക്രിമിനാലിറ്റി തുടങ്ങിയ ബന്ധമില്ലാത്ത പല ഘടകങ്ങള്‍ കൊണ്ടു സംഭവിച്ചതാണു മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലെ അഴിമതിയെന്നു വേണമെങ്കില്‍ പറയാമെങ്കിലും ഇതു തെറ്റ് തന്നെയാണ്. അമേരിക്കന്‍ കമ്പനികള്‍, മറ്റ് രാജ്യങ്ങളിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ അഴിമതിക്കു കൂടുതല്‍ സാധ്യതയുള്ളവയാണെന്നതിലും സംശയമില്ല. 2016 മുതല്‍ ഇന്നു വരെയുള്ള കാലയളവില്‍ അഴിമതി നടന്ന, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അമേരിക്കന്‍ കമ്പനികളുടെ വിപണി മൂല്യമെന്നത് 1.54 ട്രില്യന്‍ ഡോളറാണെന്നു കേള്‍ക്കുമ്പോള്‍ ഊഹിക്കാം അഴിമതിയുടെ വ്യാപ്തി എത്രത്തോളമാണെന്ന്. 1.54 ട്രില്യന്‍ ഡോളറിന്റെ ഈ വലിയ അഴിമതി ബാധിച്ചത് ലോകമെമ്പാടുമായി 200 മില്യന്‍ കണ്‍സ്യൂമേഴ്‌സിനെയാണ്. അമേരിക്കന്‍ കമ്പനികളില്‍ നടന്ന അഴിമതിയുടെ വ്യാപ്തി 1.54 ട്രില്യന്‍ ഡോളറിന്റേതാണെങ്കില്‍ യൂറോപ്പില്‍ ഇത് 600 ബില്യന്‍ ഡോളറാണ്. അവിടെ പ്രധാനമായും അഴിമതി നടന്നത് വ്യാജ എമിഷന്‍ ടെസ്റ്റുമായി ബന്ധപ്പെട്ടു കാര്‍നിര്‍മാണ കമ്പനികളിലും റഷ്യന്‍ പണം വെളുപ്പിക്കാന്‍ സഹായിച്ച നോര്‍ഡിക് ബാങ്കുകളിലുമാണ്.

അമേരിക്കയും കുംഭകോണവും

കോര്‍പറേറ്റ് കുംഭകോണങ്ങള്‍ക്ക് അമേരിക്ക ഒട്ടും അപരിചിതമല്ല. അമേരിക്കയില്‍ 19-ാം നൂറ്റാണ്ടില്‍ കശാപ്പുശാലകളില്‍ ചീഞ്ഞ മാംസം വിറ്റഴിച്ചിട്ടുണ്ട്.1960-കളില്‍ കാര്‍ നിര്‍മാണത്തിനു പേരു കേട്ട യുഎസ് നഗരമായ ഡീട്രോയ്ട്ടില്‍ പ്രമുഖ കമ്പനികള്‍ നിര്‍മിച്ചിരുന്ന കാറുകള്‍ സുരക്ഷിതമായിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. 2000-ത്തിന്റെ ആരംഭത്തില്‍ വേള്‍ഡ് കോം, എന്റോണ്‍, ടൈകോ എന്നീ സ്ഥാപനങ്ങളില്‍ എക്കൗണ്ടിംഗ് കുംഭകോണം അരങ്ങേറിയിരുന്നു. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌സില്‍ മനപൂര്‍വ്വം കൃത്രിമത്വം നടത്തുന്ന രീതിയാണ് എക്കൗണ്ടിംഗ് സ്‌കാന്‍ഡല്‍ അഥവാ എക്കൗണ്ടിംഗ് കുംഭകോണം. ഇതിലൂടെ സ്ഥാപനത്തിന്റെ വരുമാനം പെരുപ്പിച്ചു കാണിച്ച് ഓഹരിയുടമകളെ തെറ്റിദ്ധരിപ്പിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്നു കോര്‍പറേറ്റ് ലോകത്ത് നടക്കുന്ന കുംഭകോണങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ, ഈ തട്ടിപ്പുകള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്.

നിയന്ത്രണ സംവിധാനങ്ങളുടെ ശക്തി ക്ഷയിച്ചു

മുതലാളിത്തത്തിന്റെ വിമര്‍ശകര്‍ക്ക് ഈ അഴിമതി കഥകളില്‍ ഒരു അത്ഭുതവും തോന്നില്ല. സ്വകാര്യ ഓഹരിയുടമകളാല്‍ നിയന്ത്രിക്കപ്പെടുന്ന കമ്പനികള്‍ അധാര്‍മികമെന്ന് അവര്‍ പണ്ടു മുതല്‍ വിശേഷിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ അഴിമതി നടത്താന്‍ സാധ്യവുമാണെന്നും വിമര്‍ശകര്‍ പറയുന്നു. വിപണിയില്‍ നല്ലൊരു ഇമേജ് സ്ഥാപിച്ചിട്ടുള്ള, ആധിപത്യം നേടിയ സ്ഥാപനങ്ങളിലായിരിക്കും ഭൂരിഭാഗം അഴിമതികളും അരങ്ങേറുന്നത് എന്നതാണു മറ്റൊരു വസ്തുത. ഇത്തരം കമ്പനികളുടെ സേവനങ്ങളെയോ, ഉത്പന്നങ്ങളെയോ പെട്ടെന്നു പലപ്പോഴും ഉപേക്ഷിക്കാന്‍ സാധിക്കാറില്ല. അല്ലെങ്കില്‍ അവയ്ക്കു പകരം വയ്ക്കാനൊരു ബദല്‍ വിപണിയില്‍ ലഭ്യമായിരിക്കില്ല. ഉദാഹരണമാണു ഫേസ്ബുക്ക്. അല്ലെങ്കില്‍ ബോയിംഗ് വിമാന കമ്പനി. ഇത്തരം ഘടകം അഴിമതി നടത്താന്‍ പ്രേരണയായി തീരുകയും ചെയ്യുന്നു എന്നു വേണം കരുതാന്‍. അമേരിക്കയില്‍ ഒരു പരിധി വരെ അഴിമതിയില്‍നിന്നും കോര്‍പറേറ്റുകളെ ഇത്രയും കാലം അകറ്റിനിര്‍ത്തിയിരുന്നതു മൂന്ന് ശക്തികളായിരുന്നു. റെഗുലേഷന്‍, ലിറ്റിഗേഷന്‍, കോംപറ്റീഷന്‍ എന്നിവയാണ് ആ മൂന്നു ശക്തികള്‍. എന്നാല്‍ ഇപ്പോള്‍ ഇവയുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഇന്ന് എവിടെയും എന്തിനും ലോബിയിംഗ് സംവിധാനം ഉണ്ട്. ഉദ്യോഗസ്ഥരുടെ അല്ലെങ്കില്‍ നിയമനിര്‍മാതാക്കളുടെ പ്രവര്‍ത്തനങ്ങളെ, നയങ്ങളെ, തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇന്ന് ലോബിയിസ്റ്റുകളുണ്ട്. ഇവര്‍, റെഗുലേഷന്‍ വിഭാഗത്തെ അഥവാ നിയന്ത്രണാധികാരമുള്ള സമിതിയെ സ്വാധീനിക്കുന്നത് പതിവ് കാഴ്ചയായിരിക്കുന്നു.

അമേരിക്കയില്‍ വ്യോമയാന രംഗത്തെ റെഗുലേറ്ററായ ദ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിമാന കമ്പനിയായ ബോയിംഗിലെ അവരുടെ പരിശോധന പ്രക്രിയയുടെ ഒരു ഭാഗം ഏല്‍പ്പിച്ചത് ബോയിംഗിലെ തന്നെ ജീവനക്കാരെയായിരുന്നു. അതു പോലെ ഫേസ്ബുക്കിനെ നിയന്ത്രിക്കേണ്ട അമേരിക്കയിലെ റെഗുലേറ്ററായ ദ ഫെഡറല്‍ ട്രേഡ് കമ്മീഷനു ഫേസ്ബുക്കിനെതിരേ ശക്തമായ നടപടിയെടുക്കാനാവാതെയും വന്നിരിക്കുന്നു. അഴിമതി തടയാന്‍ മറ്റൊരു മാര്‍ഗം നിയമ വ്യവഹാരമാണ്. പക്ഷേ, വ്യവഹാരത്തെ ഇന്നു കോര്‍പറേറ്റുകള്‍ പേടിക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്. വ്യവഹാരത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ എടുക്കുന്ന കാലതാമസമാണ് ഇവിടെ വില്ലനായിരിക്കുന്നത്. ഇന്ന് ക്രിമിനല്‍ കേസില്‍പ്പെട്ട് ഏതെങ്കിലുമൊരു കമ്പനിയുടെ മുന്‍നിര എക്‌സിക്യൂട്ടീവ് ജയില്‍വാസം അനുഭവിച്ചതായി ആരും കേട്ടിട്ടില്ല. സമീപകാലത്ത് കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ മുതലാളിത്ത വ്യവസ്ഥയില്‍ പൊതുജനത്തിനുള്ള വിശ്വാസം നഷ്ടമാകുന്ന കാലം വിദൂരമായിരിക്കില്ലെന്നു വിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: Top Stories