കൊല്‍ക്കൊത്ത മെഡിക്കല്‍കോളെജില്‍ ബ്രിട്ടീഷ് പരിശീലനം

കൊല്‍ക്കൊത്ത മെഡിക്കല്‍കോളെജില്‍ ബ്രിട്ടീഷ് പരിശീലനം

ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍പ്പെടുന്നവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയാവിദഗ്ധരുടെ ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍. ഇതിനായി ഈ സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കോല്‍ക്കൊത്ത മെഡിക്കല്‍ കോളേജ് ബ്രിട്ടീഷ് ആരോഗ്യസേവന ദാതാക്കളുമായി സഹകരണം ആരംഭിച്ചിരിക്കുകയാണ്. ആഗോള ആരോഗ്യഗവേഷണ രംഗത്തെ പ്രമുഖ ബ്രിട്ടീഷ് സ്ഥാപനം ലീഡ്‌സാണ് ശസ്ത്രക്രിയാസങ്കേതികവിദ്യരംഗത്ത് (ജിഎച്ച്ആര്‍ജി- എസ്ടി) ഡോക്റ്റര്‍മാര്‍ക്കു പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴ് ശസ്ത്രക്രിയാവിദഗ്ധര്‍ മാര്‍ച്ച് 11-14 വരെ മെഡിക്കല്‍ കോളെജില്‍ പരിശീലനം നേടി.

പഠനം, പരിശീലനം, തല്‍സമയപ്രദര്‍ശനം എന്നിവയിലൂടെ തീവ്രപരിശീലനമാണ് ഈ ശസ്ത്രക്രിയാ വിദഗ്ധര്‍ക്കു നല്‍കിയത്. ശസ്ത്രക്രിയാവിദഗ്ധര്‍, ഗവേഷകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് ലീഡ്‌സിന്റെ സംഘത്തില്‍ ഉള്ളത്. നൂതന ചികില്‍സാരംഗത്ത് പുതിയ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലും രോഗികള്‍ക്ക് ചെലവുകുറഞ്ഞ വൈദ്യസേവനം ഉറപ്പു വരുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഇവര്‍ നല്‍കുന്നത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ, രോഗികളെ സംബന്ധിച്ച് തുറന്ന ശസ്ത്രക്രിയയേക്കാള്‍ ഏറെ ഗുണകരമാണ്. ആഴത്തിലും വലുപ്പത്തിലുമുള്ള മുറിവുകള്‍ ഒഴിവാക്കുന്നതിലൂടെ വേദന കുറയ്ക്കുകയും രക്തനഷ്ടം പരിമിതമാക്കുകയും സര്‍വ്വോപരി, ശസ്ത്രക്രിയാനന്തര സങ്കീര്‍ണതകള്‍ പരമാവധി ഇല്ലാതാക്കുകയുമാണ് ഇതിന്റെ നേട്ടം.

സമ്പന്നരാജ്യങ്ങള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ ഗുണഫലങ്ങള്‍ ഏറെ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ വികസ്വര, ദരിദ്ര്യ രാജ്യങ്ങളില്‍ ഇത് ശരിയായ നിലയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. സത്യത്തില്‍ ഇത്തരം സാങ്കേതികവിദ്യകളുടെ ആനുകൂല്യം കൂടുതല്‍ ഗുണകരമാകുന്നത് ഈ രാജ്യങ്ങള്‍ക്കാണ്. എന്നാല്‍ ഇതിനുള്ള പ്രധാനതടസം വിഭവ പരിമിതിയാണ്. കൃത്യമായി പറഞ്ഞാല്‍ അനസ്‌തേഷ്യവിദഗ്ധരുടെ അഭാവം. ഇതിനു പരിഹാരമായാണ് കോയമ്പത്തൂരിലെ ശസ്ത്രക്രിയാവിദഗ്ധനായ ഡോ. ജെ ജ്ഞാനരാജ്, ഗ്യാസ് ഇന്‍സഫ്‌ളേഷന്‍-ലെസ് ലാപ്രോസ്‌കോപ്പിക് സര്‍ജറി (ഗില്‍സ്) എന്ന സാങ്കേതിക വിദ്യ മുമ്പോട്ടു വെച്ചത്. നട്ടെല്ലില്‍ അനസ്‌തേഷ്യ കുത്തി വെച്ച് താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്യുന്നതോടെ ഗണ്യമായ ചെലവു കുറയ്ക്കാനാകുമെന്ന കണ്ടുപിടിത്തമാണ് ഗില്‍സിനാധാരം.

ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു(എന്‍എച്ച്എസ്) കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ചിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശസ്ത്രക്രിയകള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോല്‍ക്കൊത്തയിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ശസ്ത്രക്രിയാവിദഗ്ധരും ഗൈനക്കോളജിസ്റ്റുകളും താക്കോല്‍ദ്വാര ശസ്ത്രക്രിയാ പരിശീനത്തിന്റെ ഗുണഭോക്താക്കളാകും. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ പരിശീലനം നേടിയ ഡോക്റ്റര്‍മാര്‍ തങ്ങളുടെ ആശുപത്രികളില്‍ ഇത്തരം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കും. ഇതിനു മുന്നോടിയായി ശില്‍പ്പശാലകളും സമാന പരിപാടികളും സഘടിപ്പിക്കുന്നുണ്ട്. പിന്നോക്കമേഖലകളില്‍ ഉടനീളം താക്കോല്‍ദ്വാര ശസ്ത്രക്രിയ പ്രചരിപ്പിക്കാനും ഇതിലൂടെ ചെലവുകള്‍ കുറയ്ക്കാനും ദീര്‍ഘകാല ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനുമാണ് ലക്ഷ്യമിടുന്നത്.

ദരിദ്ര്യ, വികസ്വര രാജ്യങ്ങളില്‍ പരിചിതമല്ലാത്ത ആധുനിക ശസ്ത്രക്രിയാസങ്കേതങ്ങളെ പരിചയപ്പെടുത്താന്‍ ലക്ഷ്യമിടുന്ന സ്ഥാപനമാണ് ലീഡ്‌സ്. ശസ്ത്രക്രിയാ സാങ്കേതികവിദ്യാ നവീകരണത്തിലൂടെ പിന്നോക്കമേഖകളിലെ ആരോഗ്യപരിചരണരംഗത്തെ വികസിപ്പിക്കുകയാണ് ഇവരുടെ പ്രഖ്യാപിതലക്ഷം. ശസ്ത്രക്രിയ, ആഗോളവൈദ്യശാസ്ത്രരംഗം, ശാസ്ത്രീയ എന്‍ജിനീയറിങ്, ആരോഗ്യസാമ്പത്തിക രംഗം എന്നിവയില്‍ ഗവേഷണത്തിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. ലീഡ്‌സ് സംഘം ഇന്ത്യയില്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റു പദ്ധതികള്‍ ഗില്‍സ് ശസ്ത്രക്രിയക്കു വേണ്ടിയുള്ള എന്‍ജിനീയറിങ് ഉപകരണങ്ങളുടെ വിതരണവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കമുള്ള പിന്നോക്കപ്രദേശങ്ങളിലെ മെഡിക്കല്‍ ക്യാംപുകള്‍ക്കുള്ള സഹായങ്ങളുമാണ്.

Comments

comments

Categories: Health