ഊര്‍ജ മേഖലയില്‍ 9.4 ലക്ഷം കോടിയുടെ നിക്ഷേപ അവസരങ്ങള്‍ തുറക്കും

ഊര്‍ജ മേഖലയില്‍ 9.4 ലക്ഷം കോടിയുടെ നിക്ഷേപ അവസരങ്ങള്‍ തുറക്കും

കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിന് പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതും പവര്‍ പ്ലാന്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതും വഴി ഊര്‍ജ മേഖലയില്‍ പരമാവധി നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നാണ് ഊഡില്‍വെയ്‌സ് സെക്യൂരിറ്റീസ് പറയുന്നത്

ന്യൂഡെല്‍ഹി: കര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ ഊര്‍ജ മേഖലയില്‍ പുതിയ നിക്ഷേപ സാധ്യതകള്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിന് പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതും പവര്‍ പ്ലാന്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതും വഴി ഊര്‍ജ മേഖലയില്‍ പരമാവധി നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നാണ് ഊഡില്‍വെയ്‌സ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ 9.4 ലക്ഷം കോടി രൂപ വരെ നിക്ഷേപം ആകര്‍ഷിക്കാനുള്ള അവസരങ്ങള്‍ ഊര്‍ജ മേഖലയില്‍ സൃഷ്ടിക്കുമെന്നാണ് ഈഡില്‍വെയ്‌സിന്റെ നിരീക്ഷണം. 2022ഓടെ 175 പുനരുപയോഗ ഊര്‍ജ ശേഷി വികസിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2030ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ തീവ്രത 33-35 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായാണ് പുനരുല്‍പ്പാദന ഊര്‍ജ രംഗത്ത് ഇന്ത്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

2015ലെ പാരിസ് ഉടമ്പടിയിലാണ് കാര്‍ബണ്‍ പുറംതള്ളല്‍ തോത് 2005ലെ തലത്തില്‍ നിന്നും 2030ഓടെ 33-35 ശതമാനം കുറയ്ക്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തത്. 2023-2024 സാമ്പത്തിക വര്‍ഷത്തോടെ 120 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജശേഷി അധികമായി വികസിപ്പിക്കാനാകുമെന്നാണ് കേന്ദ്രം പറയുന്നത്. 8.6 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതിന് ആവശ്യമായി വരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 41 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജശേഷിയാണ് രാജ്യം കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 2.9 ലക്ഷം കോടി രൂപയുടെ നിക്ഷേപ ആവശ്യകതയാണ് ഇതിന് രേഖപ്പെടുത്തിയത്.

പുതിയ തെര്‍മ്മല്‍ പവര്‍ പ്ലാന്റുകളില്‍ പരിമിതമായ വളര്‍ച്ചാ ശേഷിയാണ് ഉള്ളതെന്നും കാര്‍ബണ്‍ പുറംതള്ളല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് മേഖലയില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നും ഈഡില്‍വെയ്‌സ് പറഞ്ഞു. 2018 സെപ്റ്റംബര്‍ അവസാനത്തെ കണക്ക് പ്രകാരം 15 ജിഗാവാട്ടിന്റെ എഫ്ജിഡി (ഫഌ ഗ്യാസ് ഡിസള്‍ഫ്യൂരിസര്‍) കരാറുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.

ഈ കരാറുകളില്‍ 64 ശതമാനവും നേടിയിട്ടുള്ളത് പൊതുമേഖലാ കമ്പനിയായ ഭെല്‍ ആണ്. ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ 15 ശതമാനം കരാറുകളും ഐഎസ്ജിഇസി ഹെവി എന്‍ജിനീയറിംഗ് ഒന്‍പത് ശതമാനം കരാറുകളും റിലയന്‍സ് ഇന്‍ഫ്രാ എട്ട് ശതമാനം കരാറുകളും ജിഇ പവര്‍ നാല് ശതമാനം കരാറുകളും നേടി. പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി എഫ്ജിഡി ഇന്‍സ്റ്റാലേഷനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. കാര്‍ബണ്‍ പുറംതള്ളല്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 42ജിഗാവാട്ട് തെര്‍മല്‍ പവര്‍ ശേഷി വികസിപ്പിക്കുന്നതിനാണ് കമ്പനി അപേക്ഷ ക്ഷണിച്ചത്.

വൈദ്യുതി നിലയങ്ങളില്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ഓരോ മെഗാവാട്ടിനും 88 ലക്ഷം രൂപ മുതല്‍ 128 ലക്ഷം രൂപ വരെയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇത് വൈദ്യുതി താരിഫ് ഒരു യൂണിറ്റിന് 0.62/0.93 പൈസ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കാര്‍ബണ്‍ പുറംതള്ളല്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് 2015 ഡിസംബറില്‍ പ്രഖ്യാപിച്ച രണ്ട് കാലാവാധി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 2022ഓടെ ഇത് നിറവേറ്റാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

Comments

comments

Categories: FK News
Tags: power