5.6 ലക്ഷം ഭവന യൂണിറ്റുകളുടെ നിര്‍മാണം വൈകുന്നു

5.6 ലക്ഷം ഭവന യൂണിറ്റുകളുടെ നിര്‍മാണം വൈകുന്നു

ആവശ്യകതയില്‍ ഉണ്ടായ ഇടിവും ഡെവലപ്പര്‍മാരുടെ സാമ്പത്തിക പ്രതിസന്ധിയുമാണ് ഭവന പദ്ധതികള്‍ വൈകുന്നതിന് പ്രധാന കാരണം

ന്യൂഡെല്‍ഹി: രാജ്യത്ത് 7 പ്രധാന നഗരങ്ങളിലായി 5.6 ലക്ഷം ഭവന യൂണിറ്റുകളുടെ നിര്‍മാണം വൈകിയതായി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അനാറോക്കിന്റെ റിപ്പോര്‍ട്ട്. 4.5 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഭവനയൂണിറ്റുകളാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ച കാലപരിധിയില്‍ നിന്നും വൈകിയിട്ടുള്ളത്. ആവശ്യകതയില്‍ ഉണ്ടായ ഇടിവും ഡെവലപ്പര്‍മാരുടെ സാമ്പത്തിക പ്രതിസന്ധിയുമാണ് ഭവന പദ്ധതികള്‍ വൈകുന്നതിന് പ്രധാന കാരണം.
ദേശീയ തലസ്ഥാന മേഖല, മുംബൈ മെട്രോപൊളീറ്റന്‍ മേഖല, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലായി 2013ന് മുമ്പ് നിര്‍മാണം ആരംഭിച്ചതാണ് ഈ പദ്ധതികള്‍. ഈ നഗരങ്ങളിലെ ലക്ഷക്കണക്കിന് വാങ്ങലുകാര്‍ കടുത്ത ആശയക്കുഴപ്പത്തിലും മാനസിക സമ്മര്‍ദത്തിലുമാണെന്നും സാമ്പത്തിക പ്രതിസന്ധി ഇവരെ അലട്ടുകയാണെന്നും അനാറോക്ക് സ്ഥാപകനും ചെയര്‍മാനുമായ അനുജ് പുരി പറയുന്നു.
ഡെല്‍ഹി തലസ്ഥാന മേഖലയിലും മുംബൈയിലുമായാണ് നിര്‍മാണം മുടങ്ങുകയോ ഇഴയുകയോ ചെയ്യുന്ന ഭവനയൂണിറ്റുകളുടെ 72 ശതമാനവും ഉള്ളതെന്ന് അനാറോക്ക് ഡാറ്റാ വ്യക്തമാക്കുന്നു. മുംബൈ മെട്രോപൊളീറ്റന്‍ മേഖലയില്‍ 1,92,100 അപ്പാര്‍ട്ട്‌മെന്റുകളാണ് വൈകിയിട്ടുള്ളത്. 2,17,550 കോടി രൂപയുടെ മൂല്യമാണ് ഇവയ്ക്ക് കണക്കാക്കുന്നത്. 1,31,460 കോടി രൂപയുടെ മൂല്യമുള്ള 2,10,200 ഭവന യൂണിറ്റുകളാണ് ദേശീയ തലസ്ഥാന മേഖലയില്‍ വൈകിയിട്ടുള്ളത്.
ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്ക് മൊത്തമായി 10 ശതമാനം വിഹിതമാണ് വൈകുന്ന ഭവനയൂണിറ്റുകളുടെ കാര്യത്തിലുള്ളത്. 41,770 കോടി രൂപയാണ് ഈ യൂണിറ്റുകളുടെ മൊത്തം മൂല്യം. ആവശ്യകത ഇടിഞ്ഞതോടെ തങ്ങള്‍ക്ക് പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ഫണ്ട് ലഭ്യമല്ലെന്നാണ് ബില്‍ഡര്‍മാര്‍ പറയുന്നത്. ഇതിനൊപ്പം പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസവും നിര്‍മാണം വൈകുന്നതിന് ഇടയാക്കുന്നുണ്ടെന്ന് അനുജ് പുരി പറയുന്നു. റിയല്‍ എസ്റ്റ്‌റ്റേറ്റ് റെഗുലേറ്ററി ആക്റ്റ് (റെറ) നിലവില്‍ വരുന്നതിനു മുമ്പ് നിര്‍മാണം ആരംഭിച്ച പല പദ്ധതികള്‍ക്കും പിന്നീട് വന്ന ചില നിബന്ധനകള്‍ വിലങ്ങുതടിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News

Related Articles