സൈന്യത്തിന് കരുത്തായി ‘സ്വദേശി ബോഫോഴ്‌സ്’

സൈന്യത്തിന് കരുത്തായി ‘സ്വദേശി ബോഫോഴ്‌സ്’

പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ധനുഷ് പീരങ്കികള്‍ കരസേനക്ക് കൈമാറി

ന്യൂഡെല്‍ഹി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ധനുഷ് പീരങ്കികള്‍ ഔദ്യോഗികമായി സൈന്യത്തിന്റെ ഭാഗമായി. ‘ദേശി ബൊഫോഴ്‌സ്’ എന്നറിയപ്പെടുന്ന ധനുഷ് 155/45 തോക്കിന്റെ വികസനം ഇന്ത്യയിലെ പീരങ്കി നിര്‍മാണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പീരങ്കി ആക്രമണശക്തി വലിയതോതില്‍ ഉയര്‍ത്താന്‍ ശേഷിയുള്ളതാണ് ധനുഷ്.

1980 ല്‍ സ്വീഡനില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയ ബൊഫോഴ്‌സിനെ അടിസ്ഥാനമാക്കി ജബല്‍പൂരിലെ ഗണ്‍ ക്യാരേജ് ഫാക്റ്ററിയിലെ ഓര്‍ഡന്‍സ് ഫാക്റ്ററി ബോര്‍ഡാണ് ധനുഷിന്റെ രൂപകല്‍പ്പനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ ബോഫോഴ്‌സിനെക്കാളും പ്രഹരശേഷിയും കൃത്യതയും ഇതിനെ ഏറെഅപകടകാരിയായ ആയുധമാക്കുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരമുള്ള ധനുഷിന്റെ വികസനത്തിന് എല്ലാ സഹായവും നല്‍കിയ കരസേന, 110 തോക്കുകള്‍ക്കാണ് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്. ഇതില്‍ ആദ്യത്തെ ആറ് ധനുഷ് പീരങ്കി തോക്കുകളുടെ കൈമാറ്റച്ചടങ്ങ് ഗണ്‍ ക്യാരേജ് ഫാക്റ്ററിയില്‍ നടന്നു.

പാക്കിസ്ഥാനെതിരെയുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായി മാറിയ ബൊഫോഴ്‌സിന്് ഇന്ത്യ കൈവരിച്ച വിജയത്തില്‍ വലിയ പങ്കാണുള്ളത്. ദക്ഷിണകൊറിയന്‍ പീരങ്കിയായ കെ-9 വജ്രക്കും യുഎസില്‍ നിന്ന് വാങ്ങിയ എം-777 അള്‍ട്രലൈറ്റ് പീരങ്കിക്കും ശേഷം തദ്ദേശീയമായി നിര്‍മിച്ച ധനുഷ് കൂടി എത്തുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധ ക്ഷാമത്തിന് പരിഹാരമാവുകയാണ്.

Categories: FK News
Tags: Desi Bofors