അമേരിക്കയ്ക്ക് ശേഷം പശ്ചിമേഷ്യ ലക്ഷ്യമിട്ട് റഷ്യ

അമേരിക്കയ്ക്ക് ശേഷം പശ്ചിമേഷ്യ ലക്ഷ്യമിട്ട് റഷ്യ

പശ്ചിമേഷ്യയില്‍ റഷ്യ നടത്തുന്ന ഇടപെടലുകളെ കുറിച്ച് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോഗ് ബ്രെന്‍ഡ്

അമ്മാന്‍ പശ്ചിമേഷ്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന റഷ്യന്‍ സ്വാധീനം വെറുമൊരു കെട്ടുകഥയല്ലെന്ന് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോഗ് ബ്രെന്‍ഡ്. അമേരിക്ക പശ്ചിമേഷ്യയില്‍ നിന്നും ഉള്‍വലിയാന്‍ ആരംഭിച്ചതോടെയാണ് ഈ മേഖല റഷ്യയോട് അടുത്ത് തുടങ്ങിയതെന്ന് ബ്രെന്‍ഡ് അഭിപ്രായപ്പെട്ടു. വരുന്ന നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് മനസിലാക്കി ചൈന അടക്കം പല രാഷ്ട്രങ്ങളും പശ്ചിമേഷ്യയോട് അടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപരമായി അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന പശ്ചിമേഷ്യയിലെ പല മേഖലകളില്‍ നിന്നും അമേരിക്ക പതുക്കെ പിന്‍വാങ്ങുകയും അവരുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കിഴക്കന്‍ മേഖലകളില്‍ അഭയം തേടാന്‍ ആരംഭിച്ചുവെന്ന് ബ്രെന്‍ഡ് പറഞ്ഞു. പല പശ്ചിമേഷ്യന്‍ രാജ്യങ്ങളും അമേരിക്കയ്ക്ക് പകരം റഷ്യയെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ക്ഷണിച്ചു. പശ്ചിമേഷ്യയില്‍ റഷ്യന്‍ സ്വാധീനം പടര്‍ന്നിരിക്കുന്നുവെന്നതില്‍ സത്യമുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് നോര്‍വയിലെ മുന്‍ വിദേശകാര്യ മന്ത്രിയും രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും കൂടിയായ ബ്രെന്‍ഡ് അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലെ അമ്മാനില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ബ്രെന്‍ഡ് സിഎന്‍ബിസി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന റഷ്യന്‍ സ്വാധീനം സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയത്.

ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളുടെ ഗതിയെ നിര്‍ണയിക്കുന്നതില്‍ റഷ്യയുടെ വിദേശ നയങ്ങള്‍ നിര്‍ണായകമാകുന്നതായി പലപ്പോഴും കാണാം. ഇക്കാര്യത്തില്‍ സിറിയ ആണ് ഏറ്റവും വലിയ ഉദാഹരണം. 2015 മുതല്‍ സിറിയന്‍ നേതാവായ ബാഷര്‍ അല്‍ അസദിനെയാണ് റഷ്യന്‍ സൈന്യം പിന്താങ്ങുന്നത്. റഷ്യയുടെ പിന്‍ബലത്തിലാണ് അസദ് ഇപ്പോഴും സിറിയന്‍ പ്രസിഡന്റായി തുടരുന്നതും 80 വര്‍ഷം നീണ്ട രാജ്യത്തെ യുദ്ധത്തില്‍ ഒരു പരിധി വരെ വിജയം കണ്ടതും. സമാനമായി പശ്ചിമേഷ്യയിലെ മറ്റൊരു സംഘര്‍ഷ മേഖലയായ ഇസ്രയേലിലെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുചിനും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായും കാണാന്‍ സാധിക്കുമെന്നും ബ്രെന്‍ഡ് പറഞ്ഞു. പശ്ചിമേഷ്യന്‍ മേഖലകളിലെ റഷ്യന്‍ കൈകടത്തലുകള്‍ക്ക് ഉദാഹരണങ്ങളാണിത്. ലിബിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ പിന്‍ബലത്തോടെ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ഖാലിഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള അവിടുത്തെ വിമത സൈന്യമിപ്പോള്‍. കൂടാതെ ഇസ്രയേല്‍, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായും റഷ്യയ്ക്ക് അടുത്ത ബന്ധമാണുള്ളത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ മാത്രമല്ല അവിടങ്ങളിലെ വ്യാപാര, നിക്ഷേപ മേഖലകളിലും റഷ്യ ചില ചുവടുവെപ്പുകള്‍ നടത്തുന്നുണ്ട്. എണ്ണവില വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് സൗദി അറേബ്യയേക്കാളും വലിയ എണ്ണ ഉല്‍പാദകരായ റഷ്യയുമായാണ്. എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമാണ് സൗദി അറേബ്യ. സൗദിയുമായി റഷ്യയ്ക്ക് സുദൃഢ ബന്ധമാണുള്ളത്. കൂടാതെ ഊര്‍ജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ തുടര്‍ സഹകരണം വാഗ്ദാനം ചെയ്യുന്ന നിരവധി കരാറുകളും ഇരുരാജ്യങ്ങളും തമ്മിലുണ്ട. സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുമായി ആയുധ ഇടപാടുകളും റഷ്യയ്ക്കുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞതും അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തോട് കിട പിടിക്കുന്നതുമായ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് റഷ്യയും സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മില്‍ സാങ്കേതിക കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്.

റഷ്യയോട് അടുക്കുമ്പോഴും അമേരിക്കയെ പിണക്കാതെ

നിശബ്ദമായി റഷ്യ പശ്ചിമേഷ്യയില്‍ പിടി മുറുക്കുമ്പോഴും പല ഗള്‍ഫ് രാജ്യങ്ങളും ഇപ്പോഴും അവരുടെ സുരക്ഷാപങ്കാളിയായി അമേരിക്ക കൊണ്ടുനടക്കുകയാണ്.പ്രത്യേകിച്ച് സൗദി അറേബ്യ. സുരക്ഷാരംഗത്ത് വര്‍ഷങ്ങളുടെ ബന്ധമാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമുള്ളത്. കോടാനുകോടി ഡോളറുകളുടെ ആയുധ ഇടപാടുകളും സുരക്ഷാ മേഖയിലെ സംഖ്യങ്ങളും സഹായങ്ങളും എണ്ണ വ്യാപാരവും ഉള്‍പ്പെട്ടതാണ് ഈ ബന്ധം.

പശ്ചിമേഷ്യയുടെ ഭാഗമായ ഇറാഖിലും സിറിയയിലും അമേരിക്കയുടെ സ്വാധീനം ചുരുങ്ങിക്കൊണ്ടിരിക്കെ ഇറാനെതിരെ പോരാടാന്‍ മേഖലയിലെ സഖ്യരാഷ്ട്രങ്ങളോട് അമേരിക്ക ആഹ്വാനം ചെയ്യുന്നുണ്ട്. ഇറാനിനെതിരായി സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയതും ഇറാനെതിരായി നീങ്ങാന്‍ സൗദിയില്‍ സമ്മര്‍ദ്ദം ചെലത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. പശ്ചിമേഷ്യന്‍ മേഖലയിലുള്ള അമേരിക്കയുടെ സ്വാധീനം പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ബ്രെന്‍ഡ് പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജറേദ് കുഷ്‌നറുമെല്ലാം പശ്ചിമേഷ്യയില്‍ സന്ദര്‍ശകരായി എത്തുന്നത് ഇതിന് തെളിവാണ്. ട്രംപിന് വേണ്ടി തന്ത്രങ്ങള്‍ മെനയുന്നതില്‍ മിടുക്കരായ ഈ ഉന്നത ഉദ്യോഗസ്ഥര്‍ പശ്ചിമേഷ്യന്‍ സഖ്യ രാഷ്ട്രങ്ങളില്‍ നടത്തുന്ന കൂടെക്കൂടെയുള്ള ഈ സന്ദര്‍ശനം ഇറാനെ തുരത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളത് മാത്രമല്ല, തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് വാഗ്ദാനം ചെയ്തിരുന്ന പശ്ചിമേഷ്യന്‍ സമാധാന പദ്ധതി നടപ്പിലാക്കുക എന്ന പദ്ധതിയും അവര്‍ക്കുണ്ട്.

റഷ്യ മാത്രമല്ല പശ്ചിമേഷ്യയില്‍ കണ്ണ് വെച്ച് ചൈനയും

പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് മുമ്പ് ഉണ്ടായിരുന്ന ആധിപത്യത്തിന്റെ പങ്ക് പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ലോകശക്തി റഷ്യ മാത്രമല്ല. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലൂടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വന്‍കരകളെ ബീജിംഗുമായി കോര്‍ത്തിണക്കി ഒരു വ്യാപാര, ചരക്ക് നീക്ക പാത സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയും വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാഴ്ചവെച്ച് പശ്ചിമേഷ്യയെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണ്.

2018 മധ്യത്തില്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് വേണ്ടി 23 ബില്യണ്‍ ഡോളറിന്റെ വായ്പാസഹായമാണ് ചൈന പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസനം, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശ പദ്ധതികള്‍ എന്നീ മേഖലകള്‍ക്ക് വേണ്ടിയായിരുന്നു ചൈനയുടെ സഹായ വാഗ്ദാനം. വിദൂരഭാവി സ്വപ്‌നം കണ്ടുകൊണ്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ചൈന പശ്ചിമേഷ്യയില്‍ നടത്തുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. സാമ്പത്തികവും തന്ത്രപ്രധാനവുമായ താല്‍പര്യങ്ങള്‍ വളര്‍ത്തി അതേസമയം വളരെ പരിമിതമായ തോതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി അറബ് മേഖലയിലെ സര്‍ക്കാരുകളുടെ ഇഷ്ടം പിടിച്ചുപറ്റാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് ഈ നൂറ്റാണ്ട് ഏഷ്യയുടേതാണ്. ഏഷ്യയിലെ വളര്‍ച്ച വളരെ പ്രകടമാണ്. 6% വളര്‍ച്ചാ നിരക്കേ ഉള്ളുവെങ്കില്‍ കൂടിയും ചൈന പോലുള്ള വലിയൊരു സമ്പദ് വ്യവസ്ഥയ്ക്ക് ആഗോള വളര്‍ച്ചയുടെ 30 ശതമാനം അവകാശപ്പെടാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയും ഏഷ്യയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മ്യാന്‍മാര്‍, ബംഗ്ലാദേശ്, ഗള്‍ഫ് മേഖലകളില്‍ ഇന്ത്യയും ചൈനയും തമ്മിലാണ് മത്സരം.

Comments

comments

Categories: Top Stories