രാഷ്ട്രീയാന്തരീക്ഷം മോദിക്ക് ഗുണകരമാണ്, പക്ഷേ…

രാഷ്ട്രീയാന്തരീക്ഷം മോദിക്ക് ഗുണകരമാണ്, പക്ഷേ…

പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിലേക്ക് ഇനി 48 മണിക്കൂര്‍ ദൈര്‍ഘ്യം മാത്രം. രണ്ട് മാസം മുന്‍പ് കേട്ടിരുന്ന എല്ലാ സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളെയും വിവാദങ്ങളെയും ഏറെക്കുറെ അപ്രസക്തമാക്കിക്കൊണ്ട് പാക് അതിര്‍ത്തി ലംഘിച്ച് ശത്രുവിന്റെ ഭീകര താവളങ്ങള്‍ക്ക് മേല്‍ ബോബുകള്‍ വര്‍ഷിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയും അതിന് അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥൈര്യത്തെയും കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ദേശീയതയെന്ന ബിജെപിയുടെ എക്കാലത്തെയും കരുത്തുറ്റ പരിചയില്‍ തട്ടി നിഷ്പ്രഭമാവുന്നു. എന്നാല്‍ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തില്‍ മാത്രപം വിജയം കൈപ്പിടിയിലാക്കാമെന്ന ബിജെപി ചിന്തിച്ചാല്‍ അത് അബദ്ധമാകും

പാക്കിസ്ഥാനില്‍ നിന്നുള്ള പ്രകോപനപരമായ ഭീകരവാദപ്രവര്‍ത്തനങ്ങളോട്, പ്രത്യേകിച്ച് 2008 നവംബറില്‍ ലഷ്‌കര്‍ ഇ തോയ്ബ മുംബൈയില്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളോട് സൈനികമായി പ്രതികരിക്കുന്നതില്‍ നിന്ന് മുന്‍ സര്‍ക്കാരുകള്‍ പിന്നോട്ടുപോയത് പരിഗണിക്കുമ്പോള്‍ പാക്കിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പില്‍ ഇന്ത്യന്‍ ജെറ്റുകള്‍ നടത്തിയ വ്യോമാക്രമണം തന്ത്രപരമായ സംയമന നയം ഇന്ത്യ കൈവെടിഞ്ഞുവെന്നതിനു തെളിവാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിനു കീഴിലാണ് ഈ സുപ്രധാനമായ നയം മാറ്റം ഉണ്ടായിരിക്കുന്നത്. നരേന്ദ്ര മോദിയെ സംബന്ധിച്ച പൗരുഷ കാഴ്ചപ്പാടുകള്‍ പുനസ്ഥാപിക്കപ്പെടുന്നതിന് ഇത് കാരണമായിട്ടുണ്ട്.

ഈ പ്രതിച്ഛായയുടെ രാഷ്ട്രീയ ഫലങ്ങള്‍ അങ്ങേയറ്റം ബൃഹത്താണ്. ഒരൊറ്റ അടിക്ക് ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് പ്രതിബന്ധമായി നിലനിന്നിരുന്ന എല്ലാ ആഭ്യന്തര പ്രശ്‌നങ്ങളെയും അത് പിന്തള്ളി. രാജ്യത്തെ ഐസിയുവിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ട, പ്രതിപക്ഷത്തിന്റെ ‘മജ്ബൂര്‍’ (നിസഹായ) സഖ്യത്തില്‍ നിന്ന് വിഭിന്നമായി ‘മജ്ബൂദ് സര്‍ക്കാര്‍’ (ശക്തമായ സര്‍ക്കാര്‍) നല്‍കാന്‍ കഴിയുമെന്ന ബിജെപിയുടെ അവകാശവാദത്തിന് ഈ നടപടി തിളക്കം കൂട്ടി.

അടുത്തിടെയുണ്ടായ ഈ സര്‍ജിക്കല്‍ സ്‌ട്രെക്ക്, പാര്‍ട്ടിയെ 28 പാര്‍ലമെന്റ് സീറ്റുകളില്‍ 22 ഉം നേടാന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ട കര്‍ണാടകയിലെ ബിജെപി നേതാവായ ബി എസ് യെദിയൂരപ്പയേക്കാള്‍ നന്നായി ഇക്കാര്യത്തില്‍ മറ്റാരും വിജയാഹ്ലാദം പ്രകടിപ്പിച്ചില്ല. സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന നിലപാടിലേക്ക് അദ്ദേഹം മാറിയെങ്കിലും ദേശീയവാദികളുടെ പാര്‍ട്ടി എന്ന തങ്ങളുടെ അവകാശവാദം തെരഞ്ഞെടുപ്പടുക്കും തോറും ബിജെപി സജീവമാക്കുമെന്ന കാര്യത്തില്‍ വളരെ കുറച്ചു പേര്‍ക്കേ സംശയമുണ്ടാവാന്‍ ഇടയുള്ളൂ. പ്രതിപക്ഷമാവട്ടെ ഇരുട്ടിലാണ്. തൊഴിലില്ലായ്മ, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, കുറഞ്ഞ നിക്ഷേപം, റാഫേല്‍ തുടങ്ങിയ അവരുടെ പ്രധാന പ്രചാരണ വിഷയങ്ങള്‍ ഇനി കാര്യമായി ഗുണം ചെയ്യില്ലെന്ന് അവര്‍ക്ക് മനസിലായിക്കഴിഞ്ഞു. രാജ്യത്തിന്റെ നയതന്ത്ര വിജയവും സൈനിക നേട്ടത്തിന്റെ തിളക്കവുമാണ് ഇപ്പോള്‍ അരങ്ങ് നിറഞ്ഞു നില്‍ക്കുന്നത്.

പാക്കിസ്ഥാന്റെ ഉറ്റ സുഹൃത്തുക്കളായ ചൈന, സൗദി അറേബ്യ എന്നിവയടക്കം രാജ്യാന്തര സമൂഹം സൈനിക നടപടികള്‍ കൈവിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇസ്ലാമാബാദില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര വിജയം വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൈവരിക്കുന്നത് ലക്ഷ്യമിട്ട് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച രാമക്ഷേത്ര വിഷയം പോലെ വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടുവരേണ്ട ആവശ്യം ഇനി ബിജെപിക്കില്ല. അതുപോലെ പുതിയ സമതിദായകരെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി സുപ്രീ കോടതി നിര്‍ദേശിച്ചിട്ടുള്ള 50 ശതമാനം എന്ന സംവരണ പരിധി ലംഘിച്ചു കൊണ്ട് സംവരണ ക്വോട്ടകള്‍ കൊണ്ടുവരേണ്ട ആവശ്യവും ഇനി പാര്‍ട്ടിക്കില്ല. ഇന്നത്തെ ആഘോഷത്തിമിര്‍പ്പിന്റെ മാനസികാവസ്ഥയില്‍ ഡെല്‍ഹിയിലെ യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടന വേളയിലേതടക്കമുള്ള മോദിയുടെ പ്രസംഗങ്ങളിലൂടെ കോണ്‍ഗ്രസിലെ ആദ്യ കുടുംബത്തില്‍ നിന്നുള്ള രൂക്ഷമായ പല വിമര്‍ശനങ്ങളെയും ദുര്‍ബലമാക്കാന്‍ ബിജെപിക്കായിട്ടുണ്ട്.

മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയത്തിന്റെയും ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ ഉപ തെരഞ്ഞെടുപ്പുകളില്‍ ചില ദേശീയ സഖ്യകക്ഷികള്‍ നേടിയ വിജയത്തിന്റെയും സമയത്ത് കണക്കാക്കിയിരുന്നതിനേക്കാളും ഏറെ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസിന്റെ ആദ്യ കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വരിക. ബിജെപി വിരുദ്ധ ക്യാമ്പിന്റെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ക്രമേണ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹവും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള, പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഒരു പോരാട്ടം ഒഴിവാക്കാനാവാത്തതാണ്. ബിജെപിയുമായി രാഷ്ട്രീയപരമായ ഭിന്നതകളുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളുടെയും വക്താവായി അദ്ദേഹം, വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ വിമര്‍ശിച്ചത് ഇത്തരമൊരു സൂചന നല്‍കുന്നു.

ഏറ്റുമുട്ടല്‍ ഇത്തരമൊരു ഘട്ടത്തില്‍ എത്തിയിരിക്കുന്ന അവസരത്തില്‍ പ്രതിപക്ഷം വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കാരണം സമകാലീന രാഷ്ട്രീയ സാഹചര്യം, ‘ദൃഢമായ ദേശീയവാദം’ എന്ന ബിജെപിയുടെ എക്കാലത്തെയും വിജയ മന്ത്രത്തില്‍ പൂരിതമായി നില്‍ക്കുകയാണ്. യെദിയൂരപ്പയുടേത് പോലുള്ള അബദ്ധ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന് ഇടക്കിടെ സഹായകമായേക്കാം. പാക്കിസ്ഥാനിലെ ഭരണ പാര്‍ട്ടിയായ തെഹ്രീഖ്-ഇ-ഇന്‍സാഫും ഈ പരാമര്‍ശം ഏറ്റെടുത്ത് യുദ്ധം 22 സീറ്റുകള്‍ക്കുവേണ്ടിയായിരുന്നോയെന്ന് പരിഹസിക്കുകയുണ്ടായി.

സൈനിക വിജയം സാമ്പത്തിക വിജയത്തില്‍ നിന്ന് വിഭിന്നമാണെന്നും ഇരു മേഖലകളിലും തുല്യമായ പുരോഗതി പ്രാപിക്കുന്നത് വരെ രാജ്യം സുശക്തമാണെന്ന് അവകാശപ്പെടാനാവില്ലെന്നും വ്യക്തമാക്കാനുതകുന്ന ഒരു വിതര്‍ക്കം പ്രതിപക്ഷം മുന്നോട്ടുവെക്കുത്തതാവും ഉചിതം. വിജയത്തിലേക്കുള്ള തങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ ഒന്നിനുമാവില്ലെന്നാണ് ബിജെപി വിശ്വസിക്കുന്നതെങ്കില്‍ അത് അവരുടെ പിഴവായിരിക്കും. ഇന്ത്യയിലെ സമതിദായര്‍ രാഷ്ട്രീയകാര്യങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും സാമാന്യബോധമുള്ള വിഭാഗമാണ്. ജാതി, സ്ഥാനാര്‍ത്ഥിയുടെ പശ്ചാത്തലം, പാര്‍ട്ടിയുടെ ചരിത്രം തുടങ്ങി വ്യത്യസ്ത ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള വിശാലമായ കാഴ്ച്ചപാടാണ് അവനുള്ളത്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ വശീകരിക്കപ്പെടാത്ത സ്ഥായിയായ ആശയ പ്രതിബദ്ധതയും ഇന്ത്യയിലെ സമതിദായകനുണ്ട്.

അതിനാല്‍, ഇപ്പോള്‍ മോദിക്ക് ഗുണകരമായ സാഹചര്യമാണെങ്കിലും ബിജെപിക്ക് അനുകൂലമായ മുദ്രവെച്ച ഫലം പുറത്തുവരാന്‍ ഇനിയും സമയമുണ്ട്. കോണ്‍ഗ്രസ് അഴിമതിയുടെ ചെളിപുരണ്ട രാഷ്ട്രീയമായി ദുര്‍ബലമായിരുന്ന 2014 ലെ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ ഉണ്ടായതു പോലെ മോദിക്ക് അനുകൂലമായ ഒരു വന്‍ തരംഗത്തിന്റെ ലക്ഷണങ്ങള്‍ ഇത്തവണ ദൃശ്യമല്ല. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും അവരുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ആകര്‍ഷിക്കുന്ന ജനക്കൂട്ടമാകും ഇതിന്റെ ഉരകല്ലാകുക. എപ്പോഴത്തെയുംപോലെ മോദി ഇക്കാര്യത്തില്‍ മുന്നിലാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, രാഹുല്‍ ഗാന്ധിയുടെ സമ്മേളനങ്ങളില്‍ നിന്ന് കാറ്റിന്റെ ഗതിയെക്കുറിച്ച് അനുമാനങ്ങളിലെത്താന്‍ കഴിയും.

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം. amulyaganguli@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider