താപനില നിയന്ത്രിക്കാവുന്ന ബൈക്ക് സീറ്റുമായി ഹോണ്ട

താപനില നിയന്ത്രിക്കാവുന്ന ബൈക്ക് സീറ്റുമായി ഹോണ്ട

ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച സ്വിച്ച് ഉപയോഗിച്ച് സീറ്റിലെ താപനില ക്രമീകരിക്കാന്‍ കഴിയും

ടോക്കിയോ : താപനില നിയന്ത്രിക്കാവുന്ന സീറ്റുകള്‍ ഇപ്പോള്‍ മിക്കവാറും എല്ലാ പ്രീമിയം കാറിലും കാണാം. ആവശ്യകത വര്‍ധിച്ചതോടെ, താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോഡലുകളിലും ഇത്തരം സീറ്റുകള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു. അതേസമയം ബൈക്കുകളില്‍ ഈ ഫീച്ചര്‍ നല്‍കുന്ന കാര്യം ആലോചിക്കുകയാണ് ഹോണ്ട. ചോര്‍ന്നുകിട്ടിയ ഹോണ്ടയുടെ പാറ്റന്റ് അപേക്ഷയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ചൂടും തണുപ്പും നിയന്ത്രിക്കാവുന്ന സീറ്റ് രൂപകല്‍പ്പന ചെയ്തു എന്ന് മാത്രമല്ല, നിര്‍മ്മിച്ച് വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരിക്കുന്നു ഹോണ്ട. ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച സ്വിച്ച് ഉപയോഗിച്ച് സീറ്റിലെ താപനില ക്രമീകരിക്കാന്‍ കഴിയും. മുന്‍ തലമുറ സിബിആര്‍1000ആര്‍ആര്‍ മോട്ടോര്‍സൈക്കിളാണ് പാറ്റന്റ് അപേക്ഷയില്‍ ഉപയോഗിച്ചതെന്ന് തോന്നുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യ ഏതു ബൈക്കിലും നല്‍കാന്‍ ജാപ്പനീസ് കമ്പനിക്ക് കഴിയും.

ഇന്ധന ടാങ്കിന്റെ അടിയില്‍നിന്ന് സീറ്റിലേക്ക് ഒരു കുഴല്‍ നല്‍കിയിരിക്കുന്നത് പാറ്റന്റ് ചിത്രത്തില്‍ കാണാം. ഇതുവഴി ചൂടുള്ളതോ തണുത്തതോ ആയ വായു കടത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫീച്ചര്‍ നല്‍കുന്നതോടെ സീറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവിലും മാറ്റം വരുത്തും. പ്ലാസ്റ്റിക് മെഷ് ഉപയോഗിക്കുന്നതോടെ സീറ്റിലേക്കുള്ള വായുസഞ്ചാരം സുഗമമാകും. ഇതുസംബന്ധിച്ച വിന്‍ഡ് ടണല്‍ പരീക്ഷണങ്ങളും ഹോണ്ട ഇതിനകം നടത്തി.

ഏതു ഹോണ്ട മോട്ടോര്‍സൈക്കിളില്‍ എപ്പോള്‍ ഈ പുതിയ സീറ്റ് നല്‍കുമെന്നാണ് ഇനി അറിയേണ്ടത്. 2020 മോഡല്‍ ഗോള്‍ഡ് വിംഗില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. തുടര്‍ന്ന് മറ്റ് ദീര്‍ഘദൂര മോഡലുകളിലും താപനില ക്രമീകരിക്കാവുന്ന സീറ്റുകള്‍ ഘടിപ്പിക്കും.

Comments

comments

Categories: Auto