പരിധികള്‍ ലംഘിക്കുന്ന ഫേസ്ബുക്

പരിധികള്‍ ലംഘിക്കുന്ന ഫേസ്ബുക്

രാഷ്ട്രീയ പോസ്റ്റിട്ടതിന്റെ പേരില്‍ ഉപയോക്താവിന്റെ വീട്ടില്‍ ഫേസ്ബുക് ടീം അന്വേഷണത്തിന് എത്തിയെന്ന വാര്‍ത്ത ശരിയെങ്കില്‍ അത് സ്വകാര്യതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്

ഇന്ത്യയില്‍ പരിധികളെല്ലാം ലംഘിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക് എന്ന ആരോപണം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് പുറത്തുവിട്ട എക്‌സ്‌ക്ലൂസിവ് റിപ്പോര്‍ട്ട് അതിലേക്ക് വെളിച്ചം വീശുന്ന ഒടുവിലത്തെ വാര്‍ത്തയാണ്. ഫേസ്ബുക്കില്‍ രാഷ്ട്രീയപരമായി പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഉപയോക്താവിന്റെ വീട്ടിലെത്തി ഫേസ്ബുക് പ്രതിനിധികള്‍ അന്വേഷണം നടത്തിയതായാണ് വാര്‍ത്ത വന്നത്. ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ ചോദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണിതെന്നാണ് നിയമവിദഗ്ധര്‍ ഇതിനോടകം അഭിപ്രായപ്പെട്ടത്.

രാഷ്ട്രീയ പരസ്യങ്ങളുടെ കാര്യങ്ങളില്‍ മാത്രമേ ഫേസ്ബുക്കിന്റെ നിബന്ധനകള്‍ക്ക് പ്രസക്തിയും സാധുതയുമുള്ളൂ. അല്ലാതെ ഉപയോക്താവിന്റെ പോസ്റ്റില്‍ വരുന്ന ഉള്ളടക്കത്തിന്റെ സ്വഭാവം വെച്ച് വെരിഫിക്കേഷന്‍ നടത്താന്‍ സോഷ്യല്‍ മീഡിയ കമ്പനിക്ക് യാതൊരുവിധ അവകാശവുമില്ല. അതുകൊണ്ടുതന്നെ ഈ വാര്‍ത്തയുടെ സത്യസന്ധത പരിശോധിച്ച് സോഷ്യല്‍ മീഡിയ ഭീമന്റെ പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊണ്ടേ പറ്റൂ.

ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പല നടപടികളും വലിയ തോതില്‍ ആശങ്കയുണ്ടാക്കുന്നവയായി മാറുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ ഏറെ സ്വാധീനമുള്ള നിരവധി പേജുകള്‍ ഫേസ്ബുക് ഡിലീറ്റ് ചെയ്യുകയോ അണ്‍പബ്ലിഷ് ആക്കുകയോ ചെയ്തത്. ഫേസ്ബുക്കിനെ വലിയ തോതില്‍ ആശ്രയിച്ച് ബിസിനസ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. അവരെയെല്ലാം ബാധിക്കുന്ന നീക്കമാണ് കമ്പനി നടത്തിയത്. പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ പേജുകള്‍ എടുത്തുകളഞ്ഞതിന് പോലും യാതൊരുവിധ വിശദീകരണവും ഫേസ്ബുക് നല്‍കിയിട്ടില്ല. ഇതുവരെ പേജുകള്‍ സജീവമാക്കാനും സാധിച്ചിട്ടില്ല. കൃത്യമായ വിശദീകരണം നല്‍കാതെ ഏത് തരത്തിലും കാര്യങ്ങള്‍ ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തരുത്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ മാത്രം ഫേസ്ബുക് ഇത്തരത്തില്‍ നടപടികള്‍ കൈക്കൊള്ളുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കുന്നവര്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യത കൂടി സോഷ്യല്‍ മീഡിയ ഭീമനുണ്ട്. മാത്രമല്ല, ഉപയോക്താക്കളുടെ അടിത്തറയില്‍ വളരുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് അവരോട് തിരിച്ച് നീതി കാണിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം കൂടിയുണ്ട്.

എന്തുകൊണ്ടാണ് നടപടികള്‍ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഫേസ്ബുക് വ്യക്തമാക്കണം. അല്ലെങ്കില്‍ ട്വിറ്റര്‍, ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമ സംരംഭങ്ങള്‍ക്ക് മേല്‍ അതിശക്തമായ നിയന്ത്രണം കൊണ്ടുവരാനോ തെറ്റ് പറ്റിയെങ്കില്‍ വലിയ തോതില്‍ പിഴ ചുമത്താനോ കേന്ദ്ര സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്. വ്യാജവാര്‍ത്തകളും വിദ്വേഷം ചെലുത്തുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന അനേകം പേജുകള്‍ ഫേസ്ബുക്കില്‍ ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുത്ത ചില പേജുകള്‍ക്കെതിരെ വരുന്ന നടപടികള്‍ സംശയദൃഷ്ടിയോടെ നോക്കാനേ സാധിക്കൂ. പ്രത്യേകിച്ചും ഇവയെല്ലാം ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളതാകുമ്പോള്‍. സുതാര്യത കൊണ്ടുവരിക എന്നുള്ളത് മാത്രമാണ് ഏക പോംവഴി.

Categories: Editorial, Slider
Tags: Facebook, Privacy