വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് 30,000 പേരെ അണിനിരത്തുന്നു

വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് 30,000 പേരെ അണിനിരത്തുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത, വിദ്വേഷം നിറഞ്ഞ ഉള്ളടക്കം എന്നിവ പ്രചരിക്കുന്നതു തടയാനായി ഫേസ്ബുക്ക് അണിനിരത്തുന്നത് 30,000 പേരെ. 40 ടീമുകളെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. ഈ മാസം 11ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം വാശിയേറി മുന്നേറുകയാണ്. ഇതിനിടെ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇത് തടയുന്നതിനായി ഫേസ്ബുക്ക് സൈബര്‍ സെക്യൂരിറ്റി, എന്‍ജിനീയറിംഗ് രംഗത്തെ വിദഗ്ധരെ നിയോഗിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് യുഎസിലും ബ്രസീലിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു. യുഎസില്‍ കോണ്‍ഗ്രസിലേക്കും, ബ്രസീലില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നാഷണല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമാണു നടന്നത്. ഈ സമയത്ത് ഫേസ്ബുക്ക് പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നൊരുക്കങ്ങളും അതില്‍നിന്നും ആര്‍ജ്ജിച്ച അനുഭവങ്ങളും ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍കരുതലെടുക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ ഇപ്രാവിശ്യം 900 ദശലക്ഷം പേരാണു വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 11ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഏഴ് ഘട്ടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറപ്പെടുവിക്കും.

Comments

comments

Categories: FK News