നാലാംഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാകും

നാലാംഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാകും

ലോകത്തിലെ ഏറ്റവും വലിയ സിഎസ്പി സൗരോര്‍ജ പദ്ധതിയാണ്

ദുബായ്: ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായുടെ വമ്പന്‍ സൗരോര്‍ജ പദ്ധതിയായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം സൗരോര്‍ജ പാര്‍ക്കിന്റെ നാലാംഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാകും. കണ്ണാടികളോ, ലെന്‍സോ ഉപയോഗിച്ച് വലിയൊരു പ്രദേശത്ത് സൂര്യപ്രകാശം കേന്ദ്രീകരിച്ച് (സിഎസ്പി) സൗരോര്‍ജമുണ്ടാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ ടവറാണ് നാലാംഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.

950 മെഗാവാട്ട് ശേഷിയുള്ള നാലാംഘട്ടത്തിന് 15.8 ബില്യണ്‍ ദിര്‍ഹം ചിലവാണ് പ്രതീക്ഷിക്കുന്നത്. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദേവ) സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ സയിദ് മുഹമ്മദ് അല്‍ ടയര്‍ കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി.സമയബന്ധിതമായി തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി അല്‍ ടയര്‍ അറിയിച്ചു.

സിഎസ്പി ടവറിന്റെ സൂര്യപ്രകാശം കേന്ദ്രീകരിക്കുന്നതിനുള്ള അടിത്തറയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 260 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും നീളമേറിയ സൗരോര്‍ജ ടവറായിരിക്കും ഇത്. ദേവ, സൗദി അറേബ്യയിലെ എസിഡബ്ല്യൂ പവര്‍, ചൈനയിലെ സില്‍ക്ക് റോഡ് ഫണ്ട് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ നൂര്‍ എനര്‍ജി 1 നാണ് നാലാംഘട്ടത്തിന്റെ നിര്‍മ്മാണച്ചുമതല. നാലാംഘട്ടത്തിലെ 33 ശതമാനം എഞ്ചിനീയറിംഗ് ജോലികളും പൂര്‍ത്തീകരിച്ചതായി നൂര്‍ എനര്‍ജി 1 എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുള്‍ ഹമീദ് അല്‍ മുഹൈദിബ് പറഞ്ഞു.320,000 പ്രദേശവാസികള്‍ക്ക് ക്ലീന്‍ എനര്‍ജി പ്രദാനം ചെയ്യാന്‍ ശേഷിയുള്ള നാലാംഘട്ടം ഒരു വര്‍ഷം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവില്‍ 1.6 മില്യണ്‍ ടണ്‍ കുറവ് വരുത്തുകയും ചെയ്യും.

2030 ഓടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം സൗരോര്‍ജ പാര്‍ക്കിലൂടെ 5,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് യുഎഇ കരുതുന്നത്. ഏകദേശം 50 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപങ്ങളാണ് പദ്ധതിയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 2013ലാണ് 13 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ ആദ്യ ഫോട്ടോവോള്‍ട്ടിക് ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചത്. മാര്‍ച്ച് 2017ല്‍ 200 മെഗാവാട്ട് ശേഷിയുള്ള രണ്ടാം ഫോട്ടോ വോള്‍ട്ടിക് ഘട്ടവും പ്രവര്‍ത്തനനിരതമായി. 800 മെഗാവാട്ട് ശേഷിയുള്ള മൂന്നാം ഫോട്ടോ വോള്‍ട്ടിക് ഘട്ടത്തിന്റെ 200 മെഗാവാട്ട് ശേഷിയുള്ള ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം മെയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2020ല്‍ മൂന്നാംഘട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.

Comments

comments

Categories: Arabia