ഇന്ത്യന്‍ ബ്രാന്‍ഡുകളെ തൂത്തെറിഞ്ഞ് ചൈനീസ് കമ്പനികള്‍

ഇന്ത്യന്‍ ബ്രാന്‍ഡുകളെ തൂത്തെറിഞ്ഞ് ചൈനീസ് കമ്പനികള്‍
  • 2017-2018ല്‍ മൈക്രോമാക്‌സ്, ഇന്റെക്‌സ്, ലാവ എന്നീ ആഭ്യന്തര കമ്പനികളുടെ സംയോജിത വരുമാനത്തില്‍ 22% ഇടിവാണ് രേഖപ്പെടുത്തിയത്. 10,498 കോടി രൂപയാണ് ഈ കമ്പനികളുടെ സംയോജിത വരുമാനം
  • ഷഓമി, ഓപ്പോ, വിവോ എന്നിവയുടെ സംയോജിത വിറ്റുവരവ് 46,120 കോടി രൂപ

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളില്‍ നിന്നുള്ള മത്സരം ആഭ്യന്തര മൊബീല്‍ ഫോണ്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. ഇതിന്റെ ഫലമായി രാജ്യത്തെ മൂന്ന് മുന്‍നിര മൊബീല്‍ കമ്പനികളുടെ വരുമാനത്തില്‍ കുത്തനെയുള്ള ഇടിവാണ് മുന്‍ സാമ്പത്തിക വര്‍ഷം (2017-2018) ഉണ്ടായത്. ചൈനീസ് കമ്പനികള്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവ് വിറ്റുവരവാണ് തങ്ങള്‍ക്ക് നേടാനായതെന്നും ആഭ്യന്തര കമ്പനികള്‍ പറയുന്നു.

മൈക്രോമാക്‌സ്, ഇന്റെക്‌സ്, ലാവ എന്നീ ആഭ്യന്തര കമ്പനികളുടെ സംയോജിത വരുമാനത്തില്‍ 2017-2018ല്‍ 22 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 10,498 കോടി രൂപയാണ് ഈ കമ്പനികളുടെ സംയോജിത വരുമാനമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനുവിപരീമായി ഷഓമി, ഒപ്പോ, വിവോ എന്നീ മൂന്ന് മുന്‍നിര ചൈനീസ് ബ്രാന്‍ഡുകളുടെ സംയോജിത വിറ്റുവരവില്‍ 2016 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 46,120 കോടി രൂപയാണ് ഇവയുടെ സംയോജിത വരുമാനം.

ചൈനീസ് കമ്പനികളില്‍ നിന്നുള്ള മത്സരം ഡിവൈസുകളുടെ വില കുറയ്ക്കുന്നതിന് ആഭ്യന്തര കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇത് കമ്പനികളുടെ ലാഭത്തില്‍ ഏകദേശം 70 ശതമാനത്തോളം വാര്‍ഷിക ഇടിവാണ് വരുത്തിയിട്ടുള്ളത്. 187 കോടി രൂപയാണ് 2017-2018 സാമ്പത്തിക വര്‍ഷത്തെ മൈക്രോമാക്‌സിന്റെയും ഇന്റെക്‌സിന്റെയും ലാവയുടെയും സംയോജിത ലാഭം. ചൈനീസ് ബ്രാന്‍ഡുകളില്‍ ഷഓമി മാത്രമാണ് ഇക്കാലയളവില്‍ ലാഭം നേടിയത്, 293 കോടി രൂപ. ഒപ്പോ 358 കോടി രൂപയുടെയും വിവോ 120 കോടി രൂപയുടെയും അറ്റ നഷ്ടം കുറിച്ചു.

ആഭ്യന്തര കമ്പനികളുടെ വരുമാനത്തിലുണ്ടായ ഇടിവ് 2018-2019ലെ സാമ്പത്തിക റിപ്പോര്‍ട്ടില്‍ കൂടുതല്‍ പ്രകടമാകും. 4ജി ഫീച്ചര്‍ഫോണായ ജിയോ ഫോണ്‍ വിപണിയില്‍ മുന്നേറ്റം തുടരുന്നതാണ് ഇതിന്റെ കാരണമായി വിപണി നിരീക്ഷകര്‍ പറയുന്നത്. ജിയോയുടെ ചെലവ് കുറഞ്ഞ ഡാറ്റ പ്ലാനുകളും ചൈനീസ് ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യമുറപ്പിക്കുന്നതും ആഭ്യന്തര കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകും.

ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള മത്സരം കാരണം ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം നഷ്ടമാകുന്ന പ്രവണത ഈ വര്‍ഷവും തുടരുമെന്ന് കൗണ്ടര്‍പോയിന്റെ ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ചില്‍ നിന്നുള്ള അനലിസ്റ്റ് കാണ്‍ ചൗഹാന്‍ പറഞ്ഞു. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന രണ്ട് ആഭ്യന്തര ബ്രാന്‍ഡുകള്‍ ഇപ്പോഴും മൈക്രോമാക്‌സും ലാവയും മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള മറ്റൊരു തദ്ദേശീയ ബ്രാന്‍ഡ് ജിയോ ആണ്.

മൈക്രോമാക്‌സിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ 22 ശതമാനം ഇടിവാണ് 2017 സാമ്പത്തിക വര്‍ഷം ഉണ്ടായത്. ലാഭം 72 ശതമാനം ഇടിഞ്ഞു. ഇക്കാലയളവിലെ കമ്പനിയുടെ വിറ്റുവരവ് 4,345 കോടി രൂപയും ലാഭം 103 കോടി രൂപയുമാണ്. ലാവയുടെ വരുമാനം സമാന കാലയളവില്‍ പത്ത് ശതമാനം ഇടിഞ്ഞ് 3,290 കോടി രൂപയിലെത്തി. അറ്റ ലാഭം 46 ശതമാനം ഇടിഞ്ഞ് 71 കോടി രൂപയായി. ഇന്റെക്‌സിന്റെ വരുമാനം 32 ശതമാനം ഇടിഞ്ഞ് 2,862 കോടി രൂപയും ലാഭം 90 ശതമാനം ഇടിഞ്ഞ് 13 കോടി രൂപയുമായി.

സാമാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഷഓമിയും ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍ റിലയന്‍സ് ജിയോയുമാണ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് സംഗീത മൊബീല്‍സ് എംഡി സുഭാഷ് ചന്ദ്ര പറഞ്ഞു. 2018ല്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആയിരുന്നു മൈക്രോമാക്‌സ്. ഫീച്ചര്‍ വിഭാഗത്തില്‍ ഈ സ്ഥാനം കൈയ്യടക്കിയിരുന്നത് ലാവയാണ്. എന്നാല്‍ ഇറു കമ്പനികളുടെയും വിപണി വിഹിതം ഗണ്യമായി കുറഞ്ഞതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കി.

റിപ്പോര്‍ട്ട് കാര്‍ഡ് -2017-2018

മൈക്രോമാക്‌സ്

വരുമാനം -22% ഇടിഞ്ഞ് 4,345 കോടി രൂപയായി

അറ്റ ലാഭം -72% ഇടിഞ്ഞ് 103 കോടി രൂപയായി

ഇന്റെക്‌സ്

വരുമാനം – 32% ഇടിഞ്ഞ് 2,862 കോടി രൂപയായി
അറ്റ ലാഭം – 90% ഇടിഞ്ഞ് 13 കോടി രൂപയായി

ലാവ

വരുമാനം – 10% ഇടിഞ്ഞ് 3,290 കോടി രൂപയായി
അറ്റ ലാഭം – 46% ഇടിഞ്ഞ് 71 കോടി രൂപയായി

Comments

comments

Categories: Tech