ടോപ് 10; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റത് ഓള്‍ട്ടോ

ടോപ് 10; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റത് ഓള്‍ട്ടോ

ടോപ് 10 പട്ടികയില്‍ ഏഴ് മാരുതി സുസുകി മോഡലുകള്‍ ഇടംപിടിച്ചു. മറ്റ് മൂന്നെണ്ണം ഹ്യുണ്ടായ് മോഡലുകളാണ്

ന്യൂഡെല്‍ഹി : 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലായി വിറ്റുപോയ പത്ത് പാസഞ്ചര്‍ വാഹന മോഡലുകളുടെ പട്ടിക പുറത്തുവന്നു. പതിവുപോലെ, പ്രതീക്ഷിച്ചപോലെ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ടോപ് 10 ബെസ്റ്റ് സെല്ലിംഗ് പട്ടികയില്‍ ആധിപത്യം തുടരുന്നു. ഓള്‍ട്ടോ, ഡിസയര്‍, സ്വിഫ്റ്റ്, ബലേനോ, വിറ്റാര ബ്രെസ്സ, വാഗണ്‍ആര്‍, സെലെറിയോ എന്നീ ഏഴ് മാരുതി സുസുകി മോഡലുകള്‍ ടോപ് 10 പട്ടികയില്‍ ഇടംപിടിച്ചു. മറ്റ് മൂന്നെണ്ണം എലീറ്റ് ഐ20, ഗ്രാന്‍ഡ് ഐ10, ക്രെറ്റ എന്നീ ഹ്യുണ്ടായ് മോഡലുകളാണ്. അതായത് ടോപ് 10 പട്ടികയില്‍ ഇടംപിടിച്ചത് രണ്ട് വാഹന നിര്‍മ്മാതാക്കള്‍ മാത്രം.

മാരുതി സുസുകിയുടെ എന്‍ട്രി ലെവല്‍ മോഡലായ ഓള്‍ട്ടോയാണ് ടോപ് 10 പട്ടികയില്‍ ഒന്നാമതെത്തിയത്. 2018-19 സാമ്പത്തിക വര്‍ഷം 2,59,401 യൂണിറ്റ് ഓള്‍ട്ടോയാണ് രാജ്യത്ത് വിറ്റുപോയത്. 2,53,859 യൂണിറ്റ് വില്‍പ്പനയോടെ ഡിസയര്‍ രണ്ടാം സ്ഥാനത്തും 2,23,924 യൂണിറ്റ് വിറ്റ് സ്വിഫ്റ്റ് മൂന്നാം സ്ഥാനത്തുമെത്തി. ഈ മൂന്ന് മോഡലുകളുടെയും വില്‍പ്പനകണക്കുകളിലെ അന്തരം ഇപ്പോള്‍ കുറഞ്ഞതായി കാണാം. മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് നാലാം സ്ഥാനത്ത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2,12,330 യൂണിറ്റ് ബലേനോ വിറ്റുപോയി. മുന്‍വര്‍ഷം ബലേനോ മൂന്നാം സ്ഥാനത്തായിരുന്നു. 2017-18 ല്‍ വിറ്റാര ബ്രെസ്സ ഏഴാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 2018-19 ല്‍ 1,57,880 യൂണിറ്റ് വിറ്റാര ബ്രെസ്സ വില്‍ക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്ന വാഗണ്‍ആര്‍ ഇത്തവണ ആറാം സ്ഥാനത്തേക്ക് ഇറങ്ങി. 2018-19 ല്‍ 1,51,462 യൂണിറ്റ് വാഗണ്‍ആര്‍ ഹാച്ച്ബാക്കാണ് വിറ്റത്. പഴയ മോഡല്‍ നിര്‍ത്തി 2019 ജനുവരിയില്‍ പുതിയ മോഡല്‍ പുറത്തിറക്കിയതാണ് വില്‍പ്പനയില്‍ ഇടിവ് വരാന്‍ പ്രധാന കാരണമായത്. ഇതാദ്യമായി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ എലീറ്റ് ഐ20, വില്‍പ്പനയില്‍ ഗ്രാന്‍ഡ് ഐ10 കോംപാക്റ്റ് ഹാച്ച്ബാക്കിനെ പിന്തള്ളി. 1,40,225 യൂണിറ്റ് വിറ്റ എലീറ്റ് ഐ20 ടോപ് 10 പട്ടികയില്‍ ഏഴാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഗ്രാന്‍ഡ് ഐ10 എട്ടാം സ്ഥാനത്താണ്. വിറ്റത് 1,38,053 യൂണിറ്റ്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുകി സെലെറിയോ എന്നീ മോഡലുകളാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍. യഥാക്രമം 1,24,300 യൂണിറ്റും 1,03,734 യൂണിറ്റും വിറ്റു.

ഇന്ത്യന്‍ വാഹന വ്യവസായം നേടിയത് നേരിയ വളര്‍ച്ച

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായം അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചു. 2,62,67,783 യൂണിറ്റ് വാഹനങ്ങളാണ് വിറ്റതെന്ന് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ സെഗ്‌മെന്റുകളുടെ കണക്കെടുക്കുമ്പോള്‍, പാസഞ്ചര്‍ വാഹന സെഗ്‌മെന്റിലെ വില്‍പ്പന വളര്‍ച്ച 2.7 ശതമാനമാണ്. 2018-19 ല്‍ 33,77,436 യൂണിറ്റ് യാത്രാ വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. അതേസമയം വാണിജ്യ വാഹന സെഗ്‌മെന്റ് 17.5 ശതമാനം വില്‍പ്പന വളര്‍ച്ച കരസ്ഥമാക്കി. അതായത്, 2018-19 ല്‍ 10,07,319 യൂണിറ്റ് വാണിജ്യ വാഹനങ്ങള്‍ വിറ്റു. വിവിധ സെഗ്‌മെന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് വാണിജ്യ വാഹന സെഗ്‌മെന്റാണ്.

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹന സെഗ്‌മെന്റ് 4.8 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. 2,11,81,390 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്.

Comments

comments

Categories: Auto