75% ജെറ്റ് ഓഹരികള്‍ വില്‍ക്കുന്നു

75% ജെറ്റ് ഓഹരികള്‍ വില്‍ക്കുന്നു
  • തീരുമാനം എസ്ബിഐയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടേത്
  • പ്രാരംഭ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ
  • തന്ത്രപരമായ നിക്ഷേപം നടത്താന്‍ 1,000 കോടി രൂപ അറ്റ ആസ്തി വേണം

ന്യൂഡെല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ 75 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ വായ്പാദാതാക്കളുടെ പദ്ധതി. ഇന്ത്യയിലെ ഏറ്റവും പഴയ സ്വകാര്യ വിമാനക്കമ്പനിയുടെ നിലനില്‍പ്പ് തന്നെ തീരുമാനിക്കപ്പെടുന്ന ഇടപാടിനായുള്ള പ്രാരംഭ അപേക്ഷകള്‍ ക്ഷണിച്ചു കഴിഞ്ഞു. നാളെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യമാണ് ജെറ്റിന്റെ ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകുന്നത്.

ഓഹരി വാങ്ങാനായി അപേക്ഷ സമര്‍പ്പിക്കുന്ന സ്ട്രാറ്റജിക് നിക്ഷേപകന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,000 കോടി രൂപയുടെയെങ്കിലും അറ്റ ആസ്തി ഉണ്ടായിരിക്കണം. പ്രവാസി ഇന്ത്യക്കാരന്‍, ഇന്ത്യന്‍ വംശജനായ വിദേശ പൗരന്‍ എന്നിവര്‍ക്ക് തന്ത്രപരമായ പങ്കാളിത്തം നേടാന്‍ അനുവാദമുണ്ട്. ധനകാര്യ നിക്ഷേപകനാണെങ്കില്‍ 2,000 കോടി രൂപയുടെ ആസ്തി നിര്‍ബന്ധമാണെന്നും ജെറ്റിന്റെ പ്രധാന വായ്പാ ദാതാക്കളായ എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം നിക്ഷേപത്തിനായി 1,000 കോടി രൂപ കൈവശമുണ്ടായിരുന്ന സാമ്പത്തിക നിക്ഷേപകര്‍ക്കും ഓഹരി പങ്കാളിത്തത്തിന് മത്സരിക്കാന്‍ അവകാശമുണ്ട്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ എന്നിവര്‍ക്കും ഓഹരി വാങ്ങുന്നതിന് യോഗ്യതയുണ്ടായിരിക്കും. ഇതു കൂടാതെ എയര്‍ലൈന്‍ ബിസിനസ് രംഗത്ത് കുറഞ്ഞത് മൂന്നു വര്‍ഷത്തെ അനുഭവ പരിചയവും അനിവാര്യമാണ്. കണ്‍സോര്‍ഷ്യം മുഖേന സംയുക്ത ലേല അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, കൂട്ടായ്മയിലെ ഓരോ നിക്ഷേപകര്‍ക്കും 15 ശതമാനത്തില്‍ കുറയാത്ത ഓഹരി വിഹിതം ഉണ്ടായിരിക്കണം.

അതേ സമയം മുബൈ ഓഹരി വിപണിയില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരി മൂല്യം ഇന്നലെ രാവിലെ 1.5 ശതമാനം ഇടിഞ്ഞ് 252.30 രൂപയിലെത്തി. ഇതോടെ ഈ വര്‍ഷത്തെ ജെറ്റിന്റെ ഒാഹരി വിപണിയിലെ നഷ്ടം 9.1 ശതമാനമായി. കഴിഞ്ഞ വര്‍ഷം 67 ശതമാനമായിരുന്നു ഇടിവ്. കടക്കെണി മൂലം വലയുന്ന കമ്പനിക്ക് നേരെ നില്‍ക്കാന്‍ 85 ബില്യണ്‍ രൂപയെങ്കിലും അടിയന്തരമായി ആവശ്യമുണ്ട്. ഒരു ബില്യണ്‍ ഡോളറിലേറെയാണ് വിമാനക്കമ്പനിയുടെ കടം.

അടുത്ത മാസം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പത്ത് ദശലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമബന്ധിച്ച് ജെറ്റിന്റെ ഭാവി സുരക്ഷിതമാക്കുകയെന്നത് പ്രധാനമാണ്. ജെറ്റ് തകര്‍ന്നാല്‍ 23,000 പേരാണ് തൊഴില്‍ രഹിതരാകുന്നത്. ഈ സാഹചര്യത്തില്‍ ജെറ്റിന്റെ തകര്‍ച്ച ഏതു വിധേനയും ഒഴിവാക്കാനും പ്രശ്‌ന പരിഹാര നടപടികള്‍ സ്വീകരിക്കാനുമാണ് ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഒരു കാലത്ത് എയര്‍ ഇന്ത്യയ്ക്ക് പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ഉയര്‍ന്ന, നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള ജെറ്റ് 124 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തുന്നുണ്ടായിരുന്നു. നിലവില്‍ 29 വിമാനങ്ങള്‍ മാത്രമാണ് കമ്പനി പറത്തുന്നത്.

പുറത്തേക്ക് പറക്കാനാവില്ല?

ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 15 ലേക്ക് ചുരുങ്ങിയതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനുള്ള ജെറ്റിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടേക്കുമെന്ന് സൂചന. ഇന്ത്യന്‍ വ്യോമയാന നിയമമനുസരിച്ച് കുറഞ്ഞത് 20 വിമാനങ്ങളോ 120 പ്രതിദിന ആഭ്യന്തര സര്‍വീസുകള്‍ നടത്തുകയോ ചെയ്യുന്ന കമ്പനികള്‍ക്കാണ് അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ അനുമതി. ഏപ്രില്‍ അവസാനത്തോടെ 75 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ജെറ്റ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ സാധിക്കുമോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഫെബ്രുവരിയില്‍ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയുടെ വളര്‍ച്ചയും 6.5 ശതമാനത്തിലേക്ക് താണിരുന്നു

Categories: Business & Economy, Slider
Tags: Jet Airways