2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ പുറത്തിറക്കി

2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ പുറത്തിറക്കി

ഡീസല്‍ വേരിയന്റുകളുടെ ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ പരിഷ്‌കരിച്ചു. വാഹനങ്ങളുടെ ഉള്‍ഭാഗത്താണ് പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ മോഡലായ ഇന്നോവ ക്രിസ്റ്റ സ്വന്തം സെഗ്‌മെന്റിലെ മാര്‍ക്കറ്റ് ലീഡര്‍ കൂടിയാണ്.

ആനക്കൊമ്പുപോലെ വെളുത്ത നിറത്തിലുള്ള തുകല്‍ ഉപയോഗിച്ചുള്ള അപ്‌ഹോള്‍സ്റ്ററി ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ ഇപ്പോള്‍ ഓപ്ഷനായി നല്‍കിയിരിക്കുന്നു. കറുപ്പ്, ടാന്‍ നിറങ്ങളിലുള്ളതാണ് സ്റ്റാന്‍ഡേഡ് അപ്‌ഹോള്‍സ്റ്ററി. ചെറുദ്വാരങ്ങളോടുകൂടിയ ഈ തുകല്‍ ഉപയോഗിച്ചാണ് സീറ്റുകള്‍ പൊതിഞ്ഞിരിക്കുന്നത്. ഇതില്‍ ‘ക്രിസ്റ്റ’ ബാഡ്ജ് എഴുന്നുനില്‍ക്കുന്നു. കൂടുതല്‍ മികച്ച രീതിയില്‍ ചൂട് പ്രതിരോധിക്കാന്‍ കഴിയുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയിലെ ഗ്ലാസ്. കൂടാതെ, അതിവേഗ ചാര്‍ജിംഗ് സാധ്യമാകുന്ന യുഎസ്ബി പോര്‍ട്ട് നല്‍കിയിരിക്കുന്നു. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വേരിയന്റുകളില്‍ മാത്രമാണ് ഈ പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നത്. മാത്രമല്ല, ടോപ് സ്‌പെക് ഇസഡ്എക്‌സ് എംടി, ഇസഡ്എക്‌സ് എടി വേരിയന്റുകളില്‍ മാത്രമേ ഐവറി ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഓപ്ഷന്‍ ലഭിക്കൂ.

കൂടുതല്‍ മികച്ച രീതിയില്‍ ചൂട് പ്രതിരോധിക്കാന്‍ കഴിയുന്ന ഗ്ലാസ്, അതിവേഗ ചാര്‍ജിംഗ് സാധ്യമാകുന്ന യുഎസ്ബി പോര്‍ട്ട് എന്നിവ ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ടിന്റെ ഡീസല്‍ വേരിയന്റുകളിലും നല്‍കിയിരിക്കുന്നു. എന്നാല്‍ റെഡ് ആക്‌സന്റുകളോടെ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ സഹിതമാണ് ഇന്നോവ ടൂറിംഗ് സ്‌പോര്‍ട് തുടര്‍ന്നും വിപണിയിലെത്തുന്നത്.

2019 ടൊയോട്ട ഫോര്‍ച്യൂണറിലെ ചെറുദ്വാരങ്ങളോടുകൂടിയ തുകല്‍ സീറ്റുകള്‍ക്ക് ഷാമി കളര്‍ ഓപ്ഷന്‍ നല്‍കിയിരിക്കുന്നു. കൂടുതല്‍ മികച്ച രീതിയില്‍ ചൂട് പ്രതിരോധിക്കാന്‍ കഴിയുന്ന ഗ്ലാസ് കൂടി നല്‍കി. ഇന്നോവ ക്രിസ്റ്റ പോലെ, ഫോര്‍ച്യൂണറിന്റെ ഡീസല്‍ വേരിയന്റുകളില്‍ മാത്രമാണ് പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നത്.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും മാറിയില്ല. 2.4 ലിറ്റര്‍, 2.8 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനുകളാണ് ഇന്നോവ ക്രിസ്റ്റ, ടൂറിംഗ് സ്‌പോര്‍ട് മോഡലുകള്‍ ഉപയോഗിക്കുന്നത്. 2.4 ലിറ്റര്‍ എന്‍ജിന്‍ 5,200 ആര്‍പിഎമ്മില്‍ 144 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം, 2.8 ലിറ്റര്‍ എന്‍ജിന്‍ 3,400 ആര്‍പിഎമ്മില്‍ 171 ബിഎച്ച്പി കരുത്തും 1,200-3,400 ആര്‍പിഎമ്മില്‍ 360 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍

വേരിയന്റ് ഇന്ത്യ എക്‌സ് ഷോറൂം വില

2.4 ജി പ്ലസ് എംടി (7 സീറ്റര്‍) 15.67 ലക്ഷം രൂപ

2.4 ജി പ്ലസ് എംടി (8 സീറ്റര്‍) 15.72 ലക്ഷം രൂപ

2.4 ജിഎക്‌സ് എംടി 16.10 ലക്ഷം രൂപ

2.4 വിഎക്‌സ് എംടി (7 സീറ്റര്‍) 19.27 ലക്ഷം രൂപ

2.4 വിഎക്‌സ് എംടി (8 സീറ്റര്‍) 19.32 ലക്ഷം രൂപ

2.4 ഇസഡ്എക്‌സ് എംടി 21.13 ലക്ഷം രൂപ

2.8 ജിഎക്‌സ് എടി (7 സീറ്റര്‍) 17.46 ലക്ഷം രൂപ

2.8 ജിഎക്‌സ് എടി (8 സീറ്റര്‍) 17.51 ലക്ഷം രൂപ

2.8 ഇസഡ്എക്‌സ് എടി 22.43 ലക്ഷം രൂപ

ടൂറിംഗ് സ്‌പോര്‍ട് 2.4 വിഎക്‌സ് എംടി 20.97 ലക്ഷം രൂപ

ടൂറിംഗ് സ്‌പോര്‍ട് 2.8 ഇസഡ്എക്‌സ് എടി 23.47 ലക്ഷം രൂപ

2019 ടൊയോട്ട ഫോര്‍ച്യൂണര്‍ ഡീസല്‍

വേരിയന്റ് ഇന്ത്യ എക്‌സ് ഷോറൂം വില

2ഡബ്ല്യുഡി എംടി 29.84 ലക്ഷം രൂപ

2ഡബ്ല്യുഡി എടി 31.70 ലക്ഷം രൂപ

4ഡബ്ല്യുഡി എംടി 31.81 ലക്ഷം രൂപ

4ഡബ്ല്യുഡി എടി 33.60 ലക്ഷം രൂപ

Comments

comments

Categories: Auto