2019 ബിഎംഡബ്ല്യു ഇസഡ്4 ഇന്ത്യയില്‍

2019 ബിഎംഡബ്ല്യു ഇസഡ്4 ഇന്ത്യയില്‍

എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട്, എം40ഐ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 64.90 ലക്ഷം രൂപയും 78.90 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : പുതിയ ബിഎംഡബ്ല്യു ഇസഡ്4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട്, എം40ഐ എന്നീ രണ്ട് വേരിയന്റുകളില്‍ 2 ഡോര്‍ റോഡ്‌സ്റ്റര്‍ ലഭിക്കും. യഥാക്രമം 64.90 ലക്ഷം രൂപയും 78.90 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ 300 എച്ച്പി പോര്‍ഷെ 718 ബോക്‌സ്റ്ററാണ് എതിരാളി.

3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്ല്യു ഇസഡ്4 എം40ഐ വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 340 എച്ച്പി കരുത്തും 500 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട് വേരിയന്റ് ഉപയോഗിക്കുന്നത്. 197 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുംവിധം ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. രണ്ട് എന്‍ജിനുകളുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. പിന്‍ ചക്രങ്ങളിലേക്കാണ് കരുത്ത് എത്തിക്കുന്നത്. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട് വേരിയന്റിന് 6.6 സെക്കന്‍ഡും എം40ഐ വേരിയന്റിന് 4.5 സെക്കന്‍ഡും മതി.

രണ്ട് വേരിയന്റുകളും വ്യത്യസ്ത പെയിന്റ് ഓപ്ഷനുകളിലാണ് വരുന്നത്. കറുപ്പ്, വെള്ളി, വെളുപ്പ്, നീല, ചുവപ്പ് എന്നീ മെറ്റാലിക് ഫിനിഷുകളില്‍ ടോപ് സ്‌പെക് വേരിയന്റായ എം40ഐ ലഭിക്കും. നീല, ചാര നിറങ്ങള്‍ ഓപ്ഷണലായും ലഭ്യമാക്കുന്നു. അതേസമയം, എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട് വേരിയന്റ് നോണ്‍ മെറ്റാലിക് വൈറ്റ് ഫിനിഷ് ഓപ്ഷനിലും ലഭിക്കും.

രണ്ട് വേരിയന്റുകളുടെയും ഇന്റീരിയര്‍ സമാനമാണ്. എന്നാല്‍ എം സ്‌പോര്‍ട് ഇന്റീരിയര്‍ പാക്കേജ് ഉള്‍പ്പെടെയുള്ളവ എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട് വേരിയന്റില്‍ ഓപ്ഷനുകള്‍ ആണെങ്കില്‍ എം40ഐ വേരിയന്റില്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നു. ഹെഡ്-അപ് ഡിസ്‌പ്ലേ, മുന്‍-പിന്‍ പാര്‍ക്കിംഗ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, 12 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ സിസ്റ്റം, ആക്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവ രണ്ട് വേരിയന്റുകളിലും ഓപ്ഷണല്‍ എക്‌സ്ട്രാകളാണ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഐഡ്രൈവ് ഇന്‍ഫൊടെയ്ന്‍മെന്റ് സോഫ്റ്റ്‌വെയര്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കുന്നു.

Comments

comments

Categories: Auto
Tags: BMW Z4