സൗദിയുടെ ആണവ പദ്ധതി ലോകത്തിന് ഭീഷണിയാകുമോ?

സൗദിയുടെ ആണവ പദ്ധതി ലോകത്തിന് ഭീഷണിയാകുമോ?

പരീക്ഷണ റിയാക്ടറിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആശങ്ക വിതറിക്കൊണ്ട്, ടെഹ്‌റാന്റെ അമര്‍ഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് റിയാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു നിര്‍മ്മാണ മേഖല അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്, സൗദി അറേബ്യയുടെ ആണവ പദ്ധതിയുടെ വിളനിലമാകുന്നതിന് വേണ്ടി. പുതിയതായി ലഭിച്ച സാറ്റലൈറ്റ് ചിത്രത്തില്‍ നിന്നും ലഭ്യമായ വിവരം അനുസരിച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള ഇവിടുത്തെ ആദ്യ റിയാക്ടറിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്, കേവലം മൂന്ന് മാസം മുമ്പാണ് സൗദി ഇത് പ്രഖ്യാപിച്ചതെങ്കില്‍ പോലും.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) മുന്‍ ഡയറക്ടര്‍ ആയ റോബര്‍ട്ട് കെല്ലി ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് റിയാക്ടര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം കണക്കാക്കിയിരുന്നത്. ആണവ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ നടത്തിയതിന് ശേഷം കഴിഞ്ഞ ജുലൈയില്‍ ഐഎഇഎ സൗദിയിലേക്ക് ഒരു സംഘത്തെ അയച്ചിരുന്നു. പദ്ധതി സമാധാപരമായിരിക്കുമെന്ന് പലതവണ സൗദി ആവര്‍ത്തിച്ചു. എന്നാല്‍ ഇറാന്‍ ആണുബോംബ് നിര്‍മ്മിക്കുകയാണെങ്കില്‍ തങ്ങളും ആ വഴി സ്വീകരിക്കുമെന്നതിന് ഒരു സംശയം വേണ്ടെന്ന് സൗദി അറേബ്യയുടെ ഭാവി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല കര്‍ശന നിയന്ത്രണങ്ങളോടെ ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് പകരമായി സ്വന്തമായി അത് ഉല്‍പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന സൗദിയുടെ ആവശ്യവും ആണവോര്‍ജ രംഗത്തെ വിദഗ്ധരും അമേരിക്കന്‍ കോണ്‍ഗ്രസിലെ ചില അംഗങ്ങളും വളരെ ആശങ്കയോടെയാണ് കാണുന്നത്. രാജ്യത്ത് യുറേനിയം നിക്ഷേപം ഉണ്ടായിട്ടും റിയാക്ടറുകള്‍ക്കുള്ള ഇന്ധനത്തിന് വിദേശത്ത് നിന്നും യുറേനിയം ഇറക്കുമതി ചെയ്യേണ്ടിവരികയെന്നത് അസ്വാഭാവികമാണെന്ന സൗദി ഇന്ധനകാര്യ മന്ത്രിയായ ഖാലിദ് അല്‍ ഫാലിയുടെ പ്രസ്താവനയും സൗദിയുടെ ആണവ പദ്ധതി സംബന്ധിച്ച ചില മുന്നറിയിപ്പുകള്‍ നല്‍കുന്നു.

വിഷന്‍ 2030

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പേ സൗദി ആണവ രംഗത്തെ തങ്ങളുടെ പ്രതീക്ഷകള്‍ ലോകവുമായി പങ്കുവെച്ചിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയെയും ഇന്ധനമേഖലയെയും വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള എംബിഎസിന്റെ വിഷന്‍ 2030 പദ്ധതിയോട് അനുബന്ധിച്ചാണ് സൗദിയുടെ ആണവ മോഹങ്ങള്‍ക്ക് ഊര്‍ജം കൈവരുന്നത്. തങ്ങളുടെ ആഭ്യന്തര എണ്ണ ഉല്‍പാദനത്തിന്റെ മൂന്നിലൊരു പങ്കും നിലവില്‍ സൗദി തന്നെയാണ് ഉപയോഗിക്കുന്നത്. 2030 ഓടെ ഇന്ധന ആവശ്യങ്ങള്‍ മൂന്നിരിട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും ഉല്‍പാദനത്തില്‍ വലിയ പുരോഗതി ഉണ്ടാകാന്‍ ഇടയില്ല. ഈ സാഹചര്യത്തിലാണ് എണ്ണേതര സ്രോതസുകളില്‍ നിന്നും രാജ്യത്തിന്റെ മൂന്നിലൊരു ഊര്‍ജ ആവശ്യങ്ങളും നിറവേറുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തിനായുള്ള ശ്രമം സൗദി ആരംഭിച്ചത്. കാറ്റ്, സൂര്യതാപം എന്നിവയില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതോടൊപ്പം ആണവോര്‍ജത്തെയും ഭാവി ഇന്ധന സ്രോതസായി കണക്കാക്കുന്നതാണ് വിഷന്‍ 2030 രൂപരേഖ. 2040ഓടെ 17 ജിഗാവാട്ട് ആണവശേഷി പ്രതീക്ഷിക്കുന്ന ആണവ പദ്ധതിയിലൂടെ രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങളുടെ 15 ശതമാനം നിറവേറാന്‍ കഴിയുമെന്നാണ് സൗദി കരുതുന്നത്.

കിംഗ് അബ്ദുള്‍അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ ടെക്‌നോളജിയില്‍ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആണവ റിയാക്ടര്‍ ശാസ്ത്രജ്ഞര്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്ന് റോബര്‍ട്ട് കെല്ലി പറയുന്നു.ഒരു ചവറ്റുകൊട്ടയുടെ വലിപ്പമുള്ള അതിന് അതില്‍പരമൊരു പ്രാധാന്യവും ഇല്ലെന്നും ഒരു ആണവ ആയുധം നിര്‍മ്മിക്കുന്നതിന് ആവശ്യമായ പ്ലൂട്ടോണിയം നിര്‍മ്മിക്കാന്‍ ആ റിയാക്ടര്‍ ചുരുങ്ങിയത് 100 വര്‍ഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് വാണിജ്യ റിയാക്ടറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്ന സൗദി അറേബ്യ അതിന് വേണ്ടിയുള്ള കരാറുകാരെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. യുഎസിലെ വെസ്റ്റിംഗ്ഹൗസ് അടക്കം ചൈന, റഷ്യ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് കമ്പനികള്‍ ഇതിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇത് കൂടാതെ രാജ്യത്തെ യുറേനിയം നിക്ഷേപങ്ങളില്‍ ഖനനം നടത്തുന്നതിന് ചൈനയിലെ ദേശീയ ആണവ കോര്‍പ്പറേഷനുമായും സൗദി അറേബ്യ കരാറിലൊപ്പിട്ടിട്ടുണ്ട്.

ആണവ പദ്ധതിക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി ഐഎഇഐ കഴിഞ്ഞ ജുലൈയില്‍ ഒരു സംഘത്തെ സൗദിയിലേക്ക് അയച്ചിരുന്നു. ആണവ വ്യവസായം നിലവിലുള്ള രാജ്യങ്ങളുമായി സഹകരിച്ച് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള അന്തിമ തീരുമാനം എടുക്കാനുള്ള പ്രാപ്തിയിലേക്ക് സൗദി എത്തി എന്നാതായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ ഐഎഇഎ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ മിഖൈല്‍ ഷുഡകോവും ആണവോര്‍ജ അടിസ്ഥാന സൗകര്യ വികസനത്തില്‍ സൗദി അറേബ്യ നിര്‍ണ്ണായക പുരോഗതി കൈവരിച്ചതായി വ്യക്തമാക്കി. പക്ഷേ അബ്ദുള്‍അസീസ് സിറ്റിയിലെ റിയാക്ടറിന് ഇന്ധനം നല്‍കുകയോ ഏതെങ്കിലും വാണിജ്യ നിലയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയോ വേണമെങ്കില്‍ ഐഎഇഎയുടെ കൂടുതല്‍ കര്‍ക്കശമായ ഇടപെടലുകള്‍ സൗദിക്ക് മേല്‍ ഉണ്ടാകും. ആണവ ഇന്ധനം ലഭിക്കണമെങ്കില്‍ സൗദി കൂടുതല്‍ ഗൗരവമായ രേഖകള്‍ തയ്യാറേക്കണ്ടതായും പരിശോധനകള്‍ക്ക് തയ്യാറാകേണ്ടതായും വരുമെന്ന് കെല്ലി പറയുന്നു.

അമേരിക്കന്‍ ആശങ്കകള്‍

ആണവ രംഗത്ത് സൗദി അറേബ്യ വിശ്വസിക്കാന്‍ പറ്റുന്ന കൂട്ടാളി ആയിരിക്കുമോ എന്ന ആശങ്ക അമേരിക്കന്‍ കോണ്‍ഗ്രസിലുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തോടെ ഇത് കൂടുതല്‍ വളര്‍ന്നു. സൗദി അറേബ്യയുടെ ആണവ പദ്ധതിയെ ഇഴകീറി പരിശോധിക്കണമെന്ന ചിലരുചെ ആവശ്യത്തില്‍ ഈ സംശയം പ്രകടമാണ്. മാത്രമല്ല ആണവ സാങ്കേതിക വിദ്യ സൗദി ആയുധ നിര്‍മ്മാണത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ട്രംപ് ഭരണകൂടം വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ചും അമേരിക്കയില്‍ ആശങ്കയുയരുന്നുണ്ട്.

സൗദി അറേബ്യ ആണവ ശക്തിയായി ഉയരുന്നത് അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ മറുപടി നല്‍കിയത് ഇങ്ങനെയാണ്. ”അതിന് നമ്മള്‍ അനുവദിക്കില്ല. ലോകത്തെവിടെയും അങ്ങെന അങ്ങനെയൊരു അവസരമുണ്ടാകാന്‍ നമ്മള്‍ അനുവദിക്കില്ല. ആണവ ആയുധ നിര്‍മ്മാണമെന്ന ഭീഷണിയെക്കുറിച്ച് പ്രസിഡന്റിന്(ട്രംപ്) അറിയാം.ഒരിക്കലും 150 മില്യണ്‍ ഡോളറില്‍ അധികം നാം സൗദിക്ക് ചെക്ക് നല്‍കുകയില്ല, ഇസ്രയേലിനെയോ അമേരിക്കയെയോ വെല്ലുവിളിക്കാലവുന്ന നിലയിലുള്ള അധികാരം നല്‍കി അവരെ വളര്‍ത്തുകയുമില്ല.’

യുറേനിയം നിര്‍മ്മാണത്തിനായോ ഉപയോഗിച്ച ഇന്ധനം പുനര്‍പ്രക്രിയ നടത്തുന്നതിനായോ ഉപയോഗപ്പെടുത്തില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമേ അമേരിക്കയുടെ ആണവോര്‍ജ സാങ്കേതിക വിദ്യ സൗദി അറേബ്യയില്‍ ഉപയോഗിക്കെടാവൂ എന്ന ആവശ്യം ഫെബ്രുവരിയില്‍ അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം മുന്നോട്ടുവെച്ചിട്ടുണ്ട്. രഹസ്യമായി സൗദി അറേബ്യയ്ക്ക് ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള സഹായമാണ് അമേരിക്ക നല്‍കുന്നതെന്ന് ഡെമോക്രാറ്റിക് സെനറ്ററായ ജെഫ് മെര്‍ക്ലേ പറയുന്നു. 2017ല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ വകവെക്കാതെ സൗദി അറേബ്യയ്ക്ക് ആണവ സാങ്കേതിക വിദ്യ നല്‍കാന്‍ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ ധൃതി കാണിക്കുകയായിരുന്നുവെന്നും ഡെമോക്രാറ്റികുകള്‍ വാദിച്ചു. എന്നാല്‍ ഹാസ്യാത്മക ഗൂഢാലോചന വാദമാണിതെന്ന് റിപ്പബ്ലിക്കുകാര്‍ പുച്ഛിച്ചു.

മാര്‍ച്ചില്‍ സെനറ്റിലെ സായുധ സേന കമ്മിറ്റിയിലുണ്ടായ വാ്ക്‌പോരില്‍ സൗദിയുമായി അമേരിക്ക സഹകരിച്ചില്ലെങ്കില്‍ അവര്‍ റഷ്യയുടെയോ ചൈനയുടെയോ സഹായത്തോടെ ആണവ വ്യവസായം ആരംഭിക്കുമെന്ന് അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയായ റിക് പെറി വാദിച്ചു. അങ്ങനെ വന്നാല്‍ അണുവായുധ നിര്‍മ്മാണത്തിനുള്ള സാധ്യത ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാലാണ് ആണവ പദ്ധതികള്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക വളരെ നയപരമായി സഹായമൊരുക്കുന്നതെന്നും, ആണവ ആയുധ നിര്‍മ്മാണം ഉണ്ടാകിലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും പെറി പറഞ്ഞു. സൗദി അറേബ്യയ്ക്ക് ആണവ സാങ്കേതിക വിദ്യയും മറ്റ് സഹായങ്ങളും ഒരുക്കുന്നതിന് നിരവധി അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ക്കൊന്നും ആണവ സാമഗ്രികളോ ഉപകരണങ്ങളോ കൈമാറാനുള്ള അനുമതിയില്ലെന്നും പെറി വ്യക്തമാക്കി.

ഇറാന്റെ ആരോപണം

മതിയായ സുരക്ഷാനടപടികള്‍ സ്വീകരിക്കാതെയാണ് ട്രംപ് ഭരണകൂടം സൗദി അറേബ്യയ്ക്ക് ആണവ സാങ്കേതിക വിദ്യ നല്‍കുന്നതെന്ന്് ഇറാന്‍ ആരോപിക്കുന്നു. ”ആദ്യമൊരു മാധ്യമപ്രവര്‍ത്തകനെ തുണ്ടം തുണ്ടമാക്കി, ഇപ്പോള്‍ ആണവ സാങ്കേതിക വിദ്യ അനധികൃതമായി വിറ്റുകൊണ്ട് അമേരിക്കയുടെ ഇരട്ടമുഖം പൂര്‍ണ്ണമായും പുറത്തായിരിക്കുന്നു.” ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ഫെബ്രുരിയില്‍ ട്വീറ്റ് ചെയ്തു. ചില രാജ്യങ്ങളുടെ സംശയകരമായ ആണവ പദ്ധതികള്‍ പ്രതിരോധ നയം പുനരാവിഷ്‌കരിക്കാന്‍ ടെഹ്‌റാനെ നിര്‍ബന്ധിക്കുകയാണെന്ന് രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ മാര്‍ച്ചില്‍ ഇറാനിലെ പരമോന്നത ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയും പറഞ്ഞു.

സൗദി അറേബ്യയുടെ ഊര്‍ജ നയം എന്തുതന്നെ ആയാലും, ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന അവരുടെ വാദ്ഗാനത്തില്‍ എത്രതന്നെ കഴമ്പുണ്ടായാലും കേവലമൊരു ആണവ പദ്ധതി നിലവില്‍ വരുന്നത് ഗള്‍ഫ് മേഖലയിലുടനീളം ആശങ്കകള്‍ക്ക് തിരികൊളുത്തുമെന്നത് ഉറപ്പാണ്.

Comments

comments

Categories: Arabia