ഡിജിറ്റലാകുന്ന റെയ്ല്‍വേ

ഡിജിറ്റലാകുന്ന റെയ്ല്‍വേ

റെയ്ല്‍വേയിലെ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയക്ക് വേഗത കൂടുന്നുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. റെയ്ല്‍ ടെലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നതാണ് നേട്ടങ്ങള്‍. ഒപ്പം വിശ്വസനീയവും സൗകര്യപ്രദവുമായ ഗതാഗതമാര്‍ഗമെന്ന നിലയിലുള്ള റെയ്ല്‍വേയുടെ ലക്ഷ്യത്തിന് കരുത്ത് പകരുകയും ചെയ്യുമിത്

അടുത്തിടെയായി നിരവധി പുതിയ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയ്ല്‍വേ. സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്ന തരത്തില്‍ 500 റെയ്ല്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയതാണ് ഇതില്‍ ഒടുവിലത്തെ വാര്‍ത്ത. ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തിന് കരുത്തേകുന്നതാണ് റെയ്ല്‍വേ സ്റ്റേഷനുകളിലെ വൈഫൈവല്‍ക്കരണം. യാത്രികര്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി വൈഫൈ ഉപയോഗിച്ച് സ്‌റ്റേഷനിലിരുന്ന് തടസങ്ങളില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധ്യമാകുന്ന പദ്ധതിയാണിത്. വെറും ഏഴ് ദിവസത്തിനുള്ളിലാണ് 500 സ്റ്റേഷനുകളില്‍ അതിവേഗ, സൗജന്യ വൈഫൈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ 1,500 റെയ്ല്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനമായി.

മിനിരത്‌ന പൊതുമേഖല സ്ഥാപനമായ റെയ്ല്‍ടെലാണ് അതിവേഗവൈഫൈ പദ്ധതി നടപ്പാക്കുന്നത്. ആഗോള ടെക് ഭീമന്‍ ഗൂഗിളാണ് ഇതിന് സാങ്കേതിക പിന്തുണ നല്‍കുന്നത്. ഗൂഗിളിന്റെ ഇന്ത്യയിലെ നേതൃസ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച രാജന്‍ ആനന്ദനാണ് അവരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യന്‍ റെയ്ല്‍വേയുമായി സഹകരിക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. പദ്ധതിയുടെ വിജയത്തിന് അദ്ദേഹത്തോടും നന്ദി പറയേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ത്വരിതപ്പെടുത്തുന്നതാണ് റെയ്ല്‍വേയിലെ പുതിയ മാറ്റങ്ങള്‍.

റെയ്ല്‍വേയുടെ പ്രവര്‍ത്തങ്ങളില്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ പരമവാധി ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നത് തീര്‍ത്തും സ്വാഗതാര്‍ഹമാണ്. അടുത്തിടെയാണ് ജീവനക്കാര്‍ക്ക് വേണ്ടി മൈക്രോസോഫ്റ്റിന്റെ കൈസാല ആപ്പ് ഉപയോഗപ്പെടുത്താന്‍ റെയ്ല്‍വേ തീരുമാനമെടുത്തത്. ചാറ്റ് അധിഷ്ഠിത ആരോഗ്യപരിരക്ഷ സേവനങ്ങള്‍ റെയ്ല്‍വേ ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായിരുന്നു ഇത്. കൈസാല ആപ്പ് ഉപയോഗപ്പെടുത്തി 125 റെയ്ല്‍വേ ആശുപത്രികളുടെയും 133 സ്വകാര്യ ആശുപത്രികളുടെയും സേവനം റെയ്ല്‍വേ ജീവനക്കാര്‍ക്ക് ഉപയോഗപ്പെടുത്താം. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ പ്രമുഖരെന്ന നിലയ്ക്ക് ജീവനക്കാര്‍ക്കുള്ള ആരോഗ്യസേവന സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇതെന്നായിരുന്നു റെയ്ല്‍വേ അധികൃതര്‍ കൈസാല ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്.

മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളിലും വ്യാപകമായ മുന്നേറ്റമാണ് ഇന്ത്യന്‍ റെയ്ല്‍വേ നടത്തുന്നത്. 2018-19 സാമ്പത്തികവര്‍ഷത്തില്‍ 6000 ട്രെയ്ന്‍ കോച്ചുകള്‍ റെയ്ല്‍വേയുടെ ഫാക്റ്ററികളില്‍ നിര്‍മിച്ചതായുള്ള വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 4470 കോച്ചുകളായിരുന്നു നിര്‍മിച്ചത്. 35 ശതമാനം വര്‍ധനയാണ് കോച്ച് നിര്‍മാണത്തില്‍ പോയ വര്‍ഷമുണ്ടായത്. പാതനവീകരണം, വൈദ്യുതവല്‍ക്കരണം പോലുള്ള പദ്ധതികളും അതിവേഗത്തില്‍ നടപ്പാക്കാനാണ് റെയ്ല്‍വേയുടെ ശ്രമം. റെയ്ല്‍വേയുടെ പ്രവര്‍ത്തനരീതിയില്‍ കാതലായ മാറ്റങ്ങള്‍ വന്നതിന് ശേഷം അപകടനിരക്കു കുറഞ്ഞെന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതവും അത്യാധുനിക സംവിധാനങ്ങളുമുള്ള ഗതാഗത മാര്‍ഗമെന്ന നിലയിലേക്ക് റെയ്ല്‍വേയെ ഉയര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തന്നെയാകണം അടുത്ത സര്‍ക്കാരിന്റെയും ശ്രമം.

Categories: Editorial, Slider