ഹെപ്പറ്റൈറ്റിസ് ബാധിതരുടെ അവയവം മാറ്റാം

ഹെപ്പറ്റൈറ്റിസ് ബാധിതരുടെ അവയവം മാറ്റാം

ഹെപ്പറ്റൈറ്റിസ് സി വൈറസില്‍ നിന്ന് രോഗികളെ സംരക്ഷിക്കുന്നതിനുള്ള വഴി കണ്ടെത്തിയതായി യുഎസ് ഗവേഷകര്‍. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാളുടെ അവയവം ദാനം ചെയ്യാനുള്ള സാധ്യത വിരളമാക്കുമെന്നാണ് ഇതു വരെ കരുതിയത്. സ്വീകര്‍ത്താക്കള്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള വര്‍ധിച്ച സാധ്യതയായിരുന്നു പ്രശ്‌നം. എന്നാല്‍ സ്വീകര്‍ത്താക്കളെ രോഗബാധയില്‍ നിന്നു സംരക്ഷിക്കാനുള്ള ചെലവു കുറഞ്ഞ ചികില്‍സാരീതികള്‍ ബോസ്റ്റണ്‍ ബ്രിംഗാം ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ വിജയകരമായി പരീക്ഷിച്ചതോടെയാണ് വലിയൊരു മാറ്റത്തിനു തുടക്കമിടാനാകുന്നത്. അവയവദാനവുമായി ബന്ധപ്പെട്ട ഏറ്റവും ശുഭോദര്‍ക്കമായ വാര്‍ത്തയാണിത്. ഇതുവരെ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ അവയവങ്ങള്‍ അതേ രോഗബാധിതരില്‍ മാത്രമാണ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ 2016 ല്‍ ഹെപ്പറ്റൈറ്റിസ് ചികില്‍സയെ സഹായിക്കുന്ന ശക്തമായ പുതിയ മരുന്നുകള്‍ കണ്ടുപിടിച്ചതോടെ വൈറസ് ബാധിതരുടെ വൃക്കകള്‍ രോഗികളല്ലാത്തവരില്‍ മാറ്റിവെച്ചു. രോഗികള്‍ അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നപക്ഷം അവര്‍ക്ക് മൂന്നുമാസം പുതിയ മരുന്നുകള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം, പെന്‍സില്‍വാനിയ, ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലകള്‍ നടത്തിയ പഠനത്തില്‍ രോഗികള്‍ ഹെപ്പറ്റൈറ്റിസ് രോഗമുക്തരായെന്നു മാത്രമല്ല, പുതിയ വൃക്കകള്‍ സ്വകര്‍ത്താക്കളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ഫെബ്രുവരിയില്‍, ഹെപ്പറ്റൈറ്റിസ് സി-വൈറസ് ബാധിതരായ ഹൃദയം സ്വീകരിച്ച 10 പേരെ മൂന്നു മാസത്തെ ചികില്‍സ ഭേദമാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരാള്‍ മരിച്ചെങ്കിലും മറ്റുള്ളവരിലെല്ലാം അവയവം നല്ലരീതിയില്‍ പ്രതികരിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഡോക്റ്റര്‍മാര്‍ ചികില്‍സാരീതിയില്‍ ഒരു ചെറിയ മാറ്റം വരുത്തി. ഹെപ്പറ്റൈറ്റിസ് സി അണുബാധ തടയുന്നതിനുള്ള മരുന്ന് ഒരു മാസം കഴിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ 69 സ്വീകര്‍ത്താക്കളില്‍ പകുതിയിലേറെ പേരിലും നല്ല രീതിയില്‍ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മനസിലാക്കാനായി അവയവമാറ്റം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഹെപ്പറ്റൈറ്റിസ് സിയുടെ ലക്ഷണങ്ങള്‍ ആരിലും കാണാനായില്ല.

Comments

comments

Categories: Health