ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പു വരുത്താന്‍ കമ്പനികള്‍

ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പു വരുത്താന്‍ കമ്പനികള്‍

ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ടി കമ്പനികള്‍ ശില്‍പ്പശാലകളും ചികില്‍സാ പദ്ധതികളും അവതരിപ്പിക്കുന്നു

ഇന്ന് ലോകമെമ്പാടുമുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ ശ്രദ്ധ ചെലുത്തുന്ന ഒരു കാര്യമാണ് ജീവനക്കാരുടെ മാനസികാരോഗ്യം. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകവും ഇക്കാര്യത്തില്‍ പിന്നിലല്ല. വ്യവസായരംഗത്തെ അസ്വസ്ഥത, പ്രകടനവുമായി ബന്ധപ്പെട്ട സമ്മര്‍ദം, തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കകള്‍, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ജീവനക്കാരെ ബാധിക്കുന്നു. ആശങ്ക, പരിഭ്രാന്തി, വികാരവിക്ഷോഭങ്ങള്‍ എന്നിവയിലേക്കാണ് ഇത് തൊഴിലാളികളെ കൊണ്ടുചെന്ന് എത്തിക്കുന്നത്.

അക്‌സഞ്ചര്‍, അമേരിക്കന്‍ എക്‌സ്പ്രസ് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകളായ ഓയോ, ജെറ്റ്‌സിന്തസ്സിസ് തുടങ്ങിയവ വരെ ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ നിക്ഷേപിക്കുന്നു. സീനിയര്‍ മാനേജ്‌മെന്റിനായുള്ള അതിവൈകാരികത കൈകാര്യം ചെയ്യാനുള്ള പരിപാടികള്‍ മുതല്‍ മാനേജര്‍മാരുടെ പരിശീലനപദ്ധതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ക്ക്‌ഷോപ്പുകള്‍, കാംപെയ്‌നുകള്‍, മൊബീല്‍ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുക, ആര്‍ട്ട് തെറാപ്പി തുടങ്ങിയ വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താറുണ്ടെന്ന് എച്ച്ആര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് ജീവനക്കാരുടെ ശാരീരികാരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ രണ്ടു വര്‍ഷങ്ങളായി കമ്പനി ജീവനക്കാരുടെ മാനസികാരോഗ്യത്തിലേക്ക് ശ്രദ്ധ മാറ്റിയതായി വണ്‍ ടു വണ്‍ ഹെല്‍പ് ഡോട്ട് നെറ്റ് എന്ന കമ്പനിയുടെ ഡയറക്റ്റര്‍ അര്‍ച്ചന ബിഷ്ത് പറയുന്നു. ഇന്ത്യന്‍ തൊഴില്‍ദാതാക്കള്‍ തിരിച്ചറിഞ്ഞ പ്രധാന തൊഴിലാളി പ്രശ്‌നങ്ങളിലൊന്ന് മാനസിക സമ്മര്‍ദ്ദമാണ്. 11% കൗണ്‍സിലിംഗ് കേസുകളും ആത്മഹത്യാമുനമ്പിലുള്ളവരെ തിരിച്ചു കൊണ്ടുവരുന്നതിനാണെന്നാണു കണ്ടെത്തല്‍.

വില്ലിസ് ടവേഴ്‌സ് വാട്ടണ്‍ നടത്തിയ ഒരു പഠന പ്രകാരം രാജ്യത്തെ 80 ശതമാനം കമ്പനികളും കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുറഞ്ഞത് ഒരു നടപടിയെങ്കിലും എടുത്തിരുന്നതായി കണ്ടെത്തി. കൂടുതല്‍ കമ്പനികള്‍ ഒരു ടോപ്-ഡൗണ്‍ സമീപനമാണ് സ്വീകരിക്കുന്നത്. അതായത് കമ്പനി നേതൃത്വത്തിന് തൊഴിലാളിയുടെ ആരോഗ്യക്ഷേമപരിപാടികള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത മനസിലായിരിക്കുന്നുവെന്നര്‍ത്ഥം.

അമേരിക്കന്‍ എക്‌സ്പ്രസ്സ് പോലെയുള്ള ചില കമ്പനികള്‍ ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ക്കു രൂപം കൊടുത്തിരിക്കുന്നു. ജീവനക്കാരുടെ മാനസികസമ്മര്‍ദ്ദങ്ങള്‍ തരണം ചെയ്യാന്‍ കമ്പനി ഒരു മനശാസ്ത്രജ്ഞന്റെ സേവനം ഉറപ്പു വരുത്തിയിരിക്കുന്നു. അദ്ദേഹം ഒരു ഗ്രൂപ്പ് സെഷനിലൂടെ മാനസികസമ്മര്‍ദ്ദം കുറച്ച് തൊഴില്‍ ജീവിതവുമായുള്ള ഒരു സംതുലനാവസ്ഥ സാധ്യമാക്കാന്‍ സഹായിക്കുന്നു. ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൗണ്‍സലിംഗ് ഹെല്‍പ്പ്‌ലൈന്‍ നടത്തുന്ന കമ്പനികളുമുണ്ട്.

ക്ലൗഡ് ഡാറ്റ സേവന ദാതാവ് നെറ്റ് ആപ്പ് മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുള്ള പദ്ധതിയാണു ജീവനക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഒരു തുറന്ന സംഭാഷണത്തിലൂടെ ബോധവല്‍ക്കരണത്തിലേക്കും അത് ഉയര്‍ത്തുന്ന ഒരു മികച്ച അന്തരീക്ഷം അവര്‍ക്ക് നല്‍കുന്നതിനുമാണ് ശ്രദ്ധിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ സഹായം തേടാന്‍ ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലുള്ള പദ്ധതിയാണിത്. ഇപ്പോള്‍ ജീവനക്കാരുടെ സഹായസേവനങ്ങള്‍ക്കായി സമീപിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ ആണ്ടോടാണ്ട് 35 ശതമാനത്തിന്റെ വളര്‍ച്ച കാണുന്നതായി അര്‍ച്ചന ചൂണ്ടിക്കാട്ടുന്നു.

യോഗയും ധ്യാനവും സംബന്ധിച്ച് പല കമ്പനികളും സെഷനുകള്‍ അവതരിപ്പിക്കുന്നതായി വില്ലിസ് ടവേഴ്‌സ് വാട്ടണ്‍ വക്താക്കള്‍ അറിയിക്കുന്നു. അടുത്തിടെയാണ് ഇന്‍ഫോസിസ് ഒരു വെല്‍നസ് പോര്‍ട്ടലിനു രൂപം നല്‍കിയത്. ആരോഗ്യ, ക്ഷേമ സംവിധാനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണ പ്രക്രിയയിലൂടെ ഇന്‍ഫോസിസ്, ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏതുസമയവും എവിടേയ്ക്കും എത്തിച്ചേരാനാകുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നു.

മൈക്രോസോഫ്റ്റ് കൈസാലയുടെ പങ്കാളിത്തത്തോടെ ജീവനക്കാര്‍ക്ക് ചികില്‍സാസേവനം നല്‍കുന്ന പദ്ധതി ഇന്ത്യന്‍ റെയില്‍വേയും ആരംഭിച്ചിരിക്കുന്നു. മൈക്രോസോഫ്റ്റ് കൈസാല ആപ്പ് വഴി റെയില്‍വേ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും രാജ്യത്തെ 125 റെയില്‍വേ ആശുപത്രികളിലും 133 അംഗീകൃത സ്വകാര്യ ആശുപത്രികളിലും സേവനം തേടാന്‍ കഴിയും. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ഡോക്റ്റര്‍മാരുടെ നേതൃത്വത്തിലുള്ള വൈദ്യ നിര്‍ദേശങ്ങളും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും നേഴ്‌സുമാരുടെയും സേവനമാണ് ലഭിക്കുക.

Comments

comments

Categories: Health