ജാവ, ജാവ ഫോര്‍ട്ടി ടു ഇന്ധനക്ഷമത പ്രഖ്യാപിച്ചു

ജാവ, ജാവ ഫോര്‍ട്ടി ടു ഇന്ധനക്ഷമത പ്രഖ്യാപിച്ചു

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 37.5 കിലോമീറ്ററാണ് ഇന്ധനക്ഷമത

ന്യൂഡെല്‍ഹി : ജാവ, ജാവ ഫോര്‍ട്ടി ടു മോട്ടോര്‍സൈക്കിളുകളുടെ ഇന്ധനക്ഷമതാ കണക്കുകള്‍ പുറത്തുവിട്ടു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 37.5 കിലോമീറ്ററാണ് ഇരു ക്രൂസറുകളുടെയും ഇന്ധനക്ഷമത. എന്നാല്‍ യഥാര്‍ത്ഥ റൈഡിംഗ് സാഹചര്യങ്ങളില്‍ ഈ കണക്കുകളില്‍ മാറ്റം വന്നേക്കാം. 14 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. മുഴുവനായി ഇന്ധനം നിറച്ചാല്‍ 500 കിലോമീറ്ററോളം യാത്ര ചെയ്യാന്‍ കഴിയും. ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്തേകുന്ന എന്‍ജിന്റെ മറ്റൊരു വേര്‍ഷന്‍ ഉപയോഗിക്കുന്ന മഹീന്ദ്ര മോജോയുടെ ഇന്ധനക്ഷമത 30-33 കിലോമീറ്ററാണ്.

293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവ, ജാവ 42 ബൈക്കുകള്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 28 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് അടിസ്ഥാന സുരക്ഷാ സംവിധാനമാണെങ്കില്‍ ഡുവല്‍ ചാനല്‍ എബിഎസ് ഓപ്ഷണലാണ്.

മാര്‍ച്ച് 30 നാണ് മോട്ടോര്‍സൈക്കിളുകളുടെ ഡെലിവറി ആരംഭിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ജാവ ബൈക്കുകള്‍ വിറ്റുതീര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ കഴിയില്ലെങ്കിലും രാജ്യത്തെ 77 നഗരങ്ങളിലെ 95 ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിളുകള്‍ ബുക്ക് ചെയ്യാം. മൂന്നാമത്തെ മോഡലായ ജാവ പെരാക് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് ഇന്ത്യയില്‍ ജാവ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിച്ചത്.

Comments

comments

Categories: Auto
Tags: Jawa, Jawa 42