നുജൂദ്, നീയൊരു അസാധാരണ പെണ്കു ട്ടിയാണ്

നുജൂദ്, നീയൊരു അസാധാരണ പെണ്കു ട്ടിയാണ്

ഈ ഭൂമിയില്‍ ഏറ്റവും സുന്ദരമായതെന്താണ്? അത് സ്വാതന്ത്ര്യം തന്നെയല്ലേ? തന്റെ ചിറകുകള്‍ ഉപയോഗിച്ച് പക്ഷിക്ക് പറക്കുവാനുള്ള സ്വാതന്ത്ര്യം, ജലാശയങ്ങളില്‍ നീന്തിത്തുടിക്കുവാന്‍ മത്സ്യങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, തങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാന്‍ മനുഷ്യനുള്ള സ്വാതന്ത്ര്യം…സഹജീവികള്‍ക്ക് അസുഖകരമല്ലാത്ത ഏത് സ്വാതന്ത്ര്യവും വിലമതിക്കപ്പെടേണ്ടതാണ്, ബഹുമാനിക്കപ്പെടേണ്ടതാണ്

”എനിക്ക് ജഡ്ജിയെ കാണണം,” തന്റെ കറുത്ത നീണ്ട വസ്ത്രത്തില്‍ പിടിച്ചു നിന്ന മെലിഞ്ഞു കോലംകെട്ട പെണ്‍കുട്ടിയെ ആ സ്ത്രീ ഏതോ വിചിത്ര ജന്തുവിനെ കണ്ടതുപോലെ തുറിച്ചു നോക്കി. അവരുടെ കണ്ണുകള്‍ മുഖമാകെ മറച്ച, കറുത്ത മൂടുപടത്തില്‍ നിന്നും അത്ഭുതത്താല്‍ പുറത്തേക്ക് തള്ളിവന്നു. നന്നേ ചെറിയൊരു പെണ്‍കുട്ടി കോടതിയിലേക്ക് കടന്നു വരിക, ജഡ്ജിയെ കാണണമെന്ന് ഉറക്കെ പറയുക… അവരുടെ അമ്പരപ്പ് മാറുന്നില്ല.

അവളുടെ മുഖഭാവം, ജഡ്ജിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ അവരെ പ്രേരിപ്പിച്ചു. ജഡ്ജി തന്റെ തലതാഴ്ത്തി അവളോട് സൗമ്യമായി ചോദിച്ചു ”നിനക്ക് എന്ത് വേണം?”. ”എനിക്ക് വിവാഹമോചനം വേണം,” അവള്‍ മറുപടി പറഞ്ഞു. ജഡ്ജി ഞെട്ടിത്തരിച്ചു നിന്നു. കേവലം പത്ത് വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടിവന്ന് വിവാഹമോചനം ആവശ്യപ്പെടുക. യെമന്‍ എന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവം; ഒരു പക്ഷേ ലോകചരിത്രത്തില്‍ തന്നെയും.

അവള്‍ പത്താം വയസില്‍ വിവാഹിതയായതാണ്. യെമനില്‍ സ്ത്രീകളുടെ വിവാഹപ്രായം പതിനഞ്ച് വയസാണ്. പിതാവ് വരനെ നിശ്ചയിക്കും. അവര്‍ തീരുമാനിക്കുന്ന സമയത്ത് വിവാഹം നടക്കും. പെണ്‍കുട്ടികള്‍ക്ക് ആ തീരുമാനങ്ങള്‍ അനുസരിച്ചേ മതിയാകൂ; അതാണ് നാട്ടുനടപ്പ്. തികച്ചും ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അവള്‍ വെറും പത്താം വയസില്‍ മൂന്നിരട്ടി പ്രായമുള്ള ഒരാളുടെ വധുവായി മാറി.

കളിപ്പാട്ടങ്ങള്‍ക്കിടയില്‍ കഴിയേണ്ട, കൂട്ടുകാരുമായി കളിച്ചു നടക്കേണ്ട പ്രായത്തില്‍ അവള്‍ അയാളുടെ കാമപ്പേക്കൂത്തുകള്‍ക്ക് വിധേയയായി. എതിര്‍ത്തപ്പോള്‍ അയാള്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. ഭര്‍ത്തൃ കുടുംബത്തിലെ പണികള്‍ മുഴുവന്‍ അവള്‍ക്ക് ചെയ്തു തീര്‍ക്കേണ്ടതായി വന്നു. അവളോട് കരുണയുള്ള ഒരാള്‍ പോലും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. നിസ്സഹായയായ ആ പെണ്‍കുട്ടിയോട് ചെയ്യാവുന്ന സകല ക്രൂരതകളും അവര്‍ ചെയ്തു.

നുജൂദ് എന്നായിരുന്നു അവളുടെ പേര്. ചരിത്രം തിരുത്തിക്കുറിച്ച ഒരു പെണ്‍കുട്ടി. തന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയവള്‍. അവളുടെ കഥ കേട്ട ന്യായാധിപന്‍ പറഞ്ഞു ”നീയൊരു അസാധാരണ പെണ്‍കുട്ടിയാണ്”. അതേ, അവള്‍ ഒരു അസാധാരണ പെണ്‍കുട്ടിയായിരുന്നു. മറ്റുള്ളവര്‍ വിധിയെ പഴിച്ച് കഴിഞ്ഞു കൂടുമ്പോള്‍ തന്റെ സ്വാതന്ത്ര്യം പൊരുതി നേടാനിറങ്ങിയവള്‍. വെറും പത്തു വയസുള്ള അസാധാരണക്കാരിയായ ഒരു പെണ്‍കുട്ടി.

നിയമ പോരാട്ടത്തിനൊടുവില്‍ നുജൂദിന് വിവാഹമോചനം ലഭിച്ചു. തന്നെ ചുറ്റിയിരുന്ന പാരതന്ത്ര്യത്തിന്റെ വിലങ്ങുകളില്‍ നിന്നും അവള്‍ മോചിതയായി. ഭര്‍ത്തൃ ഗൃഹത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ആരുമറിയാതെ അസ്തമിക്കേണ്ടിയിരുന്ന ആ സ്ത്രീജന്മം ആഗോള സ്ത്രീ വിമോചനത്തിന്റെ പ്രതീകമായി മാറി. തങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക് അവള്‍ പ്രചോദനമായി. നുജൂദ് ചിലപ്പോള്‍ ലോകത്തില്‍ തന്നെ വിവാഹമോചനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാവാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുജൂദിന്റേത് പോലെ സ്വാതന്ത്ര്യത്തിനായി നിരവധി പോരാട്ടങ്ങള്‍ നടക്കുന്നുണ്ടാവാം. മതത്തിന്റെ, യാഥാസ്ഥിതികതയുടെ, സാമൂഹ്യ നിയമങ്ങളുടെ ചട്ടക്കൂടുകളില്‍ സ്ത്രീകളെ അടിമകളാക്കുന്ന വ്യവസ്ഥിതി ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. സ്ത്രീ അബലയും അടിമയുമാണ് എന്ന് കരുതുന്ന പ്രാകൃതരായ വംശങ്ങളുടെ ചിന്താഗതികള്‍ ചില പരിഷ്‌കൃത സമൂഹങ്ങളിലും നിലനില്‍ക്കുന്നു. കുരുക്കുകളില്‍ അകപ്പെടുന്നവര്‍ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ഭയപ്പെടുന്നു. നുജൂദ് എന്ന പെണ്‍കുട്ടി വ്യത്യസ്തയാകുന്നത് അവിടെയാണ്.

ഈ ഭൂമിയില്‍ ഏറ്റവും സുന്ദരമായതെന്താണ്? അത് സ്വാതന്ത്ര്യം തന്നെയല്ലേ? തന്റെ ചിറകുകള്‍ ഉപയോഗിച്ച് പക്ഷിക്ക് പറക്കുവാനുള്ള സ്വാതന്ത്ര്യം, ജലാശയങ്ങളില്‍ നീന്തിത്തുടിക്കുവാന്‍ മത്സ്യങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, തങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാന്‍ മനുഷ്യനുള്ള സ്വാതന്ത്ര്യം… അങ്ങനെ നോക്കുമ്പോള്‍ പ്രപഞ്ചത്തിലെ ഓരോ ജീവനും സ്വാതന്ത്ര്യമുണ്ട്. സഹജീവികള്‍ക്ക് അസുഖകരമല്ലാത്ത ഏത് സ്വാതന്ത്ര്യവും വിലമതിക്കപ്പെടേണ്ടതാണ്, ബഹുമാനിക്കപ്പെടേണ്ടതാണ്.

പോരാടാന്‍ മനസും ഊര്‍ജവും നഷ്ടപ്പെട്ടവര്‍ക്കിടയില്‍, വിശപ്പകറ്റാന്‍ സ്വാതന്ത്ര്യത്തെ വിറ്റവര്‍ക്കിടയില്‍, ഭയം അടിമകളാക്കിയവര്‍ക്കിടയില്‍, വിധിയെ പഴിച്ച് കഴിഞ്ഞുകൂടുന്നവര്‍ക്കിടയില്‍ നുജൂദ് വ്യത്യസ്തയാകുന്നത് അതുകൊണ്ടാണ്. തന്റെ സ്വാതന്ത്ര്യത്തിന് മറ്റെന്തിനെക്കാളും വിലമതിക്കുന്നവള്‍. കൈകാലുകള്‍ ചങ്ങലക്കിട്ട് ജീവിക്കുന്ന ഓരോരുത്തരോടും അവള്‍ നിശബ്ദയായി പറയുന്നത് ഇതാണ് ”പോരാടുക. വിജയം വരിക്കുവോളം.”

Categories: FK Special, Slider