ഹ്യുണ്ടായ് ക്രെറ്റ ഇഎക്‌സ് വേരിയന്റ് പുറത്തിറക്കി

ഹ്യുണ്ടായ് ക്രെറ്റ ഇഎക്‌സ് വേരിയന്റ് പുറത്തിറക്കി

കോംപാക്റ്റ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് തൊട്ടുമുകളിലാണ് പുതിയ വേരിയന്റിന് സ്ഥാനം

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇഎക്‌സ് വേരിയന്റാണ് പുറത്തിറക്കിയത്. കോംപാക്റ്റ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് തൊട്ടുമുകളിലാണ് പുതിയ ഇഎക്‌സ് വേരിയന്റിന് സ്ഥാനം. ഹ്യുണ്ടായ് ക്രെറ്റ ഇഎക്‌സ് വേരിയന്റ് പെട്രോള്‍ വകഭേദത്തിന് 10.84 ലക്ഷം രൂപയും ഡീസല്‍ വകഭേദത്തിന് 10.99 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കോംപാക്റ്റ് എസ്‌യുവിയാണ് ഹ്യുണ്ടായ് ക്രെറ്റ. പ്രതിമാസം പതിനായിരത്തോളം യൂണിറ്റ് ക്രെറ്റയാണ് വില്‍ക്കുന്നത്.

1.6 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, 4 സിലിണ്ടര്‍ എന്‍ജിനാണ് ഹ്യുണ്ടായ് ക്രെറ്റ ഇഎക്‌സ് പെട്രോള്‍ വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 121 ബിഎച്ച്പി കരുത്തും 151 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തിരിക്കുന്നു. അതേസമയം 1.4 ലിറ്റര്‍ എന്‍ജിനാണ് ഹ്യുണ്ടായ് ക്രെറ്റ ഇഎക്‌സ് ഡീസല്‍ വേരിയന്റ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍ തന്നെയാണ് ട്രാന്‍സ്മിഷന്‍. രണ്ട് എന്‍ജിനുകളുടെയും മാന്വല്‍ ട്രാന്‍സ്മിഷന്‍ എസ്‌യുവിയുടെ മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നു.

ഹ്യുണ്ടായ് ക്രെറ്റ ഇ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം മുന്നില്‍ ഫോഗ് ലാംപുകള്‍, പിന്‍ സീറ്റുകളില്‍ ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകള്‍, പിന്‍നിരയില്‍ കപ്പ് ഹോള്‍ഡര്‍ സഹിതം ആംറെസ്റ്റ് എന്നിവ ഇഎക്‌സ് വേരിയന്റ് സംബന്ധിച്ച പ്രധാന സവിശേഷതകളാണ്. 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ & ഫോണ്‍ കണ്‍ട്രോളുകള്‍, രണ്ട് സ്പീക്കറുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോയന്റ്, റിവേഴ്‌സ് കാമറ എന്നിവ ഇഎക്‌സ് വേരിയന്റിലെ മറ്റ് ചില പ്രധാന സവിശേഷതകളാണ്. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ക്രെറ്റ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറക്കിയത്. വയര്‍ലെസ് ചാര്‍ജിംഗ്, ഇലക്ട്രിക് സണ്‍റൂഫ്, സ്മാര്‍ട്ട്ബാന്‍ഡ് അധിഷ്ഠിത ലോക്ക്/അണ്‍ലോക്ക് സംവിധാനം എന്നിവയാണ് അന്ന് എസ്‌യുവിയില്‍ നല്‍കിയത്.

Comments

comments

Categories: Auto