കോംഗോയില്‍ എബോള മരണസംഖ്യ 600

കോംഗോയില്‍ എബോള മരണസംഖ്യ 600

ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള വൈറസ് ബാധയെത്തുടര്‍ന്ന് ഇതേവരെ 629 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2014 മുതല്‍ എബോള പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 11,000 പേരാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് 1,941 എബോള കേസുകള്‍ പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. എബോള ചികില്‍സാ കേന്ദ്രങ്ങളില്‍ പരിചരണം ലഭിച്ച ചില 338 രോഗികളെ ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും ഐക്യരാഷ്ട്രസംഘനാ വക്താവ് സ്റ്റെഫാനെ ഡുജാറിക് വ്യക്തമാക്കി. രാജ്യത്ത് എബോള ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ദുരിതബാധിതമായ സാഹചര്യങ്ങളും വെല്ലുവിളി നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളുമാണ് രോഗം അടിച്ചമര്‍ത്തുന്നതിനു വിഘാതമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. എബോള ചികില്‍സാ കേന്ദ്രങ്ങള്‍ക്കെതിരേ നിരവധി ആക്രമണങ്ങള്‍ ഈയിടെ നടന്നു. എബോളയെപ്പറ്റിയുള്ള പ്രദേശവാസികളുടെ അജ്ഞതയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസം.

ലോകാരോഗ്യസംഘടനയുടെ പ്രതിരോധ വാക്‌സിന്‍ പദ്ധതിയിലൂടെ ആദ്യമായി 76,425 പേരെ രോഗത്തില്‍ നിന്നു സംരക്ഷിക്കാന്‍ കഴിഞ്ഞത് വലിയൊരു ആശ്വാസമാണ്. ആയിരക്കണക്കിന് മരണങ്ങള്‍ ഇതിലൂടെ തടയാനാായെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. അയല്‍രാജ്യങ്ങളിലേക്ക് പകര്‍ച്ചവ്യാധി പടരുന്നതിനെ ഞങ്ങള്‍ തടഞ്ഞുവെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ പറയുന്നു. 1976 ല്‍ സുഡാനിലും കോംഗോയിലുമാണ് എബോള പ്രത്യക്ഷപ്പെട്ടത്. പനി, ഗുരുതരമായ തലവേദന, ഹെമറേജിംഗ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് എബോള. രോഗബാധിത ജീവിയുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് രോഗം ബാധിച്ച ചിമ്പാന്‍സി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാല്‍ എന്നിവയിലൂടെയാണ്. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പര്‍ശനത്തിലൂടെയും രോഗാണുക്കള്‍ പകരാം. ശരീരത്തിലെ മുറിവുകള്‍, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.

Comments

comments

Categories: Health
Tags: Congo, Ebola