ക്ലെയിം തുക തവണകളായി നേടാന്‍ അവസരം, കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ക്ലെയിം തുക തവണകളായി നേടാന്‍ അവസരം, കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ഏപ്രില്‍ 17 വരെയാണ് കരടില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമുള്ളത്

ന്യൂഡെല്‍ഹി: ക്ലൈമുകളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുക തവണകളായി സ്വീകരിക്കാന്‍ പോളിസി ഉടമകള്‍ക്ക് അവസരം നല്‍കുന്നത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ( ഐആര്‍ഡിഎഐ) പരിഗണിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് എന്നിവയില്‍ ഈ അവസരം ലഭ്യമാക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം പഠിക്കുന്നതിന് ഐആര്‍ഡിഎഐ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഈ നടപടിക്കായുള്ള കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ഐആര്‍ഡിഎഐ. ഇതിന്‍ മേല്‍ വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സമാഹരിച്ചതിനു ശേഷമായിരിക്കും അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. അപകടം സംഭവിക്കുകയോ രോഗബാധിതനാകുകയോ ചെയ്ത പോളിസി ഉടമയ്ക്ക് ഒരു നിശ്ചിത കാലയവിലേക്ക് നിശ്ചിത വരുമാനം ഉറപ്പുവരുത്താന്‍ ക്ലെയിം തുക തവണകളായി നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ് ഐആര്‍ഡിഎഐ വിലയിരുത്തിയിട്ടുള്ളത്.

ഈ അവസരം പോളിസി ഉടമകള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു നടപടിക്രമം കമ്പനികള്‍ തയാറാക്കേണ്ടതുണ്ട്. പോളിസിയുടെ വില്‍പ്പന മുതലുള്ള വിവിധ ഘട്ടങ്ങളില്‍ ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും ഐആര്‍ഡിഎഐ കരുതുന്നു. ക്ലെയിം തുകയുടെ നിശ്ചിത ശതമാനം ഒരുമിച്ച് നല്‍കുകയും ബാക്കിയുള്ള തുക ഒരു നിശ്ചിത കാലയളവില്‍ തവണകളായി നല്‍കുകയും ചെയ്യുന്ന തരത്തിലും ഉല്‍പ്പന്നങ്ങള്‍ ക്രമീകരിക്കാവുന്നതാണെന്ന് കരട് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഒരുമിച്ച് നല്‍കുന്ന തുകയേക്കാള്‍ ഉയര്‍ന്നതായിരിക്കണം തവണകളായി നല്‍കുന്ന മൊത്തം തുക എന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ക്ലൈയിം നല്‍കി തീര്‍ക്കുന്നതിനുള്ള പരമാവധി കാലാവധി അഞ്ചു വര്‍ഷമായി നിജപ്പെടുത്തണമെന്നാണ് കരടില്‍ ഉള്ളത്. ക്ലെയിം തുക തവണകളായിട്ടാണെങ്കിലും അല്ലെങ്കിലും പ്രീമിയം തുകയില്‍ വ്യത്യാസമുണ്ടാകരുത്. ഈ അവസരവുമായി ബന്ധപ്പെട്ട് പോളിസി രേഖകളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ലളിതമായിരിക്കണമെന്നും കൃത്യമായി ഉപഭോക്താക്കളോട് വിശദീകരിക്കണമെന്നും കരട് നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 17 വരെയാണ് കരടില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമുള്ളത്.

Comments

comments

Categories: FK News
Tags: insurance

Related Articles